109 റൂട്ടുകളില്‍ തീവണ്ടി സര്‍വീസ് നടത്താന്‍ സ്വകാര്യ മേഖല; പ്രാരംഭ നടപടികള്‍ ആരംഭിച്ചു
സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ 109 റൂട്ടുകളില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 151 ആധുനിക ട്രെയിനുകള്‍ ഓടിക്കുന്നതിന് സ്വകാര്യ മേഖലയെ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റില്‍ വ്യക്തമാക്കി.
റെയില്‍വേയുടെ 12 ക്ലസ്റ്ററുകളിലെ 109 റൂട്ടുകളിലാണ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കുക. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്നവയായിരിക്കും ഈ തീവണ്ടികളെല്ലാം. ഓരോ തീവണ്ടിക്കും 16 കോച്ചുകള്‍ വീതമുണ്ടാകും. ഇവയുടെ നിര്‍മാണം, പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും.
റെയില്‍വേ 35 വര്‍ഷത്തേയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക. കമ്പനികള്‍ റെയില്‍വേയ്ക്ക് നിശ്ചിത തുക നല്‍കണം. ഇന്ത്യന്‍ റെയില്‍വേയുടെ ജീവനക്കാരായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഇന്ത്യന്‍ റെയില്‍വേ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ആയിരിക്കണം സര്‍വീസ് നടത്തേണ്ടത്.
സ്വകാര്യ മേഖലയില്‍നിന്ന് 30,000 കോടിയുടെ നിക്ഷേപം സമാഹരിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി. ഇതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, യാത്രാസമയം കുറയ്ക്കുക, സുരക്ഷ വര്‍ധിപ്പിക്കുക, ലോകനിലവാരത്തിലുള്ള യാത്രാസൗകര്യം ഒരുക്കുക എന്നിയൊക്കെ ലക്ഷ്യംവെക്കുന്നതായി മന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ റെയില്‍വേയില്‍ ആദ്യമായാണ് യാത്രാതീവണ്ടി സര്‍വീസിന് സ്വകാര്യ മേഖലയ്ക്ക് അവസരം നല്‍കുന്നത്. ഇതിന്റെ തുടക്കം എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ലക്നൗ-ഡല്‍ഹി പാതയില്‍ തേജസ് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചിരുന്നു.
തിരികെയെത്തുന്ന പ്രവാസികള്‍ക്കായി ‘ഡ്രീം കേരള’യുമായി സര്‍ക്കാര്‍
കൊവിഡിന്റെ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ഡ്രീം കേരള പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
ഇതിനായി മുഖ്യമന്ത്രി ചെയര്‍മാനായ സ്റ്റിയറിങ് കമ്മിറ്റിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് ഡോ കെഎം എബ്രഹാം ചെയര്‍മാനായി സമിതിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വിര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കും.
ഇന്ത്യക്ക് ലോകബാങ്കിന്റെ 56,650 കോടി രൂപയുടെ സഹായം
ഇന്ത്യക്ക് 750 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ലോകബാങ്ക് സഹായം നല്കി. കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് ഗുരുതര പ്രതിസന്ധിയിലായ ചെറുകിട മേഖലയെ സഹായിക്കാന്‍ 56,651.25 കോടി രൂപയാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഇതോടെ രാജ്യത്തെ 15 ലക്ഷത്തോളം സൂക്ഷ്മ-ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ദശലക്ഷക്കണക്കിന് തൊഴില്‍ സംരക്ഷിക്കാനും സാധിക്കുമെന്ന് ലോകബാങ്ക് അറിയിച്ചു. എംഎസ്എംഇകളെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് സംരക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകും.
ഇതിലൂടെ എംഎസ്എംഇകളെയും എന്‍ബിഎഫ്സികളെയും (ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍) സഹായിക്കാനാകുമെന്നാണ് കരുതുന്നത്. ഈ തുക പ്രത്യേകമായി ഏത് മേഖലയ്ക്കാണ് വിനിയോഗിക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ല. അടുത്ത ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യത്തില്‍ ലോകബാങ്ക് പ്രതിനിധികള്‍ കൂടിയാലോചന നടത്തും.
തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസ്; എസ്ഐ അറസ്റ്റില്‍
തമിഴ്നാട്ടിലെ തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസില്‍ പ്രതിയായ സാത്താന്‍കുളം പൊലീസ് സ്റ്റേഷന് എസ്ഐ രഘു ഗണേഷിനെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണു നടപടി. ലോക്ഡൗണ്‍ ലംഘിച്ചു മൊബൈല്‍ ഫോണ്‍ കട തുറന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ജയരാജനും മകന് ബെനിക്സുമാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. സംഭവം വലിയ പ്രതിഷോധത്തിന് ഇടയാക്കി. പൊലീസുകാരെ പ്രതികളാക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിരീക്ഷിച്ചിരുന്നു.
സാത്താന്‍കുളം സ്റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ പൊലീസുകാര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത രാത്രി ജയരാജനെയും ബെനിക്സിനെയും പൊലീസുകാര്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിച്ചതായാണു മൊഴി. ലാത്തിയിലും മേശയിലും ചോരക്കറ പുരണ്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെയാണ് പൊലീസുകാരി സഹപ്രവര്‍ത്തകര്‍ക്കെതിരെ മൊഴി നല്‍കിയത്. സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ സിബിസിഐഡി അന്വേഷണം നടത്തും.
ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്പി: അരുണ്‍ ബാലഗോപാലനെ മാറ്റി. ഹൈക്കോടതി നിര്‍ദേശപ്രകാരം സാത്താന്‍കുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു.
ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 6 ലക്ഷം പിന്നിട്ടു; 500 കടന്ന് പ്രതിദിന മരണം
ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 6,02,033 ആയി. മരണം 17,786. പ്രതിദിന മരണങ്ങളുടെ കണക്കില്‍ ചൊവ്വാഴ്ച റെക്കോര്‍ഡ് വര്‍ധനയാണ് 507. രോഗമുക്തിനിരക്ക് 60 ശതമാനത്തോളം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.8 ലക്ഷം കടന്നു. ഇതില്‍ 79,145 പേര് മുംബൈയിലാണ്.
3882 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലെ ആകെ രോഗികള്‍ 94,049. 1272 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ച കര്‍ണാടകയില്‍ രോഗികള്‍ 16514 ആയി ഉയര്‍ന്നു.