കശ്മീരില്‍ ബിജെപി നേതാവും പിതാവും സഹോദരനും ഭീകരരുടെ വെടിയേറ്റ് മരിച്ചു
ജമ്മുകശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ബന്ദിപോര ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റായ വസീം അഹ്മദ് ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന് ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബന്ദിപോരയിലുള്ള ഇവരുടെ കടയ്ക്ക് മുന്നില്‍ വെച്ചാണ് മൂവരേയും വെടിവെച്ചതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് പറഞ്ഞു. വസീം അഹ്മദ് ബാരിയുടെ സുരക്ഷക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ന് ഹാജരായിരുന്നില്ലെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ ആക്രമണത്തെ അപലപിച്ചു.
വിവാദ വജ്ര വ്യാപാരി നീരവ് മോഡിയുടെ 329.66 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന വിവാദ വജ്ര വ്യാപാരി നീരവ് മോഡിയുടെ 329.66 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സാമ്പത്തിക കുറ്റകൃത്യ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇയാളുടെ മുംബയ് വര്‍ളിയിലുള്ള നാല് ഫ്ലാറ്റുകള്‍, അലിബാഗിലുള്ള ഫാംഹൗസ്, ജയ്സാല്‍മീറിലുള്ള കാറ്റാടിപ്പാടം, ലണ്ടനിലെ ഫ്ലാറ്റ്, യു.എ.ഇയിലുള്ള വീടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. നീരവ് മോഡിയുടെ 2,348 കോടിയുടെ സ്വത്തുക്കള്‍ നേരത്ത ഇ.ഡി കണ്ടുകെട്ടിയിരുന്നു. നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനും ഇയാളുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടാനും 2018 ജൂലായിലാണ് ഇ.ഡി മുംബയ് പ്രത്യേക കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇയാളുടെ സ്വത്തുക്കള്‍ നേരത്തെയും ഇഡി കണ്ടുകെട്ടിയിരുന്നു.
കോവിഡ് സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്. മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റൈനിലാക്കുന്നതുമാണ്. ഇതുസംബന്ധിച്ച ഗൈഡ്ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറന്റൈന് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. എല്ലാ ദിവസവും യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കും. രോഗബാധിത പ്രദേശങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഇനിയും കൈവിട്ട് പോകാതിരിക്കാന്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത്കേസ് : ഫലപ്രദമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്.
ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് .ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവര്‍ത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.
അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 301 പേര്‍ക്ക് കൊവിഡ്; ആദ്യമായി 300 കടന്നു, അതീവ ജാഗ്രത
കേരളത്തില്‍ കഴിഞ്ഞ ദിവസം 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.