മലയാളി നഴ്സിന്റെ സംഗീതആലാപന പ്രവേശനത്തിന് പ്രണയവും വിരഹവും പാതയാകുന്നു. യുകെ മലയാളി നഴ്‌സും എഴുത്തുകാരിയുമായ രശ്മി പ്രകാശ് ആലാപനരംഗത്ത് ഹരിശ്രീ കുറിച്ച്, പിന്നണിഗായകൻ ജി.വേണുഗോപാൽ രചിച്ച “രാധാമാധവം” എന്ന കവിത മധുരസ്വരത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
വേണുഗോപാലിൻ്റെ ഹൃദയവേണു ക്രിയേഷൻസ് യുട്യൂബ് ചാനൽ വഴിയാണ് ‘രാധാമാധവം’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. രശ്മി തന്നെ വരികൾ കുറിച്ച കവിത അനേകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു.
2016ലാണ് രശ്മി പ്രകാശ് രാധാമാധവത്തിനു വേണ്ടി വരികൾ കുറിച്ചത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന മൾട്ടി ലിങ്ക്വൽ കവി സമ്മേളനത്തിൽ വച്ച് കവിത അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളെ പ്രതിനിധീകരിച്ച് എത്തിയവർ കവിത കേട്ട് രശ്മിയെ പ്രശംസിച്ചു. അതൊരു വലിയ അംഗീകാരമായിരുന്നു. വിവിധ ഭാഷകളിൽ നിന്നുള്ള പ്രശസ്ത്‌ത കവികളുടെ മനസ്സിൽ പ്രണയവും വിരഹവും കൊരുത്ത നൊമ്പരപ്പു മാലയായി ‘രാധാമാധവം’ മാറി.
വേണുഗോപാൽ തനിക്കു ഗുരുസ്‌ഥാനീയൻ ആണെന്നും എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്നതിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും രശ്മി പ്രകാശ് മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. സ്ത്രീകൾക്കു കലാരംഗത്തേക്ക് ഉയർന്നുവരാൻ ഇപ്പോഴും പരിമിതികളുണ്ടെന്നും തനിക്ക് ഇത്തരം കലാസൃഷ്ടികൾ സമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ മികച്ച സാഹചര്യങ്ങൾ ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നുവെന്നും രശ്മി കുട്ടിച്ചേർത്തു.
കോട്ടയം ജില്ലയിലെ കുമരകം ആണ് രശ്‌മി പ്രകാശിന്റെ സ്വദേശം. സ്‌കൂൾ കാലം മുതൽ കവിത എഴുത്തിൽ മികവ് തെളിയിച്ച രശ്മി, ഔദ്യോഗിക വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിലെത്തി. ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു നഴ്‌സിങ് ബിരുദമെടുത്ത രശ്മി, ഇപ്പോൾ യുകെയിലെ ബ്രൂംഫീൽഡ് ആശുപത്രിയിൽ കീമോതെറപ്പി നഴ്സസ് പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുന്നു.
2018 ൽ ‘ഏകം’ എന്ന കവിതാ സമാഹാരവും ‘മഞ്ഞിന്റെ വിരിയിട്ട ജാലകം’ എന്ന നോവെല്ലയും പ്രസിദ്ധീകരിച്ചു. 2019 ൽ ബ്രിട്ടിഷ് മലയാളി എഡിറ്റോറിയൽ അവാർഡും 2023 ൽ മഞ്ഞിന്റെ വിരിയിട്ട ജാലകത്തിന് സിസിലി ജോർജ് മെമ്മോറിയൽ പ്രത്യേക പുരസ്കാരവും നേടി. 2023 ൽ പുറത്തിറങ്ങിയ അൻപത്തിയൊന്ന് കവിതകളടങ്ങിയ ‘അഹം’ എന്ന കവിതാ സമാഹാരം പാലാ നാരായണൻ നായർ പുരസ്‌കാരം സ്വന്തമാക്കി.
ചെംസ്ഫോർഡിൽ ഭർത്താവ് രാജേഷ് കരുണാകരനും മകൻ ആദിത്യ തേജസിനൊപ്പമാണ് രശ്മി താമസിക്കുന്നത്.
രശ്മിയുടെ പാട്ട് കേൾക്കാൻ താഴെ ക്ലിക്ക് ചെയ്യുക.