സ്വയം നിയന്ത്രിത (ഓട്ടോണമസ്) ഇലക്ട്രിക് കപ്പലുകള്‍ നിര്‍മിക്കാന്‍ കൊച്ചി കപ്പല്‍ശാല

ലോകത്തെ ആദ്യ സ്വയം നിയന്ത്രിത (ഓട്ടോണമസ്) ഇലക്ട്രിക് കപ്പലുകള്‍ നിര്‍മിക്കുക കേരളം ആസ്ഥാനമായ പൊതുമേഖലാ കപ്പല്‍നിര്‍മാണ ശാലയായ കൊച്ചിന്‍ ഷിപ്യാര്‍ഡ്. നോര്‍വീജിയന്‍ കമ്പനിയായ അസ്‌കോ മാരിടൈം എ.എസിനു വേണ്ടി രണ്ട് ഓട്ടോണമസ് ഇലക്ട്രിക് ഫെറികളാണ് കൊച്ചി കപ്പല്‍ശാല നിര്‍മിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ ശാലയായ കൊച്ചിന്‍ ഷിപ്യാര്‍ഡും നോര്‍വെയിലെ റീട്ടെയില്‍ ഭീമനായ നോര്‍ജെസ് ഗ്രൂപ്പന്‍ എ.എസ്.എ.യുടെ ഉപ കമ്പനിയായ അസ്‌കോ മാരിടൈമും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ഈ പദ്ധതിക്ക് നോര്‍വെ സര്‍ക്കാരിന്റെ ഭാഗികമായ സാമ്പത്തിക പിന്തുണയും ഉണ്ട്..
കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നോര്‍വെയിലെത്തിച്ച ശേഷമായിരിക്കും കപ്പലിന്റെ പരീക്ഷണ ഓട്ടവും കമ്മിഷനിങ്ങും.

 കോവിഡ് വാക്സിൻ പരിശോധനയുടെ രണ്ടാം ഘട്ടം ഇന്ത്യയിൽ ആരംഭിച്ചു

കോവിഡ് വാക്സിൻ മനുഷ്യ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ഇന്ത്യയിൽ ആരംഭിച്ചു. കൊറോണ വൈറസ് വാക്സിൻ കുത്തിവയ്പ്പിലൂടെ ഫലപ്രാപ്തിയും സുരക്ഷയും പരിശോധിക്കുക എന്നതാണ് രണ്ടാമത്തെ ഘട്ടം.
ഈ മാസം ആദ്യമാണ് ഡിസിജിഐയില്‍ (ഡ്രഗ്സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) നിന്ന് ഇന്ത്യയിലെ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്സിന് അനുമതി ലഭിക്കുന്നത്. രണ്ട് ഘട്ടമായാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണത്തിന് തയാറായ മനുഷ്യരുടെ സമ്മതത്തിന് ശേഷം മാത്രമേ അവരില്‍ പരീക്ഷണം നടത്തുകയുള്ളു.

കൊവിഡ് വ്യാപനം അതിരൂക്ഷം: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ഐഎംഎ

ഇന്ത്യയില്‍ വൈറസ് ബാധിച്ച് ഡോക്ടര്‍മാര്‍ മരിക്കുന്നത് തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
രാജ്യത്ത് ഇതുവരെ 99 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷയില്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കി.
അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 7,975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,75,640 ആയി. 233 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചു. തമിഴ്നാട്ടില്‍ പുതിയതായി 4496 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,820 ഉം ആകെ മരണം 2167-ഉം ആയി.
കേരളത്തില്‍ 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം 432. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഒരു മരണമുണ്ടായി. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (57) ആണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരിച്ചത്. കോവിഡ് പോസിറ്റീവായിരുന്നു.

ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് കര്‍ക്കിടകം പിറന്നു; ഇക്കുറി ക്ഷേത്രങ്ങളില്‍ രാമായണ പാരായണങ്ങള്‍ ഇല്ല

രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് സാധാരണഗതിയില്‍ ഈ ഒരു മാസക്കാലം വിവിധ പരിപാടികളോട് ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണം നടക്കേണ്ടതാണ്. എന്നാല്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഇക്കുറി ക്ഷേത്രങ്ങളില്‍ രാമായണ പാരായണങ്ങള്‍ ഉണ്ടാകില്ല.
നാലമ്പല യാത്രയാണ് രാമായണ മാസത്തിലെ മറ്റൊരു ആചാരം. ദശരഥപുത്രന്മാരായ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീര്‍ത്ഥാടനമാണ് നാലമ്പല യാത്ര. ഒരു ദിവസം കൊണ്ട് രാമ ലക്ഷ്മണ ഭരത ശത്രുഘ്നന്‍മാരെ വണങ്ങിയാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നീ ക്രമത്തില്‍ ഒരേ ദിവസം തന്നെ വേണം ദര്‍ശനം നടത്തേണ്ടത്. കൊവിഡ് കാലമായതിനാല്‍ നാലമ്പല യാത്രയും ഇക്കുറി ഉണ്ടാകില്ല.

ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഒരുലക്ഷം വീട്: മുഖ്യമന്ത്രി

കോവിഡ് ആശങ്കകള്‍ക്കിടയിലും ലൈഫ് മിഷന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുക്കുന്നത് പ്രതീക്ഷ നല്‍കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഒരുലക്ഷം കുടുംബങ്ങള്‍ക്ക് ഒരുവര്‍ഷത്തിനുള്ളില്‍ വീട് നിര്‍മിച്ചുനല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.കോട്ടയം എരുമേലി ജമാഅത്തിന്റെ നേതൃത്വത്തില്‍ നോമ്പുകാലത്തെ സംഭാവനകൊണ്ട് വാങ്ങിയ 55 സെന്റ് ലൈഫ് മിഷനായി നല്‍കി. അതില്‍നിന്ന് മൂന്നു സെന്റ് വീതം 12 ഗുണഭോക്താക്കള്‍ക്ക് വീതിച്ചു നല്‍കും. ഏഴ് സെന്റ് പൊതുആവശ്യങ്ങള്‍ക്ക് മാറ്റിവയ്ക്കും. അയ്മനം പഞ്ചായത്തിലെ കോട്ടയം റോട്ടറി ഇന്റര്‍നാഷണല്‍ ആറുലക്ഷം രൂപവീതം ചെലവുവരുന്ന 18 വീട് ലൈഫ് ഗുണഭോക്താക്കള്‍ക്ക് നിര്‍മിച്ചുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ആയുധങ്ങള്‍ വാങ്ങുന്നതിന് സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ 

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാന്‍ സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. 300 കോടി രൂപയ്ക്കുവരെ ആയുധങ്ങള്‍ വാങ്ങാന്‍ സായുധ സേനകള്‍ക്ക് അധികാരം നല്‍കിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തിലാണ് സുപ്രധാന തീരുമാനം.
ഓര്‍ഡര്‍ നല്‍കി 12 മാസങ്ങള്‍ക്കകം സൈന്യത്തിന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ലഭ്യമാകുമെന്ന് ഉറപ്പാക്കുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ഓര്‍ഡര്‍ നടപടികള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കുകയും ആയുധങ്ങള്‍ ഒരു വര്‍ഷത്തിനകം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. എത്രതവണ ആയുധങ്ങള്‍ വാങ്ങാം എന്നതിന് പരിധി നിശ്ചയിക്കില്ല. 300 കോടിക്കോ അതിനു താഴെയോ ഉള്ള നിരവധി ഓര്‍ഡറുകള്‍ സായുധ സേനകള്‍ക്ക് നല്‍കാനാകും.

18 വര്‍ഷത്തിന് ശേഷം വാണിജ്യ മിച്ചം രേഖപ്പെടുത്തി. കോവിഡ് ഇറക്കുമതിയെ ബാധിച്ചു;

ജൂണില്‍ 790 മില്യണ്‍ ഡോളറിന്റെ വാണിജ്യ മിച്ചം ഇന്ത്യയില്‍ രേഖപ്പെടുത്തി. 18 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് രാജ്യത്ത് വാണിജ്യ മിച്ചമുണ്ടാകുന്നത്. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ക്രൂഡ് ഓയില്‍, സ്വര്‍ണം മറ്റു വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ആഭ്യന്തര ആവശ്യം കുറഞ്ഞതിനെ തുടര്‍ന്ന് ഇറക്കുമതിയിലുണ്ടായ കുറവാണിതിന് കാരണം.
വ്യാപര ഇറക്കുമതി ജൂണില്‍ 47.59 ശതമാനം ഇടിഞ്ഞ് 21.11 ബില്യണ്‍ ഡോളറിലെത്തി. കയറ്റുമതി 12.41 ശതമാനം കുറഞ്ഞ് 21.91 ബില്യണ്‍ ഡോളറിലെത്തി. ഇത് വാണിജ്യമിച്ചത്തിലേക്ക് നയിച്ചതായും വാണിജ്യ-വ്യവസായ മന്ത്രാലയം ബുധനാഴ്ച (15/7/20)പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് മുതല്‍ ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു, ആഗോള ഡിമാന്‍ഡ് കുറയുന്നതും വിതരണ ശൃംഖലയിലെ തടസ്സങ്ങളും അടുത്ത ഏതാനും പാദങ്ങളിലും വ്യാപരത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുകള്‍ പ്രകാരം 2002-ലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ വാണിജ്യമിച്ചം രേഖപ്പെടുത്തിയിട്ടുള്ളത്. 10 മില്യണ്‍ ഡോളറിന്റെ വാണിജ്യമിച്ചമാണ് അന്ന് രേഖപ്പെടുത്തിയത്.

സ്വര്‍ണക്കടത്ത് കേസ്; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍, ക്രൗഡ് ഫണ്ടിങ് വഴി സമാഹരിച്ചത് 14 കോടി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് പിടിയിലായത്. മലപ്പുറത്തുവെച്ചാണ് ഇവരെ കസ്റ്റംസ് പിടികൂടിയത്.
സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെയും അംജത് അലിയുടെയും സുഹൃത്തുക്കളാണ് പിടിയിലായത്. അംജത് അലി വഴിയാണ് ഇവര്‍ കള്ളക്കടത്തിന് പണം മുടക്കാന്‍ എത്തിയതെന്നാണ് സൂചന. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
സ്വര്‍ണം വാങ്ങാന്‍ നടത്തിയത് വിപുലമായ ധനസമാഹരണം ആണെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. പലരില്‍ നിന്നായി ശേഖരിച്ചത് 14.8 കോടിയാണ്. നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തുന്നത് മൂവാറ്റുപുഴ സ്വദേശി ജലാല്‍ ആണെന്നും കസ്റ്റംസ് സൂചിപ്പിച്ചു. അതേസമയം കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി.
എന്‍.ഐ.എ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഫൈസല്‍ ഫരീദ് മൂന്ന് ദിവസങ്ങളായി ആര്‍ക്കും പിടികൊടുക്കാതെ ദുബൈയില്‍ ഒളിവില്‍ തുടരുകയാണ്. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി മാധ്യമ പ്രവര്‍ത്തകരെ കാണുമെന്ന് പ്രതികരിച്ചിരുന്ന ഫൈസല്‍ ഫരീദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല.