കേരളത്തില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകളില്‍ വര്‍ദ്ധന; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജാഗ്രത കര്‍ശനമാക്കുന്നു.                            തിരുവനന്തപുരത്ത് ക്രട്ടറിയേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. നഗരത്തിലെ ആറ് വാര്‍ഡുകള്‍ ഏഴ് ദിവസം കൂടി കണ്ടെയിന്‍മെന്റ് സോണായി തുടരും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ല, ആള്‍ക്കൂട്ടം, അനാവശ്യ യാത്രകള്‍ തുടങ്ങിയവ നിയന്ത്രിക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇതുവരെ 258 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളത്ത 191 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

 വിദേശത്ത് നിന്നെത്തിയ എല്ലാവരിലും ആന്റിജന്‍ ടെസ്റ്റ് നടത്തും. എറണാകുളം മാര്‍ക്കറ്റ് അടച്ചു. ജനങ്ങള്‍ തിങ്ങിക്കൂടുന്ന പൊതു പരിപാടികളും സമര പരിപാടികളുമുള്‍പ്പെടെയുള്ളവ കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളോട് ആവശ്യപ്പെട്ടു                                                  കോഴിക്കോട് ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം മൂന്നായി. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കോഴിക്കോട്ട് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 297 ആയി.

കടല്‍ കൊലക്കേസ്: ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളി കളെ നിഷ്ഠൂരമായി വെടിവച്ചുകൊന്ന കേസില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ യുള്ള ഇടപെടല്‍ തുടക്കത്തിലും അന്താരാഷ്ട്ര ട്രിബ്യൂണലിലെ (ഇന്റര്‍നാഷണല്‍ ട്രിബ്യൂണല്‍ ഓണ്‍ ലോ ഓഫ് ദ സീ) നടപടികളിലും ഉണ്ടായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കേസിലെ പ്രതികളെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ പറ്റില്ലെന്ന വിധി അന്താരാഷ്ട്ര ട്രിബ്യൂണലില്‍ നിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണ്. ഈ കേസില്‍ നമ്മുടെ പൗരന്മാര്‍ക്ക് സാധ്യമായ നീതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കുറ്റവാളികള്‍ ഇന്ത്യയിലെ വിചാരണയില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഈ പ്രശ്‌നത്തില്‍ മറ്റ് സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വന്ദേഭാരത് മിഷന്‍; ഒമ്പത് വിമാനത്തിന്റെ ടിക്കറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നു

വന്ദേഭാരത് മിഷന്‍ വഴി ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതുതായി പ്രഖ്യാപിച്ച ഒമ്പത് വിമാനത്തിന്റെ ടിക്കറ്റ് വിറ്റു തീര്‍ന്നത് 15 മിനിറ്റിനുള്ളില്‍. ജൂലൈ എട്ട് മുതല്‍ 14 വരെയുള്ള വിമാനങ്ങളുടെ ടിക്കറ്റാണ് ഞൊടിയിടയില്‍ വിറ്റു തീര്‍ന്നത്. ഒമ്പതില്‍ മൂന്ന് വിമാനം ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കാണ്. 10-ന് തിരുവനന്തപുരം, 11-ന് കൊച്ചി, 14-ന് തിരുവനന്തപുരം എന്നിവയാണ് കേരളത്തിലേക്കുള്ള വിമാനങ്ങള്‍.
വെള്ളിയാഴ്ചയാണ് ഷാര്‍ജയില്‍ നിന്നുള്ള ഒമ്പത് വിമാനത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. വന്ദേഭാരത് മിഷന്‍ നിരക്കില്‍ എയര്‍ ഇന്ത്യയുടെ സൈറ്റ് വഴിയും ട്രാവല്‍ ഏജന്റുമാര്‍ വഴിയും ടിക്കറ്റെടുക്കാമെന്നും അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ടിക്കറ്റ് വില്‍പന തുടങ്ങി മിനിറ്റുകള്‍ കഴിഞ്ഞ് സൈറ്റില്‍ കയറിയവര്‍ക്ക് പോലും ‘സോള്‍ഡ് ഔട്ട്’ എന്നാണ് കാണാന്‍ കഴിഞ്ഞത്.
ആദ്യഘട്ടത്തില്‍ ജൂലൈ മൂന്ന് മുതല്‍ 14 വരെയുള്ള 33 വിമാനത്തിന്റെ പട്ടിക പുറത്തുവിട്ടിരുന്നു. ഈ വിമാനങ്ങളുടെ ടിക്കറ്റും ബുക്കിംഗ് ദിവസം തന്നെ വിറ്റ് തീര്‍ന്നിരുന്നു. എന്നാല്‍, ഈ പട്ടികയില്‍ ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഉറക്കം വില്ലനായി; വിസ റദ്ദാക്കി നാട്ടിലേക്ക് പുറപ്പെട്ട മലയാളിയുടെ യാത്ര മുടങ്ങി

വിസ റദ്ദാക്കി നാട്ടിലേക്ക് പുറപ്പെടാനായി മണിക്കൂറുകള്‍ക്ക് മുന്‍പ് വിമാനത്താവളത്തിലെത്തി, പക്ഷേ ഉറക്കം വില്ലനായത് കാരണം മലയാളിയുടെ യാത്രമുടങ്ങി. മുസഫയില്‍ സറ്റോര്‍ കീപ്പറായ തിരുവനന്തപുരം കാട്ടാക്കട അഹദ് മന്‍സിലില്‍ പി.ഷാജഹാനാ(53)ണ് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്‌സ് ജംബോ വിമാനത്തിലെ യാത്ര മുടങ്ങി വിമാനത്താവളത്തില്‍ കുടുങ്ങിയത്.
വ്യാഴാഴ്ചയാണ് സംഭവം. ടാക്‌സി പിടിച്ച് കൃത്യസമയത്ത് തന്നെ ദുബൈ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍-3 ലെത്തുകയും ചെയ്തു. ഉച്ചയ്ക്ക് 2ന് വിമാനത്തവളത്തില്‍ കോവിഡ് 19 റാപിഡ് പരിശോധന നടത്തി ചെക്ക് ഇന്‍ ചെയ്ത ശേഷം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വൈകിട്ട് നാലരയോടെ ഉറക്കത്തിലായി. വിമാനം ടെയ്ക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് അധികൃതര്‍ അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഷാജഹാനെ കൂടാതെ വിമാനം പറന്നു.
വിസ റദ്ദാക്കിയതിനാല്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ സാധിക്കുകയില്ല. തന്റെ ചെറിയ അശ്രദ്ധ വരുത്തിവച്ച വിനയോര്‍ത്ത് വിമാനത്താവളത്തിലെ കസേരയിലിരുന്ന് സമയം തള്ളിനീക്കുകയാണ് ഇദ്ദേഹം. ഇനി വരും ദിവസങ്ങളില്‍ ഏതെങ്കിലും വിമാനത്തില്‍ മാത്രമേ ഷാജഹാന് നാട്ടിലെത്താന്‍ സാധിക്കുള്ളു.
ആറ് വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം കോവിഡ് പശ്ചാത്തലത്തില്‍ ജോലിയില്ലാത്തതിനാലാണ് നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.

കോവിഡ് വാക്സിനായി 149 ഗവേഷണങ്ങള്‍

കോവിഡിനെ ചികിത്സക്കുള്ള വാക്സിന്‍ കണ്ടെത്താന്‍ ലോകവ്യാപകമായി നടക്കുന്നത് 149 ഗവേഷണങ്ങള്‍. ഇതില്‍ 18 എണ്ണം മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള ഘട്ടത്തിലെത്തി. ഇന്ത്യയില്‍മാത്രം മുപ്പതോളം വാക്സിന്‍ പരീക്ഷണമാണ് പുരോഗമിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില എന്ന മരുന്നുനിര്‍മാണ കമ്പനി വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡിസിജിഐയുടെ യോഗ്യത നേടിക്കഴിഞ്ഞു. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാ സെനെക്കയും വികസിപ്പിച്ച സാധ്യതാ വാക്സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ചൈന പുറത്തിറക്കിയ കൊറോണ വാക്സിന്‍ നിലവില്‍ സൈനികര്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

കിഴക്കന്‍ ലഡാക്കില്‍ 15,000 സൈനികര്‍ കൂടി

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ച് ഇന്ത്യ. യുപിയില്‍ നിന്ന് ഒരു ഡിവിഷന്‍ (ഏകദേശം 15,000 സൈനികര്‍) കൂടി എത്തിയതോടെ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭടന്മാരുടെ എണ്ണം 50,000 കവിഞ്ഞു. ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിര്‍ത്തിയിലെത്തിച്ചു.

നാഗാലാന്‍ഡില്‍ നായ്ക്കളെ കൊന്ന് തിന്നുന്നതിന് വിലക്ക്

സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നായയിറച്ചി വില്‍ക്കുന്നതിന് നാഗാലാന്‍ഡില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പാകം ചെയ്തതും അല്ലാത്തതുമായി നായയിറച്ചി വില്‍പനയും നായ്ക്കളെ വില്‍ക്കുന്നതിനുമാണ് വിലക്ക്. നായ്ക്കളെ ഇറക്കുമതി ചെയ്യുന്നതിനും നായ് ചന്ത പ്രവര്‍ത്തിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നായ്ക്കളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന്, മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടിരുന്നു. ദിമാപുരിലെ ചന്തയില്‍ നായ്ക്കളെ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.