
വേൾഡ് മലയാളി ഫെഡറേഷൻ (WMF) യുകെ ബിസിനസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 28, 2026ൽ ലണ്ടനിലുള്ള മാഗ്നാവിഷൻ ടിവി സ്റ്റുഡിയോയിൽ വച്ച് പ്രൗഢഗംഭീരമായ നടത്തപ്പെട്ടു. ഇന്ത്യൻ ഹൈക്കമ്മീഷനിലെ മിനിസ്റ്റർ ഫോർ കമ്മ്യൂണിറ്റി അഫയേഴ്‌സ്, കോമൺവെൽത്ത്, എജ്യുക്കേഷൻ, ഹെൽത്ത്, ഐ.എം.ഒ, സയൻസ് ആൻഡ് ടെക്‌നോളജി ശ്രീമതി അശ്വിനി സത്താറു ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി സമൂഹത്തിന്റെ വളർച്ചയിലും യുകെയിലെ സാമൂഹിക-സാമ്പത്തിക മേഖലകളിലും മലയാളി സംരംഭകർ നടത്തുന്ന മികച്ച സംഭാവനകളെ അവർ അഭിനന്ദിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ബിസിനസ് ക്ലബ്ബിലൂടെ മലയാളി സംരംഭകർ കൂടുതൽ ഉയർച്ചയിലേക്ക് വരണമെന്നും അതിനായുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ എല്ലാ സഹായ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.

യുകെയിലെ മലയാളി സംരംഭകർക്കും വ്യവസായികൾക്കും പരസ്പരം സഹകരിക്കാനും, പിന്തുണയ്ക്കാനും, പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനുമുള്ള പ്രൊഫഷണൽ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. യുകെയിലെ വിവിധങ്ങളായ സംരംഭങ്ങൾ നടത്തിവരുന്ന പ്രമുഖരായ ബിസിനസ് സംരംഭകർ ചടങ്ങിൽ പങ്കെടുത്തു. തങ്ങളുടെ ബിസിനസ്സിനെക്കുറിച്ചും സേവനകളെക്കുറിച്ചും സംസാരിക്കാനും എല്ലാവരെയും പരിചയപ്പെടാനും പ്രത്യേക സമയവും സംവിധാനവും ഡബ്ള്യു എം എഫ് ബിസിനസ് ക്ലബ് ഏർപ്പെടുത്തിയത് വ്യവസായികൾക്കും യുവ സംരംഭകർക്കും കൂടുതൽ ആവേശം പകർന്നു.
മുൻ യുകെ പാർലമെന്റ് അംഗം ശ്രീ വീരേന്ദ്ര ശർമ്മ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിന്റെ കഠിനാധ്വാനത്തെയും വ്യവസായ രംഗത്തെ വളർച്ചയെയും അദ്ദേഹം പ്രശംസിച്ചു.
ബാംഗ്ലൂരിൽ നിന്നുള്ള ഡബ്ല്യു.എം.എഫ് ബിസിനസ് ക്ലബ്ബ് ഇൻറ്റർനാഷണൽ പ്രസിഡന്റ് ശ്രീ റെജിൻ ചാലപ്പുറം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആഗോളതലത്തിൽ മലയാളി സംരംഭകരെ കോർത്തിണക്കി പരസ്പര വളർച്ച ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബിസിനസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കണമെന്നും അതിൻ്റെ സംഘടനാ നിയമാവലിയെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
യൂണിയൻ ഓഫ് യുണൈറ്റഡ് കിങ്ഡം മലയാളി അസോസിയേഷൻസ് (UUKMA) പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു. പുതിയ സംരംഭത്തിന് യുക്മയുടെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
ഡബ്ല്യു.എം.എഫ് ഗ്ലോബൽ യൂത്ത് ഫോറം കോഓർഡിനേറ്ററും യുകെ ബിസിനസ് ക്ലബ്ബ് പ്രസിഡന്റുമായ റവ. ഡീക്കൻ ജോയ്സ് ജെയിംസ് പള്ളിക്കമ്യാലിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തു. 170 രാജ്യങ്ങളിലായി പടർന്ന് പന്തലിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും മാനവ നന്മയ്ക്കായി നിലകൊള്ളുന്ന സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
ഡബ്ല്യു.എം.എഫ് യൂറോപ്പ് ഹെൽത്ത് ഫോറം കോഓർഡിനേറ്റർ ശ്രീ അബ്രഹാം പൊന്നംപുരയിടം ചടങ്ങിൽ വിശിഷ്ടാതിഥിയായി സംബന്ധിച്ചു. ഡബ്ല്യു.എം.എഫ് യുകെ വൈസ് പ്രസിഡന്റ് ശ്രീ ജിതിൻ സണ്ണി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യവസായികളും യുവ സംരംഭകരും വലിയ തോതിൽ പങ്കെടുത്ത യോഗം വൻ വിജയകരമായാണ് പരിസമാപിച്ചത്.





