
ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ.
കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ 6 ശനിയാഴ്ച്ച കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കരോൾ ഗാന മത്സരത്തിന്റെ എട്ടാം സീസണിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ട് ഗായകസംഘങ്ങൾ. ‘ജോയ് ടു ദി വേൾഡ്’ സീസൺ 8 ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ സാൾട്ലി സെൻറ് ബെനഡിക്ട് സീറോ മലബാർ മിഷൻ ക്വയർ ഗ്രൂപ്പിന് ആയിരം പൗണ്ട് കാഷ് അവാർഡും ‘ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും , സംഘടനകളെയും പ്രതിനിധീകരിച്ചു എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ സിനായ് മാർത്തോമാ ചർച്ച് നോർത്ത് ലണ്ടൻ രണ്ടാം സ്ഥാനവും, മാഞ്ചസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് നാലാം സ്ഥാനവും, സെന്റ് ചാവറ സീറോ മലബാർ മിഷൻ ചർച്ച് ക്വയർ അഞ്ചാം സ്ഥാനവും സെന്റ് ഹെലെന ക്വയർ വാറിംഗ്ടൺ ആറാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് ക്വയർ അർഹരായി. രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും ആറും ടീമുകൾക്കു പ്രോത്സാഹനമായി ട്രോഫിയും സമ്മാനിച്ചു.

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച കരോൾ സന്ധ്യയുടെ ഔപചാരികമായ ഉത്‌ഘാടനം തിരി തെളിയിച്ചു കൊണ്ട് റവ. ഫാ. ടോമി എടാട്ട് നിർവഹിച്ചു.

മലങ്കര കത്തോലിക്കാ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ റെവ. ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് തിരുമേനി ക്രിസ്മസ് സന്ദേശം നൽകി സംസാരിച്ചു.

മലയാളത്തിന്റെ നിത്യഹരിത നായകൻ, നടനും സംവിധായകനുമായ ശങ്കർ മുഖ്യാതിഥിയായിരുന്നു. മലയാള ചലച്ചിത്ര പിന്നണി ഗായകനും കമ്പോസറുമായ ഗോകുൽ ഹർഷൻ, മ്യൂസിക് കംപോസറും സംഗീതജ്ഞനുമായ ആകാശ് ബിനു എന്നിവർ അതിഥികളായി എത്തിയിരുന്നു. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി. പ്രശസ്ത സംഗീതജ്ഞരായ ഗിരീഷ് മേനോൻ, റോൺ റിച്ചിൽ, ജോയ് തോമസ് തുടങ്ങിയവർ ലൈവ് മ്യൂസിക് ബാൻഡിന് നേതൃത്വം നൽകി.


മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ശ്രീ. ശങ്കർ പണിക്കർ, ആകാശ് ബിനു, ടിന ജിജി, ദീപേഷ് സ്കറിയ, അഡ്വ. ഫ്രാൻസിസ് മാത്യു, രാജേഷ് ജോസഫ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ , ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് ഡയറക്ടർ സുനീഷ് ജോർജ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ടു ദി വേൾഡ് സീസൺ 9, 2026 ഡിസംബർ 5 നു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്ത: ബിനു ജോർജ്
betterframesUK-24984 (1).jpg







Leave a Reply