സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയില്‍ പ്രവര്‍ത്തനം തുടങ്ങി
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്കില്‍ ഇതുവരെ അമ്പതിലധികം രോഗമുക്തര്‍ പ്ലാസ്മ നല്കി. ഇനിയും ഇരുന്നൂറോളം പേര് പ്ലാസ്മ നല്കാന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര് കൂടി പ്ലാസ്മാ തൊറാപ്പിയിലൂടെ കഴിഞ്ഞ ദിവസം രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രോഗികള്‍ക്ക് പ്ലാസ്മ നല്‍കാനായി കോവിഡ് മുക്തരായ 22 പേര് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലുള്ള കോവിഡ് രോഗിക്ക് മഞ്ചേരിയില്‍ നിന്ന് പ്ലാസ്മ എത്തിച്ചു നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍നിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കും. ഇതാണ് ചികിത്സയ്ക്കായി കോവിഡ് രോഗികളില്‍ ഉപയോഗിക്കുക. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.
കേരളത്തില്‍ 593 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക് രോഗം
കേരളത്തില്‍ 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി നടന്നു. എറണാകുളം തടിക്കക്കടവ് സ്വദേശി കുഞ്ഞിവീരാന്‍ (67) ആണ് മരിച്ചത്. രക്തസമ്മര്‍ദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. കോവിഡ്, ന്യൂമോണിയ ബാധിച്ച് കളമശേരിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ രോഗം ബാധിച്ച് കേരളത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി.
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കടന്നു. 8,348 പേര്‍ക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 300937 ആയി. ഇത് വരെ 11596 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ മാത്രംം ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്.
കര്‍ണാടകത്തിലും സ്ഥിതി ഗുരുതരമാണ്. 4537 പുതിയ കേസുകള്‍ കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു, 93 മരണവും പുതുതായി സംസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ മാത്രം 2125 പേര്‍ക്ക് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ 509 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. കര്‍ണ്ണാടകത്തില്‍ ഇത് വരെ 59,652 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 1240 മരണങ്ങള് സംസ്ഥാനം ഔദ്യോദികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്നാടും കൊവിഡ് കണക്കില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4807 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 1,65,714 ആയി. മരണനിരക്കിലും വര്‍ധനയുണ്ട്. 24 മണിക്കൂറിനിടെ 88 പേര് കൂടി തമിഴ്നാട്ടില്‍ വൈറസ് ബാധിച്ച് മരിച്ചു.
രാജ്യ തലസ്ഥാനമായ ദില്ലിയില്‍ 24 മണിക്കൂറിനിടെ 1475 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 1,21,582 ആയി. 24 മണിക്കൂറിനിടെ 26 മരണം കൂടി സ്ഥിരീകരിച്ചു. ഇത് വരെ 3,597 മരണങ്ങളാണ് ദില്ലി സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ളത്.
ഇന്ത്യയില്‍ സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു: സ്ഥിതി വളരെ മോശമാകുമെന്ന് ഐ.എം.എ
രാജ്യത്ത് കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐ.എം.എ). സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്സണ്‍ ഡോ.വി.കെ.മോംഗ പറഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് വിദഗ്ദ്ധരുടെ ഈ വിലയി.രുത്തല്‍ വരുന്നത്.
അമേരിക്കക്കും ബ്രസീലിനും പിന്നില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ലോകത്തിലെ മൂന്നമാത്തെ രാജ്യമാണ് നിലവില്‍ ഇന്ത്യ. പത്ത് ലക്ഷത്തിന് മുകളില്‍ കോവിഡ് ബാധിതരുണ്ട് ഇപ്പോള്‍ രാജ്യത്ത്.
സ്വപ്നയും കൂട്ടാളികളും വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് 23 തവണ
തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണക്കടത്തിന്റെ ഭാഗമായി സ്വപ്ന സുരേഷും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തിയതായി വിവരം. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്നും കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. ഇത്തരത്തില്‍ വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണം ഒഴുകിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്.
2019 ജൂലായ് ഒമ്പത് മുതലാണ് ബാഗേജുകള്‍ വന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയതത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണ്. ഫൈസല്‍ ഫരീദിനെ പോലുള്ള നിരവധി ആളുകള്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ സ്വര്‍ണം അയച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
ഫൈസല്‍ ഫരീദിനായി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടിസ്
സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ തേടി രാജ്യാന്തര അന്വേഷണ ഏജന്‍സി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
ഫൈസല്‍ ഫരീദിനെ പിടികൂടുന്നത് നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടി കേസ് അമ്പേഷിക്കുന്ന എന്‍.ഐ.എ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഇതോടെ ഫൈസല്‍ ഫരീദിന് രക്ഷപ്പെടാനുള്ള മാര്‍ഗം അടയ്ക്കാമെന്നാണ് എന്‍.ഐ.എ കരുതുന്നത്. ദുബൈയില്‍നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം എത്തിക്കുന്നയാള്‍ ഫൈസലാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. ഇയാളുടെ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
നിലവില്‍ ദുബൈ പൊലിസിന്റെ നിരീക്ഷണത്തിലാണ് ഫൈസല്‍ എന്നു വിവരമുണ്ട്. ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതോടെ ദുബൈ പൊലിസ് ഇയാളെ പിടികൂടിയേക്കും.
പാലത്തായി പീഡനം: പ്രതിക്കുവേണ്ടി നിലകൊണ്ടെന്ന അപവാദപ്രചാരണം ആരും വിശ്വസിക്കില്ല- കെ.കെ ശൈലജ
പാലത്തായി പീഢന കേസില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. കേസില്‍ ആര്‍എസ്എസ്കാരനായ പ്രതിക്കു വേണ്ടി താന്‍ നിലകൊണ്ടെന്ന അപവാദപ്രചാരണം തന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയായ അദ്ധ്യാപകന് സമൂഹത്തിന് തന്നെ അപമാനമാണ്. അയാള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി വ്യക്തമാക്കി.
തന്റെ നിയോജക മണ്ഡലത്തിലെ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ തന്നെ പ്രശ്നത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഇടപെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. കുട്ടിയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും വനിതാ ശിശു വികസന വകുപ്പ് മന്ത്രി എന്ന നിലയില്‍ സ്വീകരിക്കുമെന്നും കെകെ ശൈലജ കൂട്ടച്ചേര്‍ത്തു.