
യു കെ യിലെ കലാസ്നേഹികളുടെ സ്നേഹവും, പ്രോത്സാഹനവും ഏറ്റു വാങ്ങിയ, ‘7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ്’, ലണ്ടൻ മലയാളികളുടെ അഭ്യർത്ഥന മാനിച്ച് സംഗീതോത്സവത്തിന്റെ സീസൺ 9, മാർച്ച് 7 ന് ശനിയാഴ്ച്ച ഹോൺചർച്ചിൽ സംഘടിപ്പിക്കുന്നു. സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, പത്മഭൂഷൺ ഓ എൻ വി സാറിന്റെ അനുസ്മരണങ്ങൾ സംഘടിപ്പിച്ചും, പുതുമുഖ ഗായകർക്കും നർത്തകർക്കും വേദികൾ നൽകിയും, യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദദരവും, 7 ബീറ്റ്സ് വേദിയിൽ സാറിന്റെ പാവനസ്മരണക്കു മുമ്പിൽ സ്മരണാഞ്ജലിയായി അർപ്പിക്കും.
മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകരിൽ ഒരാളും നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി മലയാളികളുടെ മനസ്സിൽ ഇടം നേടിയ അന്തരിച്ച എസ് പി വെങ്കിടേഷ് മാഷിന്റെ അനുസ്മരണവും തഥവസരത്തിൽ നടത്തപ്പെടും. മെഗാ ഹിറ്റ് ചിത്രങ്ങളായ രാജാവിന്റെ മകൻ, ഇന്ദ്രജാലം, ഏകലവ്യൻ, മാഫിയ അടക്കം നിരവധി ചിത്രങ്ങൾക്ക് മികച്ച പശ്ചാത്തല സംഗീതം അദ്ദേഹം നൽകിയിരുന്നു. മലയാള സിനിമകളിലെ ഹിറ്റ് ഗാനങ്ങളായ പൂവേ പൂവേ പാലപ്പൂവേ, തൂമഞ്ഞിൻ നെഞ്ചിൽ, മഞ്ഞിൻ ചിറകുള്ള, കണ്ണാടി കൂടും കൂട്ടി അടക്കം നിരവധി ഗാനങ്ങൾക്ക് സംഗീത സംവിധാനവുമൊരുക്കിയ അനശ്വര കലാകാരനോടുള്ള സ്മരണാഞ്ജലിയും ആവും സംഗീതോത്സവ വേദി.
സീസൺ 9 നു ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ മലയാളി കൂട്ടായ്മ്മകളാവും ആഥിതേയത്വം വഹിക്കുക. സദസ്സിനു അത്ഭുതം പകരുന്ന വിവിധങ്ങളായ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടക സമിതിയുടെ കോർഡിനേറ്റർമാരായ ജോമോൻ മാമ്മൂട്ടിൽ, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം പൂർണ്ണമായി ഉപയോഗിച്ചു വരുന്നത്. സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യു കെ യിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.
7 ബീറ്റ്‌സ് സംഗീതോത്സവ സീസൺ 9 വേദിയിൽ, പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാത്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും ഹോൺചർച്ചിൽ കലാസദസ്സിനു സമ്മാനിക്കുക.
7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹോൺചർച്ച് കാമ്പ്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്കു ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. 2026 മാർച്ച് ഏഴിന് ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിമുതൽ രാത്രി പത്തുമണി വരെ നീണ്ടു നിൽക്കുന്ന സംഗീതരാവിൽ കലാസ്വാദകർക്കു തികച്ചും സൗജന്യമായിട്ടാവും പ്രവേശനം അനുവദിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Jomon Mammoottil: 07930431445
Sunnymon Mathai: 07727993229
Manoj Thomas: 07846475589
kevin konickal: 07515428149
Dr Sivakumar: 0747426997
Luby Mathew: 07886263726
Appachan Kannanchira: 07737956977
Venue: The Campion School, Wingletye Lane, Hornchurch, London, RM11 3BX







Leave a Reply