അടൂർ ഗോപാലകൃഷ്ണൻ അവതാരിക എഴുതുകയും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് അടൂർ തന്നെ പ്രസിദ്ധ സംവിധായകൻ എംപി സുകുമാരനൻ നായർക്ക് ഒരു കോപ്പി നൽകി പ്രകാശനം നിർവഹിക്കുകയും ചെയ്ത മണമ്പൂർ സുരേഷിന്റെ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന പുസ്തകം മാധ്യമ രംഗത്തു ഏറെ ശ്രദ്ധ നേടി. കഴിഞ്ഞ നാല്പത്തി ഒന്ന് വര്ഷം ലണ്ടൻ ഫിലിം ഫെസ്റ്റിവൽ പ്രസ് ഡെലിഗേറ്റ് ആയി കവർ ചെയ്തതിന്റെ അനുഭവത്തിൽ നിന്നാണ് ഈ പുസ്തകം വരുന്നത്.
“മണമ്പൂർ സുരേഷിന്റെ ഈ കൃതി ചലച്ചിത്രകുതുകികൾക്കും വിദ്യാർഥികൾക്കും നിരൂപകർക്കു തന്നെയും ആസ്വാദനകരവും പഠനാർഹവുമാവും ” – ഫാബിയൻ ബുക്ക്സ് പ്രസാധകരായുള്ള “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന് ഗ്രന്ഥത്തിന്റെ അവതാരികയിൽ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രൊഫ MN കാരശ്ശേരിയും, പ്രമുഖ മാധ്യമ പ്രവർത്തകരും, പ്രകാശന പരിപാടിയിൽ സംസാരിച്ചു.
ഫ്ലവര്സ് 24, കൗമുദി ടീവീ, ന്യൂസ് 18, കൗമുദി ടീവീ , പത്രങ്ങൾ എല്ലാം പ്രകാശന വാർത്ത വിശദമായി കവർ ചെയ്തു. ഓൾ ഇന്ത്യ റേഡിയോയും, കൗമുദി ടീവീയും മണമ്പൂർ സുരേഷിന്റെ അര മണിക്കൂർ വീതമുള്ള ഇന്റർവ്യൂ ബ്രോഡ്കാസ്റ് ചെയ്തു. പ്രസിദ്ധ സിനിമാട്ടോഗ്രാഫർ സണ്ണി ജോസഫ് കൊല്ലത്തെ പ്രകാശന പരിപാടിയിൽ സംസാരിച്ചു. പ്രസിദ്ധ സാഹിത്യകാരൻ TD രാമകൃഷ്ണൻ, പ്രൊഫ MN കാരശ്ശേരി തുടങ്ങിയവർ കോഴിക്കോട്ടു നടന്ന പുസ്തക പരിപാടിയിൽ സംസാരിച്ചു.
ബ്രിട്ടനിൽ “KALA”യും, മലയാളി അസോസിയേഷൻ ഓഫ് ദി യുകെയും “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന പുസ്തകത്തിന്റെ ചർച്ച നടത്തി. MAUK യുടെ ‘കട്ടൻ കാപ്പിയും കവിതയും’ നടത്തിയ ചർച്ചയുടെ വാർത്ത ഇവിടെ വായിക്കാം . മറ്റു സ്ഥലങ്ങളിൽ പുസ്തക പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.
കട്ടൻ കാപ്പിയും കവിതയും കേരളാ ഹൌസിൽ സംഘടിപ്പിച്ച പുസ്തക പരിചയം
സിനിമ ഒരു പാഷനായി കൊണ്ടു നടക്കുന്ന ഒരാളുടെ പുസ്തകമാണ് “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്നു മനഃശാസ്ത്ര വിദഗ്ദനും എഴുത്തുകാരനുമായ ഡോക്ടർ മിർസ പറഞ്ഞു. കട്ടൻ കാപ്പിയും കവിതയും ലണ്ടനിലെ കേരളാ ഹൌസിൽ സംഘടിപ്പിച്ച പുസ്തക ചർച്ച ആയിരുന്നു വേദി.
1955 ൽ കാൻ ഫിലിം ഫെസ്റ്റിവലിനെ ഇളക്കിമറിച്ച സത്യജിത്ത് റേയിൽ നിന്നും ഈ പുസ്തകം തുടങ്ങുന്നു. ഇത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഇന്ത്യയിൽ ആദ്യം കോടതി കയറിയ ആര്ടിസ്റ് രാജാരവിവർമ്മയുടെ കഥയായ കേതൻ മേത്തയുടെ “രംഗ രസിയ” യെക്കുറിച്ചുള്ള നിരൂപണം മനോഹരമാണ്. മനുഷ്യനോടുള്ള അടങ്ങാത്ത സ്നേഹം ആണീ ഗ്രന്ഥത്തിലുള്ളത്. അധികാരത്തിനെതിരെയുള്ള പ്രതിരോധം ഇവിടെ ഉണ്ട്, സ്ത്രീ പക്ഷത്തോടു ചേർന്നു നിൽക്കുന്ന ശക്തമായ അടയാളങ്ങളുണ്ട്, ഇവിടെ അങ്ങനെ ഒരു മനുഷ്യ കഥാനുഗായിയുടെ പുസ്തകമാണ് നമ്മുടെ കയ്യിലെത്തുന്നത്. കൂടുതൽ വിശദമായ ഒരു രണ്ടാം പതിപ്പ് വരണം എന്നും സിനിമാ നിരൂപണരംഗത്ത് ഇതൊരു മുതൽക്കൂട്ടാകും എന്നും നമുക്ക് ഉറപ്പിച്ചു പറയാം.
***
ഒരു സിനിമയ്ക്ക് ഒരു സമൂഹത്തെ മാറ്റിമറിക്കാൻ കഴിയും എന്ന പ്രസിദ്ധ ഇറാനിയൻ സംവിധായകനായ മുഹ്സിൻ മാക്മൽബാഫിന്റെ വാക്കുകൾ ഈ “സത്യജിത് റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന ഗ്രന്ഥത്തിൽ തുടരെ പ്രതിധ്വനിക്കുന്നുവെന്ന് ഡോക്ടർ അർച്ചന സോമൻ പറഞ്ഞു. കല കലയ്ക്കുവേണ്ടി എന്ന വാദം എത്രത്തോളം പൊള്ളയാണെന്ന് ഇതിലെ ഓരോ സിനിമയും ഇവിടെ ഉദ്ഘോഷിക്കുന്നത് പോലെ നമുക്ക് അനുഭവപ്പെടും. ചിത്രങ്ങൾ സൂക്ഷ്മമായാണ് ഇവിടെ വിലയിരുത്തിയിരിക്കുന്നത്. സാമൂഹ്യ ബോധം മാത്രം ഉണ്ടായിട്ട് കാര്യമില്ലെന്നും സിനിമ ആദ്യം ആ കലാ രൂപത്തോട് നീതി പുലർത്തണം എന്ന് അടിവരയിട്ടു പറയുക കൂടിയാണ് ഈ ഗ്രന്ഥം
ലോക സിനിമയെ കുറിച്ച് നല്ല സിനിമകളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കാൻ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” സഹായകമാകും.
***
സിനിമകളെക്കുറിച്ച് ഞാൻ പുസ്തകങ്ങൾ എഴുതിയിട്ടില്ല എങ്കിലും സിനിമ എൻറെ ഇഷ്ട വിഷയം തന്നെ ആയിരുന്നുവെന്ന് പ്രശസ്ത സാഹിത്യ നിരൂപകൻ ഡോക്ടർ പ്രസന്നരാജൻ പറഞ്ഞു. 41 വർഷക്കാലം ലണ്ടൻ ഫെസ്റ്റിവലിൽ സിനിമകൾ കണ്ടിട്ട് സസൂക്ഷ്മം അതിനെക്കുറിച്ച് എഴുതിയിരിക്കുകയാണ് മണമ്പൂർ സുരേഷ് “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന ഗ്രന്ഥത്തിൽ. എനിക്കദ്ദേഹത്തോട് അസൂയ തോന്നുകയാണ്. ഇത്രയും വലിയ ഒരു ഫെസ്റ്റിവലിൽ നിരന്തരം പോയി സിനിമകൾ കാണാനും അതിനെക്കുറിച്ച് എഴുതാനും കഴിഞ്ഞുവെന്നത് വലിയ കാര്യം തന്നെയാണ്.
ഗ്രന്ഥരചന പാണ്ഡിത്യ പ്രകടനമാക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിൻറെ ഭാഷയ്ക്ക് സരളതയും ഒപ്പം ഗഹനതയുമുണ്ട്. വായിക്കാനും സൂക്ഷിച്ചു വയ്ക്കാനും ഉള്ള പുസ്തകമാണ് “റേ മുതൽ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ വരെ” എന്ന മണമ്പൂർ സുരേഷിൻറെ ഗ്രന്ഥം (പ്രസാധകർ : ഫാബിയൻ ബുക്സ്).
MAUK സെക്രട്ടറി ശ്രീജിത്ത് സ്വാഗതം പറഞ്ഞു, പ്രിയവ്രതൻ അദ്ധ്യക്ഷനായിരുന്നു. മണമ്പൂർ സുരേഷ് നന്ദി പറഞ്ഞു.