സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റിലാണ് റെയ്ഡ് നടക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകയെന്നു കരുതുന്ന സ്വപ്ന സുരേഷ് യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയാണ്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍സുലേറ്റിലെ പി.ആര്.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.
സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നതെന്നാണ് സൂചന. നേരത്തെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നതായാണ് വിവരം. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
അന്വേഷണത്തിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും; പിണറായി വിജയന്
സ്വര്‍ണക്കടത്ത് കേസില്‍ അനാവശ്യ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്വപ്ന സുരേഷിനെ വകുപ്പില്‍ നിയമിച്ചത് തന്റെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികള്‍ക്ക് ഒളിക്കാനുള്ള ലാവണമല്ലെന്ന് കഴിഞ്ഞ ഏതാനം വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടു തന്നെ വ്യക്തമാണ്. ഇത്തരമൊരു ആരോപണത്തിലൂടെ സര്‍കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഏതെങ്കിലുമൊരു സംഭവം സംസ്ഥാനത്ത് ഉണ്ടായാല്‍ അതില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും കുടുക്കാനായി വല്ല വഴിയുമുണ്ടോയെന്ന് ആണ് ചില ആളുകളുടെ ആലോചനയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ 20000 കടന്ന് മരണം; കോവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്
രാജ്യത്ത് കോവിഡ് ബാധിതര്‍ ഏഴുലക്ഷവും മരണം ഇരുപതിനായിരവും കടന്നു. അമേരിക്കയും ബ്രസീലും മാത്രമാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. മരണത്തില്‍ ലോകത്ത് എട്ടാമതാണ് ഇന്ത്യ. ജനുവരി 30ന് ആദ്യ രോ?ഗി റിപ്പോര്‍ട്ടുചെയ്യപ്പെട്ടശേഷം 117 ദിവസമെടുത്താണ് ഒരു ലക്ഷമെത്തിയത്. അഞ്ചുലക്ഷമെത്താന്‍ വേണ്ടിവന്നത് 39 ദിവസം. പിന്നെ പത്തുദിവസകൊണ്ട് 7,20,000 ആയി. ഓരോ അഞ്ചുദിവസത്തിലും ഒരു ലക്ഷം രോ?ഗികള്‍വീതം വര്‍ധിക്കുന്നു. മാര്‍ച്ച് 13ന് ആദ്യ കോവിഡ് മരണമുണ്ടായി. 10000 മരണമെത്താന്‍ 95 ദിവസം വേണ്ടിവന്നു. എന്നാല്‍, 20000 എത്താന്‍ വേണ്ടിവന്നത് 20 ദിവസംമാത്രം. ഒരാഴ്ചയായി ദിവസം നാനൂറിലേറെയാണ് മരണം.
രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 2,06,619 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 8,822 പേര് മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 1,14,978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേര് രോഗബാധയേ തുടര്‍ന്ന് മരിച്ചു. 3,827 പേര്‍ക്കാണ് തമിഴ്നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്.
മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയിലും ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,379 പേരിലാണ് ഡല്‍ഹിയില്‍ പുതിയതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,823 ആയി. 48 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 3,115 പേരാണ് ഇതുവരെ കോവിഡ് ബാധയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ മരിച്ചത്.
കുവൈത്ത് വിദേശികളെ കുറയ്ക്കുന്നു ; 8 ലക്ഷം ഇന്ത്യക്കാര്‍ പുറത്താകും
ഇന്ത്യക്കാരടക്കം വിദേശികളുടെ എണ്ണം ജനസംഖ്യയുടെ 70 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കാനുള്ള കരട് ബില്ലിന് കുവൈത്ത് പാര്‍ലമെന്റിന്റെ നിയമ നിര്‍മാണ സമിതിയുടെ അംഗീകാരം. ഇന്ത്യക്കാരുടെ എണ്ണം 15 ശതമാനത്തിലും ഈജിപ്തുകാരുടേത് 10 ശതമാനത്തിലും കൂടരുതെന്നാണ് വ്യവസ്ഥ. ബില്‍ നിയമമായാല്‍ എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് കുവൈത്ത് വിടേണ്ടിവരും.
കുവൈത്തിലെ ഏറ്റവും വലിയ വിദേശ സമൂഹമാണ് ഇന്ത്യക്കാരും ഈജിപ്തുകാരും. 42.71 ലക്ഷം വരുന്ന ജനസംഖ്യയില്‍ വിദേശികള്‍ 33.35 ലക്ഷമാണ്. ഇതില്‍ 14.5 ലക്ഷം ഇന്ത്യക്കാരാണ്. ഇതില്‍ നല്ലൊരുശതമാനം മലയാളികളാണ്. കുവൈത്തില്‍ ഏകദേശം മൂന്ന് ലക്ഷത്തോളും മലയാളികളുണ്ട്.
പ്രവാസി ജനസംഖ്യയില്‍ 25 ലക്ഷം പേരെ കുറയ്ക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. അഞ്ച് എംപിമാര്‍ കൊണ്ടുവന്ന കരട് ബില്‍ കഴിഞ്ഞ മാസമാണ് പാര്‍ലമെന്റില്‍ എത്തിയത്. മന്ത്രിസഭ അംഗീകരിച്ചാല്‍ ബില്‍ നിയമമാകും. ഒക്ടോബറില്‍ പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കുംമുമ്പ് നിയമനിര്‍മാണത്തിനാണ് നീക്കം.
ഗല്‍വാന്‍ താഴ് വരയില്‍ നിന്നും ചൈനീസ് സേന ഒരു കിലോമീറ്റര്‍ പിന്മാറി
സമാധന ചര്‍ച്ചകള്‍ തുടരുന്നതിനിടെ കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷഭരിതമായ ഗല്‍വാന്‍ താഴ് വരയില്‍ നിന്നും ചൈനീസ് സേന പിന്മാറാന് തുടങ്ങി. സംഘര്‍ഷമേഖലയില്‍ ഒരു കിലോമീറ്ററോളമാണ് ചൈനീസ് സേന പിന്മാറിയത്. ജൂണ്‍ 15ന് രാത്രി ഏറ്റുമുട്ടലുണ്ടായ സ്ഥലത്തെ ചൈനയുടെ താല്‍ക്കാലിക നിര്‍മിതികളും പൊളിച്ചു നീക്കി. ഇന്ത്യന്‍സേനയും ഇവിടെനിന്ന് പിന്‍വാങ്ങിയതായും ഇരുസേനകള്‍ക്കും ഇടയില്‍ കരുതല്‍ അകലം രൂപംകൊണ്ടുവെന്നും സേനാകേന്ദ്രങ്ങള്‍ പറഞ്ഞു. അതിര്‍ത്തിതര്‍ക്കം നിലനില്‍ക്കുന്ന ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര മേഖലകളില്‍ നിന്നും ചൈനീസ് പട്ടാളം പിന്മാറ്റം തുടങ്ങി
ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശമന്ത്രി വാങ്യീയും രണ്ട് മണിക്കൂര്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയതിനു പിന്നാലെയാണ് പിന്മാറ്റം. അതിര്‍ത്തിയില്‍ അടുത്തിടെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് സമഗ്രവിലയിരുത്തല് ഉണ്ടായെന്ന് വിദേശമന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയില്‍ സുസ്ഥിര സമാധാനവും സ്വസ്ഥതയും ഉറപ്പാക്കുന്നതുവരെ പ്രത്യേക പ്രതിനിധികള്‍ എന്ന നിലയില്‍ ഡോവലും വാങ്യീയും സംഭാഷണം തുടരും.
പ്രതിപക്ഷ നേതാവിന് പുറമെ രണ്ടു മന്ത്രിമാര്‍ക്കും കോവിഡ്; യുപിയില്‍ സ്ഥിതി രൂക്ഷമാകുന്നു
ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. പ്രതിപക്ഷ നേതാവിന് പുറമെ, സംസ്ഥാനമന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിമാരായ ധരം സിങ് സെയ്നി, രാജേന്ദ്ര പ്രതാപ് സിങ് എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ആയുഷ് മന്ത്രി ധരം സിങ് സെയ്നിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ സഹാരണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കുടുംബാംഗങ്ങളെ ഹോം ക്വാറന്റീനിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമവികസനമന്ത്രി രാജേന്ദ്രപ്രതാപ് സിങിന് ( മോട്ടി സിങ് ) കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ, മകന്, മരുമകള്‍, പേരക്കുട്ടി എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ രാം ഗോവിന്ദ് ചൗധരിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനിയെത്തുടര്‍ന്ന് ലഖ്നൗവിലെ സ്വകാര്യആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ എസ്ജിപിജിഐ മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസംബന്ധമായ അസുഖമുള്ള ഇദ്ദേഹത്തിന് ഓക്സിജനും നല്കി വരുന്നതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചിരുന്നു.
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. ഇതുവരെ 26,554 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 773 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.