യു.എസിലെ സംഭരണികളില്‍ ക്രൂഡോയില്‍ സൂക്ഷിക്കാന്‍ ഇന്ത്യയുടെ നീക്കം

അമേരിക്കന്‍ സംഭരണികളില്‍ ക്രൂഡോയില്‍ സൂക്ഷിക്കാന്‍ ഇന്ത്യയുടെ നീക്കം. ഭൗമരാഷ്ട്രീയ കാരണങ്ങളാലും പ്രകൃതി ദുരന്തങ്ങളാലും സംഭവിച്ചേക്കാവുന്ന വിതരണ തടസ്സങ്ങളില്‍നിന്ന് രക്ഷ നേടുന്നതിന്റെ ഭാഗമായാണ് നീക്കം. യു.എസ് ആസ്ഥാനമായുള്ള തന്ത്രപരമായ സംഭരണികളിലാകും ക്രൂഡോയില്‍ സംഭരിക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതിയുടെ 10 ഉറവിടങ്ങളില്‍ ഒന്നായി യു.എസ് മാറിയത്. യു.എസില്‍ ക്രൂഡോയില്‍ സംഭരിക്കാനുള്ള പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. ഇന്ത്യ-അമേരിക്ക തന്ത്രപര പങ്കാളിത്തത്തിന്റെ രണ്ടാമത് മന്ത്രിതല യോഗത്തില്‍ ഇന്ത്യ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും യു.എസ് ഊര്‍ജ സെക്രട്ടറി ഡാന്‍ ബ്രോലെറ്റും ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. ഏപ്രിലില്‍ വാഷിങ്ടണില്‍ നിശ്ചയിച്ചിരുന്നു യോഗം കോവിഡിനെത്തുടര്‍ന്നാണ് മാറ്റിവെച്ചത്. 2017 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിലാണ് ഇന്ത്യ-അമേരിക്ക തന്ത്രപര പങ്കാളിത്തം പ്രഖ്യാപിച്ചത്. 2018 ഏപ്രില്‍ 17ന് പ്രധാനും യു.എസിലെ അന്നത്തെ ഊര്‍ജ സെക്രട്ടറി റിക്ക് പെറിയും തമ്മിലായിരുന്നു ആദ്യ മന്ത്രിതല യോഗം.

എം ശിവശങ്കറിന്റെ നിയമനങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചു

മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിയമനങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഫിനാന്‍സ് ഇന്‍സ്പെക്ഷന്‍ വിംഗിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറി തല അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശിവശങ്കറിന്റെ കെഎസ്ഐടിഐഎല്ലിലേത് അടക്കം നിയമനങ്ങള്‍ സംബന്ധിച്ച് വിശദമായി അന്വേഷിക്കും.
ശിവശങ്കറിനെതിരായ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് ശിവശങ്കറിനെ പദവികളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി ശിവശങ്കറിന് അടുത്ത ബന്ധമാണുള്ളത്. സ്വപ്നയെ ഐടി വകുപ്പിന്റെ കീഴില്‍ ജോലിക്കെടുത്തത് ശിവശങ്കര്‍ ഇടപെട്ടാണെന്ന ആക്ഷേപമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഒന്‍പത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ആഗസ്ത് ആദ്യവാരം രോഗബാധിതര്‍ 20 ലക്ഷം കടക്കും

ഇന്ത്യയില്‍ ആഗസ്ത് ആദ്യവാരം കോവിഡ് ബാധിതര്‍ 20 ലക്ഷം കടക്കും. 20.6 ദിവസംകൊണ്ട് രോഗം ഇരട്ടിക്കുന്നു. ?ദിവസേനയുള്ള രോഗികളുടെ എണ്ണം ആദ്യമായി 35,000 കടന്നു, മരണം 700ന് അടുത്ത്.
ആന്ധ്രയില്‍ പോസിറ്റീവ് കേസുകള്‍ 40,000 കടന്നു. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ഉത്തര്‍പ്രദേശ്, അസം, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയകയാണ്. ബിഹാറില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ വിദഗ്ധസംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കേരളത്തില്‍ കഴിഞ്ഞ ദിവസം 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 42 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്.
ഇതിനിടെ ആന്റിജന്‍ അധിഷ്ടിത കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു. ടെസ്റ്റുകള്‍ കൂടുതല്‍ നടത്തുവാന്‍ ഉടന്‍ കൂടുതല്‍ സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും ഐസിഎംആര്‍ അറിയിച്ചു. കൂടുതല്‍ പരിശോധന നടത്തുകയാണ് രോഗത്തെ നേരിടാനുള്ള ഇപ്പോഴത്തെ എറ്റവും ഉചിതമാര്‍ഗം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡയറക്ടര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

കൊവിഡ് ബാധിതയ്ക്ക് ക്വാറന്റീന്‍ കേന്ദ്രത്തില്‍ ലൈംഗിക പീഡനം

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതയെ ലൈംഗികമായി പീഡിപ്പിച്ചു. മുംബൈ പന്‍വേലിലെ ക്വീറന്റീന്‍ കേന്ദ്രത്തില്‍ വച്ചാണ് 25 കാരനായ ശുഭം ഖാട്ടു നാല്‍പ്പതുകാരിയെ പീഡിപ്പിക്കുന്നത്.
ഡോക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശുഭം നാല്‍പ്പതുകാരിയുടെ മുറിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് എന്തെങ്കിലും ശാരീരിക ആസ്വാസ്ഥ്യമുണ്ടോ എന്ന് പരിശോധിച്ചു. ശരീര വേദനയുണ്ടെന്ന് പറഞ്ഞ സ്ത്രീയുടെ കൊവിഡ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ബോഡി മസാജ് വേണമെന്ന് പറഞ്ഞു. ഇതിന് പിന്നാലെ യുവതി പീഡിപ്പിക്കുകയായിരുന്നു.
ഐപിസി സെക്ഷന്‍ 376, 354 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പന്‍വേല്‍ താലൂക് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി നിലവില്‍ ക്വാറന്റീനിലാണ്. കൊവിഡ് ടെസ്റ്റ് നെഗറ്റീവായാല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും.

കൊവിഡ് 19: ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ജുഹു ബീച്ചിനു സമീപമുള്ള ‘ജല്‍സ’ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനില്‍ കഴിഞ്ഞിരുന്നത്.  ഐശ്വര്യയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനും ഭര്‍ത്തൃപിതാവും നടനുമായ അമിതാഭ് ബച്ചനും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും നില തൃപ്തികരമാണന്നും ഇരുവരും ഒരാഴ്ചയോളം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ബച്ചന്‍ കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

ജനപ്രിയ നോവലുകളിലൂടെ പ്രസിദ്ധനായ എഴുത്തുകാരന്‍ സുധാകര്‍ മംഗളോദയം(72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. വാരികകളിലെ കുടുംബ നോവലുകളിലൂടെ ഏറെ ശ്രദ്ധേയനായ സുധാകര്‍ നാല് സിനിമയ്ക്ക് വേണ്ടിയും രചന നിര്‍വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല നോവലുകളും ടെലിവിഷന്‍ പരമ്പരയായി.
വൈക്കത്തിനടുത്ത് വെള്ളൂരിലാണ് ജനനം. തൃശൂരിലെ ബിരുദപഠന കാലത്ത് നാടകരംഗത്തും തുടര്‍ന്ന് സാഹിത്യരംഗത്തുമെത്തി. ചിറ്റ, നന്ദിനി ഓപ്പോള്‍, ഈറന്‍ നിലാവ് തുടങ്ങിയ നോവലുകള്‍ ഏറെ ശ്രദ്ധനേടി. പത്മരാജന്റെ കരിയിലക്കാറ്റ് പോലെ, വസന്തസേന എന്നീ ചിത്രങ്ങള്‍ക്ക് കഥയും നന്ദിനി ഓപ്പോള്‍ എന്ന ചിത്രത്തിന്റെ സംഭാഷണവും ഞാന്‍ ഏകനാണ് എന്ന ചലച്ചിത്രത്തിന് തിരക്കഥയുമെഴുതി.
ഭാര്യ: പരേതയായ ഉഷ. മകള്‍: ശ്രീവിദ്യ. മരുമകന്‍: ശ്രീജിത്ത്. സഹോദരന്‍: ശിവശങ്കരന്‍ നായര്‍.