When Classical Dance Meets AI: ‘ARTIFACT’ Captivates Yeovil Audience Alongside ‘Thrayambakam’ Bhajan

Posted by

–

ആർട്ടിഫാക്ട്’ നൃത്താവിഷ്‌കാരവും ‘ത്രയംബകം’ ഭജനസന്ധ്യയും

ഭാരതീയ പാരമ്പര്യ കലകളും നൂതന സാങ്കേതികവിദ്യയും വേദിയിൽ കൈകോർത്തപ്പോൾ കാണികൾക്ക് അത് വേറിട്ടൊരു സാംസ്കാരിക അനുഭവമായി. മുദ്ര ലണ്ടനും (Mudra London) നർത്തകി ഡാൻസ് അക്കാദമിയും (Narthaki Dance Academy) സംയുക്തമായി അണിയിച്ചൊരുക്കിയ ‘ആർട്ടിഫാക്ട്’ (ARTIFACT) എന്ന ഹ്യൂമൻ ഡാൻസ് പ്രൊഡക്ഷനും യോവിൽ മലയാളി ഹിന്ദു സമാജം (Yeovil Malayalee Hindu Samajam) സംഘടിപ്പിച്ച ‘ത്രയംബകം’ ഭജനസന്ധ്യയും യോവിലിലെ ദി ഗേറ്റ്‌വേയിൽ (The GateWay) വിജയകരമായി അരങ്ങേറി.   

‘ആർട്ടിഫാക്ട്’ എന്ന വേറിട്ട നൃത്താവിഷ്‌കാരത്തോടെയാണ് സാംസ്കാരിക പരിപാടികൾക്ക് തുടക്കമായത്. ആശയം കൊണ്ടും അവതരണ മികവു കൊണ്ടും കാണികളുടെ വൻ കൈയ്യടി നേടിയ നൃത്തസന്ധ്യയ്ക്ക് ശേഷം, പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തല നയിച്ച ഭക്തിസാന്ദ്രമായ ‘ത്രയംബകം’ ഭജനസന്ധ്യയും അരങ്ങേറി.

AI-യും മനുഷ്യവംശവും തമ്മിലുള്ള അപൂർവ്വ സമന്വയം

AI-യും മനുഷ്യവംശവും തമ്മിലുള്ള ബന്ധവും, മനുഷ്യത്വത്തെ അതിലംഘിക്കാതെ പ്രകൃതിയോടും വികാരങ്ങളോടും ചേർന്നുനിന്നുകൊണ്ട് AI-ക്ക് എങ്ങനെ സമാന്തരമായി സഹവർത്തിക്കാം (Coexistence of AI and Humanity) എന്ന ദാർശനിക ആശയമാണ് ഈ നൃത്താവിഷ്‌കാരത്തിലൂടെ ദൃശ്യവൽക്കരിച്ചത്.

ഭരതനാട്യത്തിലെ ‘നർത്തനപുരി ബാണി’ (Nartanapuri Baani) പാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണി കൂടിയായ ഡോ. അനാഷ് ഭട്ടതിരിപ്പാടാണ് ഈ ഡാൻസ് പ്രൊഡക്ഷന് വേണ്ടി സംഗീതം ഒരുക്കിയതും തത്സമയ സംഗീത ഭാവങ്ങൾ (Spot Improvisations) വേദിയിൽ എത്തിച്ചതും. ശാസ്ത്രീയ സംഗീതത്തിലും ഭരതനാട്യത്തിലും ഒരുപോലെ പ്രഗത്ഭനായ അദ്ദേഹം കർണാടക സംപ്രദായം, വചനാനന്ദന, നിരന്തര തുടങ്ങിയ പ്രശസ്തമായ തിയേറ്റർ പ്രൊഡക്ഷനുകളിലൂടെയും ശ്രദ്ധേയനാണ്. ബ്രിട്ടനിലും ഇന്ത്യയിലുമായി ‘യുവപ്രതിഭാ പുരസ്കാരം’, ‘നൃത്യ ഗാന നിപുണ’, ‘യൂത്ത് ഐക്കൺ’ തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുള്ള ഡോ. അനാഷിന്റെ അഗാധമായ ശാസ്ത്രീയ അറിവും സംഗീത ചാരുതയും ‘ആർട്ടിഫാക്ട്’ പ്രൊഡക്ഷന് കൂടുതൽ ഗാംഭീര്യവും പാരമ്പര്യ മഹിമയും പകർന്നു നൽകി.   

ഈ ഡാൻസ് പ്രൊഡക്ഷനിൽ കാണികളിൽ വലിയ ആവേശം നിറച്ച AI കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ദിൽഷ കൃഷ്ണയും ഡോ. സ്‌നേഹ സുധീറുമായിരുന്നു. കഥാതന്തുവിനും തിരിക്കഥയ്ക്കും അനുയോജ്യമായ രീതിയിൽ അത്യന്തം കൃത്യതയോടെയും ആകർഷകമായ ചുവടുകളോടെയുമാണ് ദിൽഷ കൃഷ്ണ AI ചലനങ്ങളെ വേദിയിൽ അവതരിപ്പിച്ചത്. സ്വന്തമായ നിരീക്ഷണപാടവത്തിലൂടെയും മികച്ച തത്സമയ ഭാവമാറ്റങ്ങളിലൂടെയും (Spot Improvisations) പ്രേക്ഷകരെ കഥാസന്ദർഭത്തിലേക്ക് പൂർണ്ണമായി ആഴത്തിലിറക്കാൻ ദിൽഷയ്ക്ക് സാധിച്ചു. കഥാപാത്രത്തിനായുള്ള ദിൽഷയുടെ ഈ മികച്ച പരിശ്രമത്തിനും പ്രകടനത്തിനും സദസ്സിൽ നിന്നും വലിയ തോതിലുള്ള കൈയ്യടിയും പ്രശംസയുമാണ് ലഭിച്ചത്.

കഥകളി കലാകാരനും ഇൻഡ്യൻ ക്ലാസിക്കൽ ഡാൻസറുമായ വിനീത് വിജയ് കുമാർ പിള്ളയുടെ ദീർഘവീക്ഷണവും പാരമ്പര്യ കലകളിലുള്ള അഗാധമായ അറിവുമാണ് ‘ആർട്ടിഫാക്ടി’നെ ഇത്രയും വലിയ വിജയത്തിലെത്തിച്ചത്. കഥകളിയുടെയും ക്ലാസിക്കൽ കലകളുടെയും തനിമ ചോരാതെ സാങ്കേതികവിദ്യയുമായി കോർത്തിണക്കാൻ അദ്ദേഹത്തിന് സാധിച്ചു. കഥാപാത്രങ്ങളുടെ നിർമ്മിതിയിലും നൃത്തത്തിന്റെ മേൽനോട്ടത്തിലും വിനീത് നൽകിയ ശബ്ദമാറ്റങ്ങളും (Voice Modulations) ആശയങ്ങളും കാണികളെ അത്യന്തം ആകർഷിച്ചു.

അപർണ്ണ പവിത്രൻ കാഴ്ചവെച്ച കൂചിപ്പുടി പ്രകടനം ഏറെ മനോഹരവും സാത്വികവുമായിരുന്നു. ‘രാധാ സമേത കൃഷ്ണ’ എന്ന കൃതിയിലൂടെ ശൃംഗാര രസത്തിലൂടെയുള്ള മനുഷ്യവികാരങ്ങളുടെ ആഴവും പ്രണയവും അപർണ്ണ വേദിയിൽ എത്തിച്ചപ്പോൾ, അത് വിശകലനം ചെയ്യുന്ന AI കഥാപാത്രം വൈകാരിക തലങ്ങൾക്ക് പുതിയൊരു ശാസ്ത്രീയ മാനമേകി. നൃത്തത്തെ ജീവിതചര്യയാക്കുകയും കെ.പി.എ.സിയിലൂടെ പ്രായോഗിക പരിശീലനം നേടുകയും ചെയ്ത അപർണ്ണ, യുകെ ഗ്ലോബൽ ടാലന്റ് വീസ (UK Global Talent Visa) ജേതാവ് കൂടിയാണ്. നർത്തകി ഡാൻസ് അക്കാദമിയുടെ സ്ഥാപകയായ അവരുടെ നേതൃപാടവവും ആഴത്തിലുള്ള കലാവൈഭവവും ഈ ഹ്യൂമൻ ഡാൻസ് പ്രൊഡക്ഷന് പിന്നിൽ വലിയൊരു കരുത്തായി നിന്നു.

പൂർണ്ണമായും സ്ത്രീ സമർപ്പിതമായ മോഹിനിയാട്ടത്തിന്റെ ചാരുത ചോരാതെ, ‘മാധവ മാമവ’ എന്ന ഗാനത്തിന് നന്ദിത സുരേഷ്   ( ദൂരദർശൻ ബി ഗ്രേഡ് നിർത്തകി) അവതരിപ്പിച്ച ലാസ്യപൂർണ്ണമായ പ്രകടനം ഏറെ ശ്രദ്ധേയമായി. 

AI മോഹിനിയാട്ട ചുവടുകളെ വിശകലനം ചെയ്യുന്നതിനോടൊപ്പം മോഹിനിയാട്ടത്തിന്റെ പരമ്പരാഗത ഭംഗി ചോരാതെ നന്ദിത സുരേഷ് അത് വേദിയിൽ എത്തിച്ചു.

ഗ്രൂപ്പ് ഫോർമേഷനുകളിലും പ്രകടനങ്ങളിലും സുപ്രധാന പങ്ക് വഹിച്ച ശ്രുതി മഹിമ സനൽകുമാർ, ‘മേളപ്രാപ്തി’ സെഷനിൽ തന്റെ വ്യവസ്ഥാപിതവും ആകർഷകവുമായ ചുവടുകളിലൂടെ മുഴുവൻ ഗ്രൂപ്പ് പെർഫോമൻസുകൾക്കും ഒരു പ്രത്യേക ഗാംഭീര്യം നൽകി. ‘ഓങ്കാരം സ്കൂൾ ഓഫ് ഡാൻസ്’ (Omkaram School of Dance) സ്ഥാപകയും സമർപ്പിതയായ നർത്തകിയും അധ്യാപികയുമാണ് ശ്രുതി മഹിമ സനൽകുമാർ.

അതുപോലെ തന്നെ ‘കല്യാണരാമ’ എന്ന സീക്വൻസിലൂടെ മനുഷ്യന്റെ വിവിധങ്ങളായ വികാരതലങ്ങളെ അതിമനോഹരമായി വേദിയിൽ എത്തിച്ചത് നന്ദിനി സജ്ജു ജയനി യായിരുന്നു. സാത്വികമായ അഭിനയവും ചാരുതയാർന്ന ചുവടുകളും കൊണ്ട് നന്ദിനി ഈ ഭാഗത്തെ അത്യന്തം ആകർഷകമാക്കി. ‘മതി സ്കൂൾ ഓഫ് ഡാൻസ്’ സ്ഥാപകയും ആർട്ടിസ്റ്റിക് ഡയറക്ടറുമായ നന്ദിനി, പ്രശസ്തമായ കലാക്ഷേത്ര ബാണിയിൽ (Kalakshetra Bani) വേരൂന്നിയ ഒരു ക്ലാസിക്കൽ നർത്തകിയും അധ്യാപികയുമാണ്.

ദേദേവദാസി കാലഘട്ടത്തിലെ ഭരതനാട്യം വസ്ത്രധാരണ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തുന്നൽ ഇല്ലാത്ത ഡ്രേപ്പിംഗ് രീതിയിൽ (Unstitched Draping Style) ‘സാരിയിൽ നിന്ന് സ്റ്റേജിലേക്ക്’ (Saree to Stage) എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ വസ്ത്രങ്ങൾ ഒരുക്കിയത്. ‘സീസൺസ് ബൈ സാറ’യുടെ (Seasons by Sara) അമരക്കാരിയും പ്രശസ്ത ഡിസൈനറുമായ സാറ വി റെജി (Sara V Regi) അപർണ്ണ പവിത്രനോടൊപ്പം ചേർന്നാണ് ചെലവുകുറഞ്ഞതും എന്നാൽ പ്രൗഢവുമായ കോസ്റ്റ്യൂമുകൾ രൂപകൽപ്പന ചെയ്തത്. വ്യക്തിഗത കഥകളെ സൂക്ഷ്മമായ ക്രാഫ്റ്റ്‌സ്മാൻഷിപ്പിലൂടെ മനോഹരമായ വസ്ത്രങ്ങളാക്കി മാറ്റുന്നതിൽ ശ്രദ്ധേയയായ സാറയുടെ പാറ്റേണുകളും കളർ കോമ്പിനേഷനുകളും, ശൈലികളും വേദിയിൽ നർത്തകരുടെ പ്രകടനത്തിന് കൂടുതൽ മിഴിവേകി.

അരങ്ങിലെത്തിയ പ്രമുഖ കലാകാരന്മാർ

അപർണ്ണ പവിത്രൻ, ഡോ. അനാഷ് ഭട്ടതിരിപ്പാട്, വിനീത് വിജയ് കുമാർ പിള്ള, നന്ദിനി സജ്ജു ജയനി, നന്ദിത സുരേഷ്, ഡോ. സ്‌നേഹ സുധീർ, അശ്വതി ശ്രീകുമാർ, ദിൽഷ കൃഷ്ണ കൃഷ്ണകുമാർ, ശ്രുതി മഹിമ സനൽകുമാർ, അഗ്നൽ അജി തുടങ്ങിയ പ്രമുഖ കലാകാരന്മാരും കലാകാരികളുമാണ് വേദിയിൽ അണിനിരന്നത്.   

സ്റ്റാർ ഇവന്റ്സ്, ലൈഫ് പ്രൊട്ടക്ട് ലൈൻ തുടങ്ങിയ വിവിധ പ്രസ്ഥാനങ്ങളുടെയും സ്പോൺസർമാരുടെയും പൂർണ്ണ സഹകരണത്തോടെയാണ് സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചത്. അദ്വൈത ആർട്‌സ് ആണ് ‘ആർട്ടിഫാക്ട്’ എന്ന ഈ വേറിട്ട നൃത്താവിഷ്‌കാരം യോവിലിലെ കലാനിപുണർക്കും പ്രേക്ഷകർക്കും മുന്നിലേക്ക് ആദ്യമായി എത്തിച്ചത്. പരമ്പരാഗത കലയിൽ പുത്തൻ സാങ്കേതികവിദ്യ കോർത്തിണക്കിയ രീതി കൊണ്ട് യോവിൽ മലയാളി ഹിന്ദു സമാജം കാണികൾക്കിടയിൽ ഈ പ്രകടനം വലിയ സ്വീകാര്യത നേടി.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *

Discover more from

Subscribe now to keep reading and get access to the full archive.

Continue reading