സ്വര്‍ണ്ണക്കടത്ത്: എം ശിവശങ്കറിനെ ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണവിധേയനായ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയെടുത്ത് വിട്ടയച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൂജപ്പുരയിലെ വസതിയിലെത്തി ആവശ്യപ്പെട്ടതിനു പിന്നാലെ അദ്ദേഹം സെക്രട്ടറിയറ്റിനു സമീപമുള്ള കസ്റ്റംസ് ഓഫീസിലെത്തി.
സ്വര്‍ണക്കടത്തിന് എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ, ഗൂഢാലോചനയില്‍ പങ്കുണ്ടോ, പ്രതികളുമായുള്ള ബന്ധമെന്താണ് തുടങ്ങിയവയാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

COVID : ഇന്ത്യയില്‍ 24000 കടന്ന് മരണം; രോഗികള്‍ 9.35 ലക്ഷം

രാജ്യത്ത് കോവിഡ് മരണം 24000 കടന്നു. രോഗികള്‍ 9.35 ലക്ഷത്തിലേറെ. തുടര്‍ച്ചയായി ഏഴാം ദിവസവും കാല്‍ ലക്ഷത്തിലേറെ രോ?ഗികള്‍. മരണങ്ങള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും അഞ്ഞൂറ് കടന്നു. അഞ്ച് ദിവസത്തിനിടെ മരിച്ചത് 2660 പേര്‍.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 6,741 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 213 പേര്‍ മരിച്ചതോടെ ആകെ മരണം 10,695 ആയി. മുംബൈയില്‍ 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 70 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 94,863 ആയി. 5402 പേരാണ് ഇതുവരെ മരിച്ചത്.
തമിഴ്‌നാട്ടിൽ 4526 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേര്‍ മരിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ഉം ആകെ മരണം 2099 ഉം ആയി.
കേരളത്തില്‍ 608 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തു മാത്രം 201 പേര്‍ രോഗബാധിതരായി. ഇത് ഇതുവരെയുള്ള ഏറ്റവും വലിയ കണക്കാണ്. ഇതിനര്‍ത്ഥം സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക് പോവുകയാണ് എന്നു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്വപ്നയുമായി ഫോണില്‍ സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമെന്ന് മന്ത്രി കെ ടി ജലീല്‍

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. യു എ ഇ കോണ്‍സുലേറ്റിന്റെ റമസാന്‍ കിറ്റ് വിതരണവുമായി സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് സ്വപ്ന തന്നെ ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് തവണ സ്വപ്ന തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വര്‍ഷങ്ങളിലും റമസാനിനോടനുബന്ധിച്ച് യു എ ഇ കോണ്‍സുലേറ്റ് റിലീഫിന്റെ ഭാഗമായി ഭക്ഷണക്കിറ്റുകള്‍ നല്‍കാറുണ്ട്. താന്‍ തന്നെ പല തവണ റിലീഫ് വിതരണ പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഇപ്രാവശ്യം ലോക്ക്ഡൗണ്‍ ആയതിനാല്‍ അവര്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മെയ് 27 ാം തീയതി യു എ ഇ കോണ്‍സുല്‍ ജനറലിന്റെ ഔദ്യേഗിക ഫോണില്‍ നിന്ന് തനിക്കൊരു സന്ദേശം ലഭിക്കുകയുണ്ടായി. ഭക്ഷണക്കിറ്റുകള്‍ ഉണ്ടെന്നും വിതരണത്തിന് താത്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്നുമായിരുന്നു ഫോണില്‍ ലഭിച്ച സന്ദേശം. കണ്‍സ്യൂമര്‍ ഫെഡ് വഴി ഭക്ഷണക്കിറ്റുകള്‍ സജ്ജീകരിക്കാം എന്നു മറുപടി നല്‍കി. ഇതിനായി സ്വപ്ന ബന്ധപ്പെടുമെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. ഇതനുസരിച്ചാണ് സ്വപ്ന തന്നെ ബന്ധപ്പെട്ടെതെന്നും വിളികളൊന്നും അസമയത്തായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ലഭിച്ച ആയിരത്തോളം ഭക്ഷണക്കിറ്റുകള്‍ എടപ്പാള്‍, തൃപ്പങ്ങോട് പഞ്ചായത്തുകളില്‍ വിതരണം ചെയ്തു. ഇവയുടെ ബില്ല് എടപ്പാള്‍ കണസ്യൂമര്‍ ഫെഡില്‍ നിന്നാണ് യു എ ഇ കോണ്‍സുലേറ്റിലേക്ക് അയച്ചത്. യു എ ഇ കോണ്‍സുല്‍ ജനറലിന്റെ അഡ്രസിലാണ് ഈ ബില്ല് അയച്ചത്. തന്റെ പേഴ്സണല്‍ സ്റ്റാഫംഗം സ്വപ്നയെ വിളിച്ചതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആദ്യവനിതാ എക്സൈസ് ഇന്‍സ്പെക്ടറായി സജിത ചുമതലയേറ്റു

കേരളത്തിന്റെ ആദ്യവനിതാ എക്സൈസ് ഇന്‍സ്പെക്ടറായി ഷൊര്‍ണൂരുകാരി ഒ സജിത തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ചുമതലയേറ്റു. വനിതകള്‍ക്കുള്ള എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ഒന്നാംറാങ്കുകാരിയായാണ് നേട്ടം.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുകയാണ്. വിദ്യാര്‍ഥികളും യുവാക്കളും മയക്കുമരുന്നിന് അടിമയായി ജീവിതം നശിപ്പിക്കുന്ന വാര്‍ത്തകളറിഞ്ഞ് മനസ്സ് മരവിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പില്‍ സിവില്‍ എക്‌സ്സൈസ് ഓഫീസറായി ജോലിയില്‍ കയറിയശേഷമാണ് ഇതിന്റെ ഭീകരത മനസ്സിലാക്കിയത്. അതിനാല്‍ യുവത്വത്തെ മയക്കുമരുന്ന് ലഹരിയില്‍നിന്ന് മോചിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും -സജിത പറഞ്ഞു.
തൃശൂര്‍ തൈക്കാട്ടുശേരിയിലെ റിട്ട. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ദാമോദരന്റെയും ചേര്‍പ്പ് സി എന്‍ എന്‍ സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന കെ യു മീനാക്ഷിയുടെയും മകളാണ് സജിത.
2014 മാര്‍ച്ചിലാണ് തൃശൂര്‍ റെയ്ഞ്ചില്‍ സിവില്‍ എക്‌സ്സൈസ് ഓഫീസറായി ചേര്‍ന്നത്. വടക്കാഞ്ചേരി, കോലഴി റെയ്ഞ്ചുകളിലും ജോലിചെയ്തു. തൃശൂര്‍ സ്റ്റാര്‍ പിവിസി പൈപ്പ്‌സ് മാനേജര്‍ കെ ജി അജിയാണ് ഭര്‍ത്താവ്. മകള്‍ ഇന്ദു (തൃശൂര്‍ കല്ലിപ്പാടം കാര്‍മല്‍ സിഎം സ്‌കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ഥിനി).

ക്വാറന്റീനിലിരിക്കെ തൂങ്ങി മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്

വീട്ടില്‍ ക്വാറന്റീനിലിരിക്കെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആറ് ദിവസം മുമ്പ് റഷ്യയില്‍ നിന്ന് എത്തിയ പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ(20)യാണ് വീട്ടിലെ മുറിക്കുള്ളില്‍ ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യത്തിന് വേണ്ടി കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വൈകിട്ട് കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വീട്ടുകാര്‍ ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷ്ണപ്രിയയുടെസ്രവസാമ്പിള്‍ കൊവിഡ് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞതിന്റെ മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെയുളള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ലോക്ക് ചെയ്ത നിലയിലാണ്. പാേലീസ് ഇത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് എന്തെങ്കിലും തെളിവ് ലഭിക്കുമോയെന്നും പരിശോധിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ നവജാതശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

നന്ദെദ് ജില്ലയ്ക്ക് സമീപത്തെ ഗ്രാമത്തിലാണ് നവജാതിശിശുവായ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയെ പ്രദേശവാസികള്‍ ചേര്‍ന്ന് കുഴിയില്‍ നിന്ന് പുറത്തേക്ക് എടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. കുട്ടിയെ കുഴിയില്‍ നിന്നെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഔറംഗബാദ് എംപി ഇംതിയാസ് പട്ടേലും പങ്കു വച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.

13.2 കോടി പേര്‍ കൊടുംപട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്

കോവിഡ് മഹാമാരി ലോകെത്ത കീഴ്‌പ്പെടുത്തിയതോടെ ഈ വര്‍ഷം 13.2 കോടി പേര്‍കൂടി കൊടുംപട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ജനങ്ങള്‍ക്ക് നിലവാരമുള്ളതും പോഷകങ്ങള്‍ അടങ്ങിയതുമായ ഭക്ഷണം ലഭ്യമാക്കാന്‍ സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണം. കോവിഡ് മുഖേന ആഫ്രിക്കയില്‍ പകുതിയലധികം പേര്‍ക്ക് ജോലി നഷ്ടമായി. ലാറ്റിൻ അമേരിക്ക , ഏഷ്യ എന്നിവിടങ്ങളിലും തൊഴില്‍ നഷ്ടവും പട്ടിണിയും വര്‍ധിക്കുകയാണ്. സബ്‌സിഡിയോടെയുള്ള ഭക്ഷ്യവിതരണം, ഭക്ഷണ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കല്‍, ദരിദ്രര്‍ക്ക് നേരിട്ട് പണം ലഭ്യമാക്കല്‍ എന്നീ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു.