‘Sneha Veedu’ Built by IOC (UK) Peterborough Unit Presented to a Homeless Family in Kerala

Posted by

ഭവനരഹിത കുടുംബത്തിന് ഐ ഒ സി (യു കെ)– പീറ്റർബൊറോ യൂണിറ്റ് നിർമിച്ചു നൽകിയ ‘സ്‌നേഹ വീടി’ന്റെ താക്കോൽ ദാനം വി ഡി സതീശൻ എം എൽ എ നിർവഹിച്ചു; ധനശേഖരണത്തിനായി ചെറിയ സമ്പാദ്യം മുതൽ ‘ബിരിയാണി ചലഞ്ച്’ വരെ

(റോമി കുര്യാക്കോസ്)

യു കെയിലെ പ്രവാസ മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും മാതൃകയുമായിരിക്കുകയാണ്  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി -യു കെ) കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയും പീറ്റർബൊറോ യൂണിറ്റും.

എറണാകുളം ജില്ലയിലെ പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ പീറ്റർബോറോ യൂണിറ്റ് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ മാർച്ച്‌ 14ന് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ കൈമാറിയപ്പോൾ യു കെയിലെ പ്രവാസ സംഘടനാ പ്രവർത്തന രംഗത്ത് സ്നേഹത്തിന്റെയും കരുണയുടെയും ഒത്തൊരുമയുടെയും പുതിയൊരു അധ്യായം കൂടി എഴുതി ചേർക്കുകയായിരുന്നു.

 

സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനമെന്ന ആ കുടുംബത്തിന്റെ സ്വപ്നം സുഹൃത്തുക്കൾ മുഖേന അറിഞ്ഞ ഐ ഓ സി (യു കെ) – പീറ്റർബോറോ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സിബി അറക്കൽ കുടുംബത്തിന്റെ സാഹചര്യം യൂണിറ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തുകയും പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും വേഗം വീട് നിർമാണം പൂർത്തിയാക്കി കുടുംബത്തിന് കൈമാറാൻ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ഏകോപിപ്പിക്കുകയായിരുന്നു.

‘സ്നേഹവീടി’ന്റെ തറക്കല്ലിടീൽ കർമ്മം ഓഗസ്റ്റ് 19ന് ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ്‌ റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ്, കോൺഗ്രസ്‌ നേതാവ് നവാസ്, എന്നിവരുടെ സാന്നിധ്യത്തിൽ ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ നിർവഹിച്ചിരുന്നു.

ഐ ഓ സി പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസുകളുടെ പിന്തുണ തേടിയും ‘ബിരിയാണി ചലഞ്ച്’ പോലുള്ള പദ്ധതികൾ സംഘടിപ്പിച്ചുമാണ് കുട്ടികൾ അടക്കമുള്ള പറവൂരിലെ ആ ഭവനരഹിത കുടുബത്തിന് നിർഭയം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിനായുള്ള പണം കണ്ടെത്തിയത്. പീറ്റർബോറോയിലെ നാട്ടുകാരുടെയും ഐ ഓ സി യൂണിറ്റ് ഭാരവാഹികൾ – അംഗങ്ങൾ എന്നിവരുടെയും ഉത്സാഹപൂർണ്ണമായ പങ്കാളിത്തവും സഹായ സഹകരണവുമാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവും സാക്ഷാത്കരിക്കാൻ സഹായിച്ചത്.

ഐ ഓ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് , ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ്‌ റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് – പ്രസിഡന്റ്‌ ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ,ഡിനു എബ്രഹാം, കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു എന്നിവരാണ് ഈ സ്വപ്നപദ്ധതിയുടെ നേതൃനിരയിൽ പ്രവർത്തിച്ചത്.

ജീവകാരുണ്യ രംഗത്ത് മാതൃകയായി മുന്നേറുന്ന ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ, പ്രവാസികളുടെ സ്‌നേഹവും കരുതലും സമൂഹത്തിന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിലാണ് എന്നും മുൻ‌തൂക്കം നൽകുന്നതെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രതീക്ഷയും മാനുഷികതയും പകർന്നുകൊണ്ട് ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും അതിനായി കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജിയനുകകളും എന്നും ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.