പുന്നമടയാവാൻ അണിഞ്ഞൊരുങ്ങി മാൻവേഴ്സ് തടാകം…… മത്സര വള്ളംകളിക്കൊപ്പം ലൈവ് സ്റ്റേജ് പ്രോഗ്രാം, ഭക്ഷണ കൗണ്ടറുകൾ, 3500 കാർ പാർക്കിംങ്……

Posted by

ഉണ്ണി മുകുന്ദൻ, വിഷ്ണു, മാളവിക, ഷെഫ് പിള്ള എന്നിവര്‍ വിശിഷ്ടാതിഥികൾ 

(അലക്സ് വർഗ്ഗീസ്സ്,  യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു.കെയിലെ മലയാളികള്‍ ആവേശത്തോടെ  കാത്തിരിക്കുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2022” സംഘടിപ്പിച്ചിരിക്കുന്ന നാളെ ഓഗസ്റ്റ് 27 ശനിയാഴ്ച്ച മാന്‍വേഴ്സ് തടാകം യൂറോപ്പിലെ പുന്നമട കായലാകുവാന്‍ ഒരുങ്ങിക്കഴിഞ്ഞു.  കേരളാ പൂരത്തിൽ പങ്കെടുക്കുമെന്നറിയിച്ച സെലിബ്രിറ്റി ഗസ്റ്റുകൾ എല്ലാവരും എത്തിച്ചേർന്നു കഴിഞ്ഞു. ഉണ്ണി മുകുന്ദൻ, വിഷ്ണു എന്നിവരെ ലണ്ടനിൽ യുക്മ ലണ്ടൻ കോർഡിനേറ്ററും വള്ളംകളിയുടെ ജനറൽ കൺവീനറുമായ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ നാഷണൽ  ജോയിൻറ് ട്രഷറർ എബ്രഹാം പൊന്നും പുരയിടവും ചേർന്ന് സ്വീകരിച്ചു. പിന്നണി ഗായിക മാളവിക അനിൽകുമാറിനെ മുൻ യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോയും സ്വീകരിച്ചു. മലയാളിയുടെ രുചിക്കൂട്ട് ലോകത്തിന് മുന്നിൽ സ്നേഹത്തിൽ ചാലിച്ച് വിളമ്പുന്ന ഷെഫ് പിള്ള നേരത്തേ തന്നെ യുക്മയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്നിരുന്നു.
തടാകത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന പാര്‍ക്കില്‍ കഴിഞ്ഞ മൂന്ന് തവണയും ലഭിച്ചതു പോലെ തന്നെ ഒരു ദിവസം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. യു.കെയിലെ വിവിധ  ഭാഗങ്ങളില്‍ നിന്നുമുള്ള 27 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. മത്സരിക്കുന്ന ടീമുകള്‍ക്കൊപ്പം തന്നെ യുക്മയിലെ അംഗ അസോസിയേഷനുകളും വണ്‍ ഡേ ഫാമിലി ടൂര്‍ എന്ന നിലയില്‍ ബസ്സുകളിലും കോച്ചുകളിലുമായിട്ടാണ് എത്തിച്ചേരുന്നത്. കോച്ചുകള്‍ക്കും കാറുകള്‍ക്കും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകം പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 
ഓഗസ്റ്റ് 27 ശനിയാഴ്ച്ച നടത്തപ്പെടുന്ന “കേരളാ പൂരം 2022″നോട് അനുബന്ധിച്ച് എല്ലാവര്‍ക്കും ആസ്വദിക്കത്തക്ക വിധമുള്ള വിവിധ സൗകര്യങ്ങള്‍ മാന്‍വേഴ്സ് തടാകത്തിന്റെ  പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു. 

 

സെലിബ്രിറ്റി ഗസ്റ്റുകള്‍
യുക്മ കേരളാപൂരം വള്ളംകളി – 2022 ന് ആവേശം പകരാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകന്‍, മേപ്പടിയാന്‍ ഫെയിം വിഷ്ണു മോഹൻ, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മാളവിക അനിൽകുമാർ, ലോക പ്രശസ്ത പാചക വിദഗ്ദൻ ഷെഫ് സുരേഷ് പിള്ള തുടങ്ങിയവർ എത്തിക്കഴിഞ്ഞു. കൂടാതെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിന്നുള്ള എം.പിമാര്‍, മേയര്‍മാര്‍, കൗണ്‍സിലേഴ്സ്, പ്രമുഖ ഗായകരും നര്‍ത്തകരുമെല്ലാം ഒത്തുചേരുന്നതായിരിക്കും വിശിഷ്ടാതിഥികളുടെ നിര.  

“കേരളാപൂരം 2022” മത്സരവേദിയും പ്രവേശനവും  
മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളും ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്‌. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത്‌ ഭാഗത്ത്‌ നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്‌. പ്രധാന സ്റ്റേജ്‌, ഭക്ഷണ ശാലകള്‍, മറ്റ്‌ പ്രദര്‍ശന സ്റ്റാളുകള്‍  എന്നിവ ചുറ്റുമുള്ള പുല്‍തകിടിയിലാവും ഒരുക്കുന്നത്‌. ഒരേ സ്ഥലത്ത്‌  നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ്‌ പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌. യു.കെയിലെ ബോട്ട് റേസ് നടത്തുന്നതിന് സൗകര്യമുള്ള മറ്റ് തടാകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തടസ്സങ്ങളൊന്നുമില്ലാതെ കരയിലെ ഏത് ഭാഗത്ത് നില്‍ക്കുന്ന കാണികള്‍ക്കും തടസ്സങ്ങളില്ലാതെ മത്സരം വീക്ഷിക്കാമെന്നുള്ളത് വേദിയെ ശ്രദ്ധേയമാക്കുന്നു. 
ശനിയാഴ്ച്ച രാവിലെ 8.30 മുതല്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിലേയ്ക്കുള്ള പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം പാര്‍ക്കില്‍ പ്രവേശിക്കുന്ന അഞ്ച് വയസ്സിന് മുകളിലേയ്ക്കുള്ള എല്ലാവരും സംഘാടകര്‍ നല്‍കുന്ന റിസ്റ്റ് ബാന്റ് ധരിക്കേണ്ടതാണ്. തിരക്ക് ഒഴിവാക്കുന്നതിന് പ്രവേശനത്തിനായി നാല്  കൗണ്ടറുകള്‍ ഉണ്ടായിരിക്കും. പ്രോഗ്രാം കമ്മറ്റി ഫിനാന്‍സ് മാനേജര്‍മാരായ ഡിക്സ് ജോര്‍ജ്ജ്, എബ്രാഹം പൊന്നുംപുരയിടം, പീറ്റര്‍ താണോലില്‍ എന്നിവരുടെ  നേതൃത്വത്തിലുള്ള വിപുലമായ ടീം പ്രവേശന കവാടത്തില്‍ തിരക്കുകള്‍ ഉണ്ടാവാത്ത വിധത്തില്‍ പ്രവേശന നിരക്ക് ഈടാക്കി റിസ്റ്റ് ബാന്റ് നല്‍കുന്നതായിരിക്കും. 
പ്രവേശന ഫീ: 3 പൗണ്ട് (5 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ഫ്രീ ആയിരിക്കും).      
പാര്‍ക്കിംഗ്:  
വിശാലമായ പാര്‍ക്കിങ് സൗകര്യം അന്നേ ദിവസം എത്തിച്ചേരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 3500 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക ഗ്രൗണ്ട് സംഘാടകസമിതി ക്രമീകരിച്ചിട്ടുണ്ട്. പാര്‍ക്കിംഗിനായുള്ള ഗ്രൗണ്ടിന് വാടക നല്‍കണമെങ്കിലും ഇവന്റിന് എത്തിച്ചേരുന്ന എല്ലാവര്‍ക്കും പാര്‍ക്കിംഗ് തികച്ചും സൗജന്യമായിരിക്കും. പരിപാടിയ്ക്കായി എത്തിച്ചേരുന്ന കാറുകള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് പാര്‍ക്കിങ് അറ്റന്റുമാര്‍ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്.
 
കാര്‍ പാര്‍ക്കിംഗ് അഡ്രസ്സ് & പോസ്റ്റ് കോഡ്: 
Triangle Car Park, Station Road, Wath upon Dearne, Rotherham, S63 7DG 
Pump House Car Park, Station Road, Wath upon Dearne, Rotherham, S63 7DG 
 ടീമുകള്‍ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും അല്പദൂരം മാറിയാണ് കോച്ചുകളുടെ പാര്‍ക്കിങ് ക്രമീകരിച്ചിട്ടുള്ളത്. 
കോച്ച് പാര്‍ക്കിംഗ് നടത്തേണ്ട സ്ഥലം: 
Recreation Road, Wath upon Dearne, Rotherham, S63 7DG
വള്ളംകളി വീക്ഷിക്കുന്നതിനുള്ള സൗകര്യം 
തടാകത്തിന്റെ ചുറ്റുമുള്ള സ്ഥലത്ത് നിന്ന് വള്ളംകളി മത്സരം നേരിട്ട് കാണുന്നതിന്  അവസരമുണ്ടായിരിക്കും. ആളുകള്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് വിശാലമായ പുല്‍ത്തകിടിയുമുണ്ട്. ഒരേ സമയം പതിനായിരത്തില്പരം ആളുകള്‍ക്ക് യാതൊരു തിരക്കും കൂട്ടാതെ തന്നെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. 
ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ്
കഴിഞ്ഞ തവണ ലൈവ് പ്രോഗ്രാം നടത്തുന്നതിന് സ്റ്റേജ് സജ്ജീകരിച്ചിരിച്ച തടാകത്തിന്റെ തീരത്ത് തന്നെയാവും ഇത്തവണയും സ്റ്റേജ് ക്രമീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്ത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാരൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും. മനോജ്കുമാര്‍ പിള്ള, ലിറ്റി ജിജോ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ ക്രമീകരണം നടന്നു വരുന്നു.
ഭക്ഷണ കൗണ്ടറുകള്‍:
മിതമായ നിരക്കില്‍ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള വിവിധ കൗണ്ടറുകള്‍ അന്നേ ദിവസം പാര്‍ക്കില്‍  പ്രവര്‍ത്തിക്കുന്നതായിരിക്കും. ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെയുള്ള ഭക്ഷണ പാനീയങ്ങള്‍ ഈ കൗണ്ടറുകളില്‍ നിന്നും ലഭ്യമായിരിക്കും. യു.കെയിലെ സൗത്ത് വെസ്റ്റിലുള്ള ടോണ്‍ടണ്‍ നിന്നുള്ള മട്ടാഞ്ചേരി റസ്റ്റോറന്റ് & കേറ്ററിങ് കമ്പനിയാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ആളുകള്‍ക്ക് ഒരു ഫുഡ് ഫെസ്റ്റിവലിന്റെ അനുഭവം നല്‍കുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങളാണ് ഔട്ട്ഡോര്‍ കേറ്ററിങില്‍ അനുഭവസമ്പന്നരായ മട്ടാഞ്ചേരി ടീം നടത്തിവരുന്നത്. ഇത്തവണത്തെ യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ഉള്‍പ്പെടെ വലിയ കേറ്ററിങ് പരിപാടികള്‍ നടത്തിയ നടത്തി വിജയിപ്പിച്ച  അനുഭവ സമ്പത്ത് കേരളാ പൂരത്തിൽ പകര്‍ന്ന് നല്‍കാനൊരുങ്ങുകയാണ് മട്ടാഞ്ചേരി കാറ്ററിംങ്ങ് കമ്പനി.    
 വള്ളംകളി മത്സരത്തില്‍ വിവിധ ടീമുകളെ  പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയാണ് യുക്മയുടെ നേതൃത്വത്തില്‍ നടത്തുന്ന “കേരളാ പൂരം 2022”. യൂറോപ്പില്‍ മലയാളികള്‍ നടത്തുന്ന ഏക വള്ളംകളി മത്സരവും കാണുന്നതിനും  ആസ്വദിക്കുന്നതിനുമായുള്ള അവസരം എല്ലാ യു.കെ മലയാളികളും വിനയോഗിക്കണമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. 
മത്സരവള്ളംകളി സംബന്ധിച്ച് ടീം ക്യാപ്റ്റന്മാര്‍ ബന്ധപ്പെടേണ്ടത്:-
ജയകുമാര്‍ നായര്‍: 07403223066
ജേക്കബ് കോയിപ്പള്ളി: 07402935193
  കേരളാ പൂരം 2022മായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക്:-
ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്) : 07904785565,  
കുര്യൻ ജോർജ് ( ജനറൽ സെക്രട്ടറി) : 07877348602 
ഷീജോ വര്‍ഗ്ഗീസ്: 07852931287

Discover more from

Subscribe to get the latest posts sent to your email.

Discover more from

Subscribe now to keep reading and get access to the full archive.

Continue reading