,

UUKMA Boat Race: യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരത്തിന് ആവേശകരമായ പരിസമാപ്തി

Posted by

31 ജലരാജാക്കന്മാർ ഇരമ്പിയാർത്ത ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ബോൾട്ടൻ കൊമ്പൻ ചാമ്പ്യൻസ്,  റണ്ണർ അപ്പ് എസ് എം എ സാൽഫോർഡ്, മൂന്നാം സ്ഥാനം ജവഹർ ബോട്ട് ക്ലെബ് ലിവർപൂൾ, സെവൻ സ്റ്റാഴ്‌സ് കൊവെൻട്രി നാലാമത്

(കുര്യൻ ജോർജ്ജ്, യുക്മ നാഷണൽ പി ആർ ഒ )
കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമായിരുന്നു ആഗസ്റ്റ് 30 ശനിയാഴ്ച  പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.
ഒൻപതര മണിയോടെ ആരംഭിച്ച മത്സരങ്ങൾക്ക് വൈകുന്നേരം ആറര മണിയോടെയാണ് സമാപനമായത്. 31 ജലരാജാക്കന്മാർ ഇരമ്പിയാർത്ത വള്ളം കളി മത്സരത്തിൽ കൊമ്പൻസ് ബോട്ട് ക്ലെബ്ബ്‌ ബോൾട്ടൺ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനത്ത് എസ് എം എ ബോട്ട് ക്ലെബ്ബ്‌ എത്തിയപ്പോൾ ലിവർപൂളിന്റെ ജവഹർ ബോട്ട് ക്ലെബ്ബാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. നാലാം സ്ഥാനത്ത് സെവൻ സ്റ്റാഴ്‌സ് കൊവെൻട്രിയും അഞ്ചും ആറും സ്ഥാനങ്ങൾ യഥാക്രമം എൻഎംസിഎ ബോട്ട് ക്ലെബ്ബും ബിഎംഎ ബോട്ട് ക്ലെബ്ബും കരസ്ഥമാക്കി.

വനിതകളുടെ പ്രദർശന മത്സരത്തിൽ ലിവർപൂൾ ലിമ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ റോയൽ 20 ബിർമിംഗ്ഹാം രണ്ടാം സ്ഥാനവും സാൽഫോർഡിന്റെ എസ് എം എ റോയൽസ് മൂന്നാം സ്ഥാനവും ഗ്രിംസ്ബി തീപ്പൊരികൾ നാലാം സ്ഥാനവും നേടി. പതിനൊന്ന് ടീമുകൾ മാറ്റുരച്ച വനിതകളുടെ മത്സരങ്ങളിൽ ഓരോ ഹീറ്റ്സിലും വീറും വാശിയും പ്രകടമായിരുന്നു.
വൈകുന്നേരം ഏഴു മണിയോടെയാണ് യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 സമാപന സമ്മേളനത്തിന് തുടക്കമായത്. യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായെത്തിയ ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം സമാപന സമ്മേളനം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ജയകുമാർ നായർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കേരളപ്പൂരത്തിന്റെ ഭാഗമായി നടന്ന യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി വിജയികൾക്ക് സെലിബ്രിറ്റി ഗെസ്റ്റായ പ്രശസ്ത ചലച്ചിത്ര താരം നേഹ സക്‌സേന പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം യുക്മ വള്ളംകളിയിൽ ചാമ്പ്യന്മാരായ കൊമ്പൻസ് ബോട്ട് ക്ലെബ്ബ്‌ ബോൾട്ടന് യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയനും യുക്മ കേരളപ്പൂരം ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസറായ ശ്രീ മാത്യു അലക്‌സാണ്ടറും ടീമംഗങ്ങളുടെ മെഡലുകൾ വള്ളംകളി കോർഡിനേറ്റർ ഡിക്സ് ജോർജ്ജും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ എസ് എം എ ബോട്ട് ക്ലെബ്ബ്‌ സാൽഫോഡിന് യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗ്ഗീസ് ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസറായ മാത്യു എലൂരും ടീമംഗങ്ങളുടെ മെഡലുകൾ ദേശീയ ഉപാധ്യക്ഷൻ വർഗ്ഗീസ് ഡാനിയും സമ്മാനിച്ചു. മൂന്നാം സ്ഥാനത്തെത്തിയവർക്ക് ട്രോഫി നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി സമ്മാനിച്ചപ്പോൾ ക്യാഷ് പ്രൈസ് സ്പോൺസറായ ബിജോ ടോമും ടീമംഗങ്ങൾക്കുള്ള മെഡലുകൾ നാഷണൽ ജോയിന്റ് ട്രഷറർ പീറ്റർ താണോലിലും സമ്മാനിച്ചു. നാലാം സ്ഥാനത്തെത്തിയവർക്ക് നാഷണൽ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം ട്രോഫിയും സ്പോൺസറായ സൈമൺ വർഗ്ഗീസ് ക്യാഷ് പ്രൈസും മറ്റൊരു സ്പോൺസറായ ഷംജിത് മെഡലുകളും സമ്മാനിച്ചു.
പ്രദർശന മത്സരം നടന്ന വനിതകളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായ ലിവർപൂൾ ലിമക്ക് ഫൊക്കാന പ്രസിഡന്റ് സജി ആന്റണി ട്രോഫിയും മെഡലുകൾ ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോമും സമ്മാനിച്ചു. രണ്ടാം സ്ഥാനത്തെത്തിയ റോയൽ 20 ബിർമിംഗ്ഹാമിന് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസും, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ജോബി പുതുക്കുളങ്ങരയും
സമ്മാനങ്ങൾ വിതരണം ചെയ്തു. മൂന്നാം സ്ഥാനത്തെത്തിയ സാൽഫോർഡിന്റെ എസ് എം എ റോയൽസിന് ദേശീയ സമിതിയംഗം ജോർജ് തോമസും ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റ് ജോബിൻ ജോർജ്ജും പുരസ്‌കാരങ്ങൾ നൽകി. നാലാം സ്ഥാനത്തെത്തിയ ഗ്രിംസ്ബി തീപ്പൊരികൾക്ക് ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ടും മുൻ നാഷണൽ  വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോയും സമ്മാനങ്ങൾ നൽകി..
ഏകദേശം ഏഴായിരത്തോളം കാണികൾ ഒഴുകിയെത്തിയ യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളിക്ക് ഇക്കുറി ആവേശപൂരമായ വരവേൽപ്പാണ് യുകെ മലയാളികൾ ഒരുക്കിയത്. യുക്മ കേരളപ്പൂരം 2025 വൻ വിജയമാക്കിയ ഏവർക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.

Discover more from

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *

Discover more from

Subscribe now to keep reading and get access to the full archive.

Continue reading