
ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ വിപുലമായ അനുസ്മരണ സമ്മേളനങ്ങൾ
(റോമി കുര്യാക്കോസ്)
ജനകീയനും ജനപ്രീയനുമായ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ അനുസ്മരണ സമ്മേളനങ്ങളും സ്മൃതി സംഗമങ്ങളും സംഘടിപ്പിച്ചു. “നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം” എന്ന സന്ദേശമുയർത്തിയാണ് മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടികൾക്ക് തുടക്കമായത്.
ബാർൺസ്‌ലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ് അനുസ്മരണ പരിപാടികൾക്ക് തുടക്കമായത്. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജുൽ രമണൻ അനുസ്മരണ സന്ദേശം നൽകി. വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ് വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി ദീപം തെളിയിക്കുകയും അദ്ദേഹത്തിന്റെ ജനസേവന ജീവിതത്തെ അനുസ്മരിക്കുകയും ചെയ്തു.
തുടർന്ന് പ്രസ്റ്റൺ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, ബ്ലാക്ക്പൂൾ, കവൻട്രി, പീറ്റർബറോ, നോർത്താംപ്ടൺ, വുൾവർഹാംപ്ടൺ, ആഷ്ടൺ അണ്ടർ ലൈൻ എന്നിവിടങ്ങളിലായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങൾ നടന്നു. ലെസ്റ്റർ യൂണിറ്റിന്റെ പരിപാടി ഏറ്റുമാനൂർ എം.എൽ.എയും കോട്ടയം ഡി.സി.സി. പ്രസിഡന്റുമായ നാട്ടകം സുരേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജയ് ജ്യൂവൽ കുര്യാക്കോസ് ചടങ്ങിൽ പങ്കെടുത്തു. ലിവർപൂൾ യൂണിറ്റിന്റെ സമ്മേളനം റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു.
ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും ജനറൽ സെക്രട്ടറി റോമി കുര്യാക്കോസും വിവിധ പരിപാടികളിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും, സാധാരണക്കാരോടുള്ള കരുതലും, അധികാരത്തിലിരുന്നപ്പോഴും നിലനിർത്തിയ ലാളിത്യവും കേരളത്തിന്റെ പൊതുജീവിതത്തിന് നൽകിയ മാതൃകയും അവർ അനുസ്മരണ സന്ദേശങ്ങളിൽ എടുത്തുപറഞ്ഞു.
ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്മൃതി സംഗമം ശ്രദ്ധേയമായി. യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവർ ഉമ്മൻ ചാണ്ടിയുടെ ജനസേവനത്തിന്റെയും മാനുഷിക സമീപനത്തിന്റെയും അനശ്വര സ്മരണകൾ പങ്കുവെച്ചു.
ഉമ്മൻ ചാണ്ടിയുടെ സമകാലികനും അടുത്ത സുഹൃത്തുമായിരുന്ന തമ്പി ജോസ് തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചത് ചടങ്ങിന് വൈകാരികത പകർന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ ടോം ജോസ് തടിയൻപാട് ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വത്തെയും ജനങ്ങളുമായുള്ള ആത്മബന്ധത്തെയും അനുസ്മരിച്ച് സംസാരിച്ചു.
ലിവർപൂൾ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ജിറിൽ ജോർജ് സ്വാഗതവും റോയ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. പീറ്റർ പൈനാടത്ത്, ജിറിൽ ജോർജ്, ജോഷി ജോസഫ്, എലിസബത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പങ്കെടുത്തവർക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
യുകെയിലെ വിവിധ യൂണിറ്റുകളിലായി നടന്ന എല്ലാ അനുസ്മരണ സമ്മേളനങ്ങളിലും ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി ദീപം തെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയും അദ്ദേഹത്തിന്റെ ജനസേവന പാരമ്പര്യം പുതുതലമുറയ്ക്ക് കൈമാറേണ്ടതിന്റെ ആവശ്യകത പങ്കെടുത്തവർ ഊന്നിപ്പറയുകയും ചെയ്തു.
ജനങ്ങളോട് എന്നും ചേർന്നുനിന്ന നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ സേവനജീവിതം കേരള രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത അധ്യായമാണെന്നും, അദ്ദേഹത്തിന്റെ കരുതലും ജനകീയതയും എന്നും പ്രചോദനമായി തുടരുമെന്നും പ്രതിജ്ഞയോടെയാണ് യുകെയിലുടനീളമുള്ള ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ അനുസ്മരണ സമ്മേളനങ്ങൾ സമാപിച്ചത്.







Leave a Reply