കലയും ആവേശവും കൈകോർക്കുന്ന വേദി: Brilliant Start for Kalabhavan London’s Malayali Got Talent 2026, Hosted by Limca Liverpool

Posted by

പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കലയുടെ സ്പന്ദനം മങ്ങിയിട്ടില്ലെന്ന് തെളിയിച്ച്, കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “മലയാളി ഗോറ്റ് ടാലന്റ് 2026” ലിവർപൂളിൽ കലാഭരിതമായ തുടക്കം കുറിച്ചു. ലിംക ലിവർപൂളിന്റെ ആത്മാർത്ഥമായ ആതിഥേയത്വത്തിൽ മാർച്ച് 14-ന് അരങ്ങേറിയ ഈ കലാമാമാങ്കം, സംഗീതവും നൃത്തവും നാടകവും മിമിക്രിയും വാദ്യകലകളും ഉൾപ്പെടെ വൈവിധ്യമാർന്ന കലാരൂപങ്ങളുടെ നിറക്കാഴ്ചയായി മാറി.
പ്രവാസി മലയാളികളുടെ കഴിവുകളും സാംസ്കാരിക ഐക്യവും ഒരേ വേദിയിൽ ചേർത്ത് നിർത്തിയ ഈ ഉത്സവം, പ്രേക്ഷകഹൃദയങ്ങളിൽ ആവേശവും അഭിമാനവും ഒരുപോലെ നിറച്ചു.

പ്രശസ്ത സിനിമാതാരവും സാമൂഹ്യപ്രവർത്തകയുമായ പ്രിയ ലാൽ മുഖ്യാതിഥിയായി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിൽ ലിംക പ്രസിഡന്റ് ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ്, റീജിയണൽ പ്രസിഡന്റ് ഷാജി വാരാക്കുടി, ACAL പ്രെസിഡന്റ് ദിനേഷ് ഡാമിയൻ, WAMA പ്രസിഡന്റ് സുനിൽ മാത്യൂ ലിമ, എ.സി.എ.എൽ, വാമ വാർറിങ്ടൺ എന്നിവയുടെ പ്രതിനിധികളും ചടങ്ങിനെ സാന്നിധ്യംകൊണ്ട് സമ്പന്നമാക്കി. ലിംക സെക്രട്ടറി റീന ജോർജ്, ട്രഷറർ ആൻസി സ്കറിയ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
ഇൻഫിനിറ്റി മോർട്ട്ഗേജസ് (ടൈറ്റിൽ സ്പോൺസർ), ലോ & ലോയേഴ്സ്, ഇക്കായീസ്, റാപ്സ് & ഷേപ്സ്, ജംഗിൾ ഗ്രിൽ,, വൈസ് കെയർ ലിമിറ്റഡ്, വൈസ് ഫുഡ്സ്, സേവിയേഴ്സ് അക്കൗണ്ടന്റ്സ്, ജോവൻ പ്രോമിസ്, സ്കോളർ കോ, ഹൊറൈസൺ ടൂർസ്, ജോ & മീ ട്യൂട്ടേഴ്സ്, മയിൽ ഫുഡ്സ്, റേഡിയോ ലൈം എന്നീ സ്പോൺസർമാരും ഉൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങൾ ഈ പരിപാടിക്ക് പിന്തുണ നൽകിയത് ചടങ്ങിന്റെ ഭംഗി കൂട്ടി.
ചടങ്ങിൽ ലിംകയ്ക്കും മലയാളി സമൂഹത്തിനും നൽകിയ അമൂല്യമായ സംഭാവനകൾക്ക് തമ്പി ചേട്ടനെ(തമ്പി ജോസ്) ആദരിച്ചത് പരിപാടിയിലെ ഹൃദയസ്പർശിയായ നിമിഷമായി. സന്നിഹിതരായ എല്ലാവരും കൈയടികളോടെ ഈ ആദരം ഏറ്റുവാങ്ങി.

ആദ്യഘട്ടം തന്നെ കലാപ്രകടനങ്ങളുടെ നിറവിൽ മുങ്ങി. വേദിയിൽ അരങ്ങേറിയ ഓരോ അവതരണവും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകൾ തങ്ങളുടെ കഴിവുകൾ അവതരിപ്പിച്ചപ്പോൾ, ഓരോ നിമിഷവും കൈയടികളാൽ നിറഞ്ഞു.
പരിപാടിയുടെ അവതരണം ലിൻസ് അയനാടനും അപർണ സൗപർണികയും ചേർന്ന് ഭംഗിയായി നയിച്ചു. “ലിംക ക്വിസ് വിസ്” എന്ന ക്വിസ് പരിപാടിയും അപർണയുടെ നേതൃത്വത്തിൽ ആവേശകരമായ പങ്കാളിത്തത്തോടെ മുന്നേറി.
രണ്ടാംഘട്ടത്തിൽ 11–17 വയസ് വിഭാഗത്തിലും ഓപ്പൺ വിഭാഗത്തിലും നടന്ന ക്വിസ് മത്സരം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായി. ജോസ് ടി. ഫ്രാൻസിസ് തയ്യാറാക്കിയ പ്രാഥമിക റൗണ്ടുകളും വേദിയിൽ നടന്ന ഫൈനൽ റൗണ്ടുകളും മത്സരത്തെ കൂടുതൽ ആവേശകരമാക്കി. വിജയികൾക്ക് കാഷ് അവാർഡുകളും പുരസ്കാരങ്ങളും നൽകി ആദരിച്ചു.

പരിപാടിയുടെ സമാപനമായി കലാഭവൻ ലണ്ടൻ അവതരിപ്പിച്ച “ചെമ്മീൻ” നാടകം പ്രേക്ഷക മനസുകളിൽ ദീർഘകാലം നിലനിൽക്കുന്ന ഒരു അനുഭവമായി. ശക്തമായ അഭിനയവും അവതരണ മികവും നാടകത്തെ ശ്രദ്ധേയമാക്കി.
മൊത്തത്തിൽ, “മലയാളി ഗോറ്റ് ടാലന്റ് 2026” ലിവർപൂളിൽ ഒരു കലാഘോഷമായി മാറി. യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക സമ്പന്നതയും ഐക്യവും ഈ വേദി വീണ്ടും തെളിയിച്ചു.
ഈ മത്സരപരമ്പരയുടെ ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ മാസത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ നഗരങ്ങളിലായി നടക്കുന്ന ഓഡിഷനുകളും പ്രാഥമിക ഘട്ടങ്ങളും പിന്നിട്ട് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതിഭകൾ ഗ്രാൻഡ് ഫിനാലെയിൽ മികവ് തെളിയിക്കും.
പ്രവാസി മലയാളികളുടെ കലാപ്രതിഭകളെ ലോകവേദിയിലേക്ക് ഉയർത്തിക്കൊണ്ടുപോകാനും പുതുതലമുറയ്ക്ക് പൈതൃകം പകരാനും “മലയാളി ഗോറ്റ് ടാലന്റ്” പോലുള്ള വേദികൾ നിർണായകമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ലിവർപൂളിൽ തുടങ്ങിയ ഈ കലാ മാമാങ്കം ഇനി വരാനിരിക്കുന്ന ഘട്ടങ്ങളിൽ കൂടുതൽ തിളക്കമുള്ള മത്സരങ്ങൾക്കും പുതുമുഖങ്ങളായ പ്രതിഭകളുടെ ഉദയത്തിനും വഴിയൊരുക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *