വെള്ളപ്പൊക്കം: അസമിൽ നൂറിലേറെപ്പേർ മരിച്ചു

അസമില്‍ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ധേമാജി, ലഖിംപുര്‍, ബിശ്വന്ത്,സോനിത്പുര്‍, ചിരംഗ്, ഉദല്‍ഗുരി, ഗൊലാഘട്ട്, ജോര്‍ഹട്ട്, മജുലി,ശിവസാഗര്‍, ദിര്‍ബുഗഡ്, തിന്‍സുകിയ തുടങ്ങിയ ജില്ലകളേയാണ് പ്രളയം ബാധിച്ചത്. കനത്ത മഴയില്‍ മണ്ണിടിച്ചിലുകളില്‍ പെട്ട് നിരവധി പേര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ബ്രഹ്മപുത്ര, ധന്‌സിഞരി, ജിയാ ഭരാലി, കോപിലി, ബേകി, കുഷിയാര എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.  സംസ്ഥാനത്തെ 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലാണ് പ്രളയം വ്യാപിച്ചിരിക്കുന്നത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1.25 ലക്ഷം ആളുകളാണ് കഴിയുന്നത്.

സ്വർണ കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സസ്പെൻഷൻ.

വിവാദ സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവിശങ്കറിന് സസ്പെൻഷൻ. മുഖ്യമന്ത്രിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഓൾ ഇന്ത്യാ സർവീസിന് നിരക്കാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന് കണ്ടെത്തിയതായും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചതായും വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സിപിഎം നേതാക്കളുമായും സിപിഐ മന്ത്രിമാരുമായും നേരത്തെ ചർച്ചനടത്തിയിരുന്നു. സ്വ‍ർണ്ണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കരനുമായുള്ള ബന്ധത്തിൻറെ പല തെളിവുകളും പുറത്തുവന്നിട്ടും ശിവശങ്കരനെതിരെ നടപടി വൈകുന്നത് വലിയ വിവാദമായിരുന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു; മരണം 25,588

ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ 10 ലക്ഷം കവിഞ്ഞു. ഇതുവരെ 10,01,665 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ കാല്‍ലക്ഷം കടന്നു. ഇതുവരെ 25,588 പേരാണ് മരിച്ചത്. 6,34,006 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 3,41,681 പേര്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 31,496 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 659 മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെ രൂക്ഷം. മഹാരാഷ്ട്രയില്‍ ഇതുവരെ 2,84,281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,194 പേര്‍ മരിച്ചു.
തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,56,369 ആയി. മരണം 2,236.
ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1,18,645 ആയും മരണസംഖ്യ 3,545 ആയും ഉയര്‍ന്നു. 
കര്‍ണാടകയില്‍ രോഗം ബാധിച്ചവര്‍ 51,422. മരണം 1,037. ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 45,567 ആയി. മരണം 2,090. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 43,441. മരണം 1,046.
തെലുങ്കാനയില്‍ രോഗം ബാധിച്ചവര്‍ 39,342. മരണം 386. ആന്ധ്രപ്രദേശില്‍ 38,044 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 492 പേര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ രോഗം ബാധിച്ചവര്‍ 36,117. മരണം 1,023. രാജസ്ഥാനില്‍ 26,580 പേര്‍ക്ക് രോഗംബാധിച്ചതില്‍ 534 പേര്‍ മരിച്ചു. ഹരിയാനയില്‍ രോഗം ബാധിച്ചവര്‍ 24,002. മരണം 322. ബിഹാറില്‍ 21,558 പേര്‍ക്ക് രോഗംബാധിച്ചതില്‍ 167 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ ഇതുവരെ 20,378 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 689.
ചികിത്സയിലുള്ളവരേക്കാള്‍ രോഗമുക്തരായവരുടെ എണ്ണം കൂടുതലാണ് എന്നത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാവുന്ന കണക്ക്. 

ഇന്ത്യ- അമേരിക്ക നയതന്ത്ര പങ്കാളിത്തം: രണ്ടാമത് മന്ത്രിതല ചര്‍ച്ച ഇന്ന്

ഇന്ത്യ- അമേരിക്ക നയതന്ത്ര പങ്കാളിത്തവുമായി ബന്ധപ്പെട്ട രണ്ടാമത് മന്ത്രിതല ചര്‍ച്ച ഇന്ന്. വാഷിങ്ടണ്ണില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ചര്‍ച്ച കൊവിഡ് സാഹചര്യത്തില്‍ വെര്‍ച്വല്‍ സമ്മേളനമായാണ് നടക്കുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും ഊര്‍ജ്ജ- പെട്രോളിയം മന്ത്രിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഇന്നത്തെ ചര്‍ച്ചയ്ക്ക് മുന്നോടിയായ് ഇന്ത്യയിലെ ഉയര്‍ന്നു വരുന്ന പുതിയ അവസരങ്ങളില്‍ പങ്കാളികളാകാനും നിക്ഷേപം നടത്താനും കേന്ദ്രമന്ത്രി ധര്‍മ്മേപന്ദ്ര പ്രധാന്‍ അമേരിക്കന്‍ കമ്പനികളെയും നിക്ഷേപകരെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തില്‍ ദീര്‍ഘംകാലം നിലനില്‍ക്കുന്ന പ്രധാന കണ്ണിയാണ് ഊര്‍ജ പങ്കാളിത്തം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടാഴ്ചയ്ക്കകം GAIL (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പദ്ധതി പ്രവര്‍ത്തനമാരംഭിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

യുഡിഎഫ് ഭരണത്തിൽ നടപ്പാക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെട്ട ഗെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് തന്നെ മുതല്‍ക്കൂട്ടാവുന്ന ഗെയ്ല്‍ പദ്ദതി അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
രണ്ടാഴ്ചക്കുള്ളില്‍ കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക്  ഗ്യാസ് എത്തിക്കാന്‍ പദ്ദതി വഴി സാധിക്കും. ചന്ദ്രഗിരി പുഴയിലൂടെ ഉള്ള പൈപ്പ് സ്ഥാപിക്കൽ ഉടൻ തന്നെ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് പദ്ദതി നടപ്പാക്കാൻ ശ്രിമിച്ചപ്പോൾ ഉണ്ടായത് അതിനെയെല്ലാം തരണം ചെയ്ത് ജനങ്ങളെ ബോധവാന്മാരാക്കിയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്.

ഇന്ത്യയിൽ 20 വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 10 ലക്ഷത്തിലേറെ പേർ

ഇന്ത്യയിൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചത് 12 ലക്ഷത്തോളം പേരെന്ന് പുതിയ പഠനം. പാമ്പുകടിയേറ്റ് മരിച്ചവരിൽ പകുതിയോളം പേർ 30നും 69നും ഇടയിൽ പ്രായമുള്ളവരാണ്. ബിബിസിയാണ് ഈ പഠനത്തിന്റെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ കാലയളവിലാണ് ഇതിൽ പകുതിയോളം മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. ഭൂരിഭാഗം പേർക്കും പാമ്പുകടിയേറ്റിരിക്കുന്നത് കാലിലാണ്.
അണലി, ശംഖുവരയൻ, മൂർഖൻ എന്നീ വർഗ്ഗങ്ങളിൽപ്പെട്ട പാമ്പുകളുടെ കടിയേറ്റാണ് ഭൂരിഭാഗം പേരും മരിച്ചത്. പെട്ടെന്ന് എത്തിപ്പെടാവുന്ന ദൂരത്തിൽ ചികിത്സാ സൌകര്യം ലഭ്യമല്ലാത്തത് മരണനിരക്ക് കൂടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനം പറയുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദ സംഘം നടത്തിയ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇലൈഫ് എന്ന ഓപ്പൺ അക്സസ് ജേണലിലാണ്.