Fokana convention – UUKMA President Eby Sebastian Special Guest

Posted by

അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ കുടുംബാംഗങ്ങള്‍ ജന്‍മനാട്ടില്‍ മടങ്ങിയെത്തി മനസിന്റെ പൂമുഖത്തൊരു നിലവിളക്കുകൊളുത്തി ഗൃഹപ്രവേശനത്തിനൊരുങ്ങുകയാണ്. ഫൊക്കാന കേരള കണ്‍വന്‍ഷന്‍ 2025-ന് ലോക പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലെ ‘ഡോ. എം അനിരുദ്ധന്‍ നഗറി’ല്‍ തിരശീല ഉയരുമ്പോള്‍ മാതൃഭൂമിയോടുള്ള ആദരവിന്റെ കാഹളവും ഒപ്പം മുഴങ്ങും. ഫൊക്കാന സ്ഥാപക പ്രസിഡന്റായ ഡോ. എം അനിരുദ്ധന്റെ ദീപ്ത സ്മരണകള്‍ അലയടിക്കുന്ന അന്തരീക്ഷത്തിലായിരിക്കും കണ്‍വന്‍ഷന് ശുഭാരംഭം കുറിക്കുക.

യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ പ്രത്യേക ക്ഷണിതാവായി ഫൊക്കാന കേരള കൺവൻഷൻ 2025 ൽ പങ്കെടുക്കുന്നു. വടക്കേ അമേരിക്ക, കാനഡ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന നൂറിലധികം മലയാളി അസ്സോസ്സിയേഷനുകൾ അംഗമായിട്ടുള്ള ഫൊക്കാന നേതൃത്വത്തിൻ്റെ പ്രത്യേക ക്ഷണം സ്വീകരിച്ച്, ആഗസ്റ്റ് 1, 2, 3 തീയതികളിലായി കുമരകം ഗോകുലം ഗ്രാൻ്റ് റിസോർട്ടിൽ നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കുവാൻ എബി സെബാസ്റ്റ്യൻ ഇതിനോടകം നാട്ടിൽ എത്തിയിട്ടുണ്ട്. 1981 ൽ പ്രവർത്തനമാരംഭിച്ച ഫൊക്കാന അമേരിക്കയിലെ ഇത്തരത്തിലുള്ള ആദ്യ മലയാളി സംഘടനയാണ്. ഫൊക്കാന കേരള കൺവൻഷൻ 2025 ഫൊക്കാനയുടെ സുദീർഘമായ ചരിത്രത്തിൽ ഒരു പുതിയ കാൽവെയ്പ്പായിരിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

കുമരകത്തിന്റെ മൂന്ന് ദിനരാത്രങ്ങളെ വര്‍ണാഭമാക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെല്ലാം അന്തിമ ഘട്ടത്തിലാണെന്നും ഇത് കേരളം കണ്ട, പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കണ്‍വന്‍ഷനായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നും ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നാം തീയതി ഡെലിഗേറ്റ്സ് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന വിവിധ പരിപാടികളിൽ വൈകിട്ട് 4.30-ന് ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ നടത്തുന്ന കേരളത്തനിമയിലുള്ള ഘോഷയാത്ര എടുത്തു പറയേണ്ടതാണ്. തുടർന്ന് ഫൊക്കാനയുടെ എല്ലാമെല്ലാമായിരുന്ന ഡോ. എം അനിരുദ്ധന് ആദരാഞ്ജലിയര്‍പ്പിക്കും. ലഹരിക്കെതിരെയുള്ള വിളംബരത്തോടുകൂടി ആയിരിക്കും ഉദ്ഘാടന സമ്മേളനത്തിന്റെ തുടക്കം.

തുടര്‍ന്ന് സജിമോന്‍ ആന്റണി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വന്‍ഷന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി.എന്‍ വാസവന്‍, കെ രാജന്‍, റോഷി അഗസ്റ്റിന്‍, എം.പിമാരായ കെ.സി വേണുഗോപാല്‍, ജോസ്. കെ മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, റോജി ജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മജീഷ്യന്‍ സാമ്രാജ്, കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, ജോസ് പനച്ചിപ്പുറം, റവ. ഫാ. ഡേവിസ് ചിറമ്മല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭാരത ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും.

സാഹിത്യ-സാംസ്‌കാരിക-ബിസിനസ്സ് ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരെ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്യും. ഓഗസ്റ്റ് രണ്ടാം തീയതി രാവിലെ 9.30 മുതല്‍ 11 വരെ ശബരി ഹാളില്‍ സാഹിത്യ സെമിനാര്‍, ബിസിനസ് സെമിനാര്‍ (11 മുതല്‍ 12.30 വരെ), ഫൊക്കാനയും കേരളാ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ സെഗ്‌മെന്റ് (1 മുതല്‍ 2 വരെ), വിമന്‍സ് ഫോറം സെമിനാര്‍, സ്‌കോളര്‍ഷിപ്പ് വിതരണം (2 മുതല്‍ 3.30 വരെ), മീഡിയ സെമിനാര്‍ (3.30 മുതല്‍ 4.45 വരെ) എന്നീ പരിപാടികള്‍ നടക്കും.

അബി ഹാളില്‍ ഫൊക്കാനയുമായി സഹകരിച്ചു നടത്തുന്ന ‘ലൈഫ് ആന്‍ഡ് ലിമ്പ് ചാരിറ്റബിള്‍ സൊസൈറ്റി’യുടെ കാല്‍ വിതരണം, സ്വിമ്മിങ് പൂള്‍ ഏരിയയില്‍ ‘മൈല്‍സ്റ്റോണ്‍ ചാരിറ്റബിള്‍ സൊസൈറ്റി’യുമായി സഹകരിച്ചു നടത്തുന്ന ഫൊക്കാന ‘സ്വിം കേരള സ്വിം’ പ്രൊജക്റ്റിന്റെ സമാപനം, ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്, മെഡിക്കല്‍ കാര്‍ഡ് വിതരണം, പ്രിവിലേജ് കാര്‍ഡ് വിതരണം, തുടങ്ങി ശ്രദ്ധേയമായ നിരവധി പ്രോഗ്രാമുകള്‍ രണ്ടാം ദിവസത്തെ പരിപാടികളില്‍ ഉള്‍പ്പെടുന്നു.

5.30 മുതല്‍ 7.30 വരെ വലഡിക്‌ടോറിയന്‍ സെറിമണിയും നടക്കും. 7.30 മുതല്‍ കണ്‍വന്‍ഷന്റെ ഹൈലൈറ്റായ കള്‍ച്ചറല്‍ പ്രോഗ്രാമാണ് അരങ്ങേറുക. അന്നേ ദിവസം രാവിലെ മുതല്‍ കേരളത്തിലെ മികച്ച കാര്‍ട്ടൂണിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചറിംഗ് ഉണ്ടായിരിക്കും. മൂന്ന് ദിവസങ്ങളിലുമുള്ള കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നത് പ്രസിദ്ധ ചലചിത്ര നടിയും നര്‍ത്തകിയുമായ സരയൂ മോഹന്റെ നേതൃത്വത്തിലാണ്. ഡാന്‍സറും അവതാരികയും കൂടിയായ അമല റോസ് കുര്യന്റെ നേതൃത്വത്തിലുള്ള ഡാന്‍സുകള്‍, സ്റ്റാര്‍ സിംഗര്‍ ജോബി, അഭിജിത് കൊല്ലം, ഫ്‌ളവേഴ്‌സ് ടോപ് സിങ്ങര്‍ മിയാകുട്ടി, തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ആസ്വദിക്കാം.

സമാപന ദിവസമായ ഓഗസ്റ്റ് മൂന്നിന് കുമരകത്തിന്റെയും പരിസര പ്രദേശങ്ങളുടെയും അവാച്യമായ പ്രകൃതി സൗന്ദര്യം നുകര്‍ന്നുകൊണ്ടുള്ള ആവേശകരമായ ഹൗസ്‌ബോട്ട് റൈഡാണ്. 400-ലധികം പേര്‍ക്ക് ഒരേസമയം സഞ്ചരിക്കാനും ഭക്ഷണ പാനീയങ്ങള്‍ കഴിക്കാനുമുള്ള ബോട്ടിന്റെ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം വിലയിരുത്തിയെന്നും അതെല്ലാം കുറ്റമറ്റതാണെന്ന് ബോധ്യപ്പെട്ടതായും ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. പ്രമുഖ മിമിക്രി കലാകാരനും ഗായകനുമായ രാജേഷ് അടിമാലിയുടെ കലാ പ്രകടനം ബോട്ട് യാത്രയ്ക്ക് കൊഴുപ്പേകും.

പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്സി. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷ്ണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോയി ഇട്ടന്‍, കേരളാ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലൂക്കോസ് മണ്ണയോട്ട്, സ്ഥാപക നേതാവ് തോമസ് തോമസ്, മറ്റ് കമ്മിറ്റി മെംബേഴസ് തുടങ്ങിയവര്‍ ഫൊക്കാന കേരള കണ്‍വന്‍ഷന്‍ 2025 ഒരു ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പ്കളിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *