അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക് ആദ്യ വിമാനം വ്യാഴാഴ്ച; വന്ദേ ഭാരത് നാലാം ഘട്ടം ബുധനാഴ്ച തുടങ്ങും

വന്ദേഭാരത് മിഷന്റെ ഭാ?ഗമായി അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടാം തിയതി വ്യാഴാഴ്ച കൊച്ചിയില്‍ എത്തും. ഡല്‍ഹി വഴിയാണ് വിമാനം കൊച്ചിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂലൈ ഒന്ന് മുതല്‍ വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടം ആരംഭിക്കുകയാണ്. മസ്‌കറ്റില്‍ നിന്ന് 16 വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടാകുക. കേരളത്തിലേക്കുള്ള 11 സര്‍വീസുകള്‍ക്ക് പുറമെ ചെന്നൈ, മംഗളൂരു, ഹൈദരബാദ്, മുബൈ, ദില്ലി എന്നിവിടങ്ങളിലേക്കും മസ്‌കറ്റില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകും. ബഹറിന്‍, ദൂബായ്, സിംഗപ്പൂര്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നും ഈ ഘട്ടത്തില്‍ വിമാനങ്ങളുണ്ടാകും. ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള ഷെഡ്യൂളുകളാണ് പുറത്തുവന്നിരിക്കുന്നത്.
കേരളത്തിലേക്ക് ഇനി 40 മുതല്‍ 50 വിമാനങ്ങള്‍ വരെയാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കോവിഡ്, ഇന്ത്യയില്‍ രോഗബാധിതര്‍ അഞ്ചുലക്ഷം കടന്നു

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 18, 552 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,08,953 ആയി ഉയര്‍ന്നു.
വെള്ളിയാഴ്ച മാത്രം 384പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരണസംഖ്യ 15685 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. വെള്ളിയാഴ്ച 5,024 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.175 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് നിലവില# 65,829 ആക്ടീവ് കേസുകളാണുള്ളതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
തമിഴ്‌നാട്ടില്‍ 3,645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര#ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 3,500 കടക്കുന്നത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,622 ആയി. 46 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 957 ആയി.
ചെന്നൈയിലാണ് വൈറസ് ബാധിതര് ഏറ്റവുമധികം. ശനിയാഴ്ച 1,956 പേര്‍ക്കാണ് ചെന്നൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49,690 ആയി.

ആകാശം നിറഞ്ഞ് വെട്ടുക്കിളിക്കൂട്ടം; ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഒരിടവേളയ്ക്ക് ശേഷം ഉത്തരേന്ത്യ വീണ്ടും വെട്ടുക്കിളി ആക്രമണ ഭീഷണിയില്‍. ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് ദില്ലി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കാറ്റിന്റെ ദിശയനുസരിച്ച് വെട്ടുകിളികള്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കുമെന്ന് കേന്ദ്രകാര്‍ഷിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാമില്‍ നിന്നാണ് വീണ്ടും വെട്ടുകിളി ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. കൃഷിയിടങ്ങള്‍ക്ക് പിന്നാലെ നഗരത്തിലെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ ഉള്‍പ്പെടെ വെട്ടുകിളി പറന്ന് എത്തിയതോടെ താമസക്കാര്‍ പരിഭ്രാന്തിയിലായി.
ഹരിയാനില്‍ നിലവില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍ വലിയ കൃഷി നാശം വെട്ടുകിളികള്‍ വരുത്തിയിരുന്നു. ഈ മാസം ആദ്യവാരം കാലവര്‍ഷമെത്തിയതോടെ വെട്ടുകിളി സംഘം രാജസ്ഥാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ മണല്‍ പ്രദേശത്തേക്ക് നീങ്ങിയിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ അനൂകൂല കാലവസ്ഥ ആയതോടെയാണ് വീണ്ടും സഞ്ചാരം തുടങ്ങിയത്. ഇന്ത്യയില്‍ വെട്ടുക്കിളി ആക്രമണമുണ്ടായേക്കുമെന്ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, എഫ്എഓ എന്നീ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കല്‍; കേരളത്തില്‍ 47 പേര്‍ പിടിയില്‍

സംസ്ഥാനത്ത് സൈബര്‍  നടത്തിയ റെയ്ഡില്‍ ഐടി വിദഗ്ധരായ യുവാക്കളടക്കം 47 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്. ഇവര്‍ക്കെതിരെ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാലാണ് നടപടി. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ ഉള്‍പ്പെടെ 143 ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്. 15 പേര്‍. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
കട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇത്രയും ആളുകളെ പിടികൂടാനായത്. എല്ലാ ജില്ലകളിലുമായി കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ബഹിരാകാശ രംഗത്തെ സ്വകാര്യ പങ്കാളിത്തം; വന്‍കിട കമ്പനികള്‍ ഇനിയും വന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ മേധാവി

ബഹിരാകാശ രംഗം സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ നിരവധി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ ബഹിരാകാശ മേഖലയോട് താല്‍പര്യം പ്രകടിപ്പിച്ചുവെങ്കിലും വന്‍കിട കമ്പനികള്‍ ഇനിയും മുന്നോട്ട് വന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ മേധാവി കെ.ശിവന്‍. അതേസമയം ഐഎസ്ആര്‍ഓയുടെ ജോലികള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.