മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി തയ്യാറാക്കിയ സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പരിശോധന യൂനിറ്റ് ജില്ലാ കലക്ടര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.
ജില്ലയിലെ രോഗവ്യാപന പ്രദേശങ്ങളില്‍ സഞ്ചരിച്ച് രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലെ പി.സി.ആര്‍ ലാബില്‍ എത്തിക്കുകയാണ് യൂണിറ്റ്  ചെയ്യുക. ഒരേ സമയം രണ്ടു പേരുടെ സ്രവം ഈ വാഹനത്തില്‍ പരിശോധിക്കാനാവും.

വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കോഴിക്കോട് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള തീരത്ത് 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിനും 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോഴിക്കോട് മലയോര മേഖലയില്‍ ഇന്നലെ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. കാട്ടിനുള്ളില്‍ മഴ പെയ്യുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുകയാണ്. മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

ബാലഭാസ്‌കറിന്റെ മരണം; കേസ് സി.ബി.ഐ. ഏറ്റെടുത്തു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. കേരള പോലീസില്‍നിന്നാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്. കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഇപ്പോള്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്.
ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചില്‍നിന്ന് സി.ബി.ഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വാഹനം അപകടത്തില്‍ പെട്ടതില്‍ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍.

കേരളത്തിന് അഭിമാന നിമിഷം: 105 വയസുകാരിക്ക് കോവിഡ് മുക്തി

കേരളത്തിന്റെ കോവിഡ് 19 ചികിത്സക്ക് അഭിമാനമായി 105 വയസ് പ്രായമുള്ള ആള്‍ കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലം ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശിനിയാണ് കോവിഡ് മുക്തി നേടി ആശുപത്രി വിട്ടത്. കേരളത്തിലെ ഏറ്റവും പ്രായംകൂടിയ കോവിഡ് കൊറോണ ബാധിതയാണ് ഇവര്‍

അണ്‍ലോക്ക് 3: ഓഗസ്റ്റ് അവസാനം വരെ

കൊവിഡ് അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍. എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍, കര്‍ഫ്യു നടപടികള്‍ ശക്തമായിരിക്കും.
ജിംനേഷ്യങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കി. അതേസമയം, വലിയ കൂട്ടങ്ങള്‍ രൂപപ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. സ്‌കൂള്‍ അടക്കം പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഓഗസ്റ്റ് അവസാനം വരെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല.
സിനിമാ ഹാള്‍, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍, തിയേറ്ററുകള്‍, ബാര്‍, ഓഡിറ്റോറിയം തുടങ്ങിയ ആളുകള്‍ കൂടുന്ന സ്ഥലങ്ങളും തുറക്കാന്‍ അനുമതിയില്ല.

പാസ്റ്റര്‍ക്ക് കോവിഡ്; കണ്ടെയ്ന്‍മെന്റ് സോണില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥന

കണ്ടെയ്ന്‍മെന്റ് സോണില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥനനടത്തിയ പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി.
ഇയാളെ പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുകയും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയുംചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
പീരുമേട് പഞ്ചായത്തിലെ പതിമ്മൂന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായിരുന്നു. ഇവിടെ ഭവനസന്ദര്‍ശനം പാടില്ലെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശനനിര്‍ദേശം മറികടന്നാണ് പാസ്റ്റര്‍ വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ഥനനടത്തിയത്. ഇയാള്‍ സന്ദര്‍ശനംനടത്തിയ മുഴുവന്‍ വീട്ടുകാരും ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.

526 കോടി രൂപയ്ക്ക് പകരം 1670 കോടി ഓരോ വിമാനത്തിനും ചിലവായത് എന്തുകൊണ്ടാണ്?; ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

വ്യോമസേനയ്ക്കായുള്ള റഫാല്‍ വിമാനം ഇന്ത്യയില്‍ എത്തിയതോടെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്.
‘റഫാല്‍ വിമാനം സ്വന്തമാക്കിയ ഇന്ത്യന്‍ സേനയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞ രാഹുല്‍ മൂന്ന് ചോദ്യങ്ങളുമായാണ് രംഗത്ത് എത്തിയത്.
1. 526 കോടി രൂപയ്ക്കുപകരം. ഓരോ യുദ്ധ വിമാനത്തിനും എന്തുകൊണ്ട് 1670 കോടി ചെലവായി?
2. 126 വിമാനങ്ങള്‍ വാങ്ങേണ്ടതിന് പകരം എന്തുകൊണ്ടാണ് 36 യുദ്ധ വിമാനങ്ങള്‍ മാത്രം വാങ്ങിയതെന്നും?
3. എച്ച്.എ.എല്ലിന് പകരമായി എന്തിന് പാപ്പരായ അനില്‍ അമ്പാനിക്ക് തന്നെ 3000 കോടിയുടെ യുദ്ധ വിമാനക്കരാര്‍ നല്‍കിയതെന്നും അദ്ദേഹം ചോദിക്കുന്നു.
കോണ്‍ഗ്രസ് ബി.ജെ.പി ഭരണകാലത്തെ കരാറുകള്‍ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം, ബി.ജെ.പി സര്‍ക്കാരിന്റെ കരാറില്‍ 36 വിമാനങ്ങള്‍ ആണ് ലഭിക്കുക എങ്കില്‍. കോണ്‍ഗ്രസിന്റെ ഭരണകാലത്തെ കരാര്‍ പ്രകാരം 126 വിമാനങ്ങള്‍ ലഭിക്കും. ഒരു വിമാനത്തിന് 526 കോടി രൂപയ്ക്കുപകരം. ബിജെപി സര്‍ക്കാര്‍ വിമാനം ഒന്നിന് 1670 കോടി ചെലവാക്കി എന്നും രാഹുല്‍ ഗാന്ധി പറയുന്നു.