ബലാത്സംഗ കേസ് ; ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി
ബലാത്സംഗ കേസ് പ്രതി ബിഷപ് ഫ്രോങ്കോയൂടെ ജാമ്യം റദ്ദ് ചെയ്തു. കോട്ടയം സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ഫ്രാങ്കോയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. 14 തവണയാണ് ഇദ്ദേഹം വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാതിരുന്നത്. ഫ്രാങ്കോ മുളക്കല്‍ കൊവിഡ് ബാധിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടത് കൊണ്ടാണ് കോടതിയില്‍ ഇന്ന് ഹാരജാകാതിരുന്നതെന്ന് കോടതിയെ ഇദ്ദേഹത്തിന്റെ വക്കീല്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കുക ആയിരുന്നു. ജലന്ധറിലുള്ള ഇദ്ദേഹം താമസിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശം COVID തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നാണ് കഴിഞ്ഞ തവണ കോടതി കേസ് വിളിച്ചപ്പോള്‍ പറഞ്ഞത്. ഇത് കളവാണെന്ന് പിന്നീട് പ്രോസിക്യൂഷന് കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 13ന് കേസ് വീണ്ടും പരിഗണിക്കും.
യഥാര്‍ത്ഥ ആയോദ്ധ്യ നേപ്പാളില്‍, ശ്രീരാമന് ഇന്ത്യക്കാരനല്ല; നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു
ശ്രീരാമന് ഇന്ത്യക്കാരനല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലിയുടെ പ്രസ്താവന വിവാദമാകുന്നു. യഥാര്‍ത്ഥ അയോദ്ധ്യ നേപ്പാളിലാണെന്നും ശ്രീരാമന് ഇന്ത്യക്കാരനല്ലെന്നുമാണ് ഓലിയുടെ പ്രസ്താവന.
കഴിഞ്ഞ മാസം ഇന്ത്യയിലെ അതിര്‍ത്തി മേഖലകള്‍ ചേര്‍ത്ത് നേപ്പാള്‍ ഭൂപടം തയ്യാറാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
കാലാപാനി, ലിംപിയാധുര, ലിപൂലേക് എന്നീ പ്രദേശങ്ങളെയാണ് നേപ്പാള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്. നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ച ഭരണഘടന ഭേദഗതിക്ക്? രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി അംഗീകാരവും നല്‍കിയിരുന്നു.
ദൂരദര്ശന് ഒഴികെയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം കഴിഞ്ഞയാഴ്ച നേപ്പാളില്‍ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ താല്പര്യങ്ങള് ഹനിക്കുന്ന വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നെന്നു ആരോപിച്ചായിരുന്നു നിരോധനം.
ഇന്ത്യയില്‍ 75000 കോടി രൂപയുടെ നിക്ഷേപവുമായി ഗൂഗിള്‍
ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താന്‍ 10 ബില്ല്യണ്‍ ഡോളര്‍ (75,000 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ കാഴ്ച്ചപാടിനെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭാവിയിലും രാജ്യത്തിന്റെ ഡിജിറ്റല്‍ ഇക്കോണമിയിലുമുള്ള ഗൂഗിളിന്റെ വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നിക്ഷേപമെന്നും പിച്ചൈ പറഞ്ഞു. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇക്വിറ്റി നിക്ഷേപങ്ങളിലൂടെയും പങ്കാളിത്തം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലൂടെയും ഫണ്ട് ചെലവഴിക്കും.
മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
COVID നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്.
ഒരാഴ്ച മുന്‍പാണു കൃഷ്ണപ്രിയ റഷ്യയില്‍നിന്ന് എത്തിയത്. കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു.
കാസര്‍കോട് ടാറ്റ ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍, ഈ മാസം അവസാനം സര്‍ക്കാരിന് കൈമാറും…
കൊവിഡ് ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാലില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍. ഈ മാസം അവസാനത്തോടെ പണി പൂര്‍ത്തിയാക്കി ആശുപത്രി സര്‍ക്കാരിന് കൈമാറും. സംസ്ഥാനത്ത് കൊവിഡ് ചികില്‍സക്കായി നിര്‍മ്മിച്ച ആദ്യ ആശുപത്രിയാണിത്.
രാജ്യത്തെ വിവിധയിടങ്ങളിലുള്ള ടാറ്റയുടെ പ്ലാന്റുകളില്‍ യൂണിറ്റുകളുണ്ടാക്കി കണ്ടൈയ്നറുകളില്‍ ചട്ടഞ്ചാലിലെത്തിച്ചാണ് ഘടിപ്പിച്ചത്. അഞ്ച് കട്ടിലുകള്‍ ഇടാന്‍ കഴിയുന്ന ഐസലോഷന് ക്വാറന്റൈന് വാര്‍ഡിന്റെ യൂണിറ്റ്, രോഗം സ്ഥിരീകരിച്ചാല്‍ കഴിയാനുള്ള മൂന്നും ഒന്നും കിടക്കകളുള്ള പ്രത്യേക യൂണിറ്റുകള്‍ എന്നിവ തയ്യാറായി.
രോഗം സ്ഥിരീകരിച്ചവര്‍ക്ക് കഴിയാനുള്ളതൊഴികെ മറ്റെല്ലാ യൂണിറ്റുകളും ശിതീകരിച്ചതാണ്. നൂതന സൗകര്യത്തോട് കൂടിയാണ് ശുചിമുറി. 128 യൂണിറ്റുകളിലായി 540 കിടക്കകളാണ് സജ്ജമാകുന്നത്. ഭൂമി റവന്യുവകുപ്പാണ് നല്‍കിയത്. യൂണിറ്റുകളുടെ നിര്‍മ്മാണ ചെലവടക്കം ബാക്കിയെല്ലാം വഹിച്ചത് ടാറ്റയാണ്. തികച്ചും സൗജന്യമായാണ് നിര്‍മ്മാണം.
ഇന്ത്യയില്‍ ഒമ്പതുലക്ഷം കോവിഡ് രോഗികള്‍; മരണനിരക്ക് 2.64 ശതമാനം
രാജ്യത്ത് കോവിഡ് ബാധിതര്‍ ഒമ്പതുലക്ഷം കടന്നു. രോഗികളില്‍ ഒറ്റ ലക്ഷത്തിന്റെ വര്‍ധനയുണ്ടായത് വെറും മൂന്ന് ദിവസംകൊണ്ട്. വെള്ളിയാഴ്ചയോടെ രോഗികള്‍ പത്തുലക്ഷം കടന്നേക്കാം. തുടര്‍ച്ചയായി നാലാംദിനവും മരണം അഞ്ഞൂറിലേറെ. മൂന്ന് ദിവസത്തിനകം രാജ്യത്തെ കോവിഡ് മരണം കാല് ലക്ഷം കടക്കും..
ജനുവരി 30ന് ആദ്യ കോവിഡ് രോഗി റിപ്പോര്‍ട്ടുചെയ്തശേഷം 117 ദിവസമെടുത്താണ് എണ്ണം ഒരു ലക്ഷമായത്. അഞ്ചുലക്ഷമെത്താന്‍ 39 ദിവസം വേണ്ടിവന്നു. എന്നാല്‍, വെറും രണ്ടാഴ്ച കൊണ്ട് അഞ്ചുലക്ഷത്തില്‍നിന്ന് എട്ടുലക്ഷമായി.
അതേസമയം കേരളത്തില്‍ 449 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 162 ആളുകള്‍ സംസ്ഥാനത്ത് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രോഗത്തിന്റെ ഉറവിടം 18 പേരുടെ വ്യക്തമല്ലെന്നും 2 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
ആറ് കുറ്റങ്ങള്‍ ചുമത്തി സ്വപ്നയ്ക്കെതിരെ പൊലീസ് കേസെടുത്തു; പരാതി നല്‍കിയത് ഐ.ടി വകുപ്പ്
വിവാദങ്ങള്‍ക്കിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു. ഐ.ടി വകുപ്പ് നല്കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. വ്യാജ രേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ ആറ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, വിഷന്‍ടെക് എന്നീ കമ്പനികള്‍ക്കെതിരെയും കേസെടുത്തു.
ഇതിനിടെ വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയത് ജൂവലറികള്‍ക്കു വേണ്ടിയല്ല ഭീകരപ്രവര്‍ത്തനത്തിനു വേണ്ടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു. കേസില്‍ അറസ്റ്റിലായ സ്വപ് സുരേഷിനെയും സന്ദീപ് നായരെയും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് എന്‍.ഐ.എ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്‍.ഐ.എയുടെ അപേക്ഷ പരിഗണിച്ച കോടതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഈ മാസം 21 വരെ എന്‍ഐഎ കോടതി കസ്റ്റഡിയില്‍വിട്ടു. പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖ ഉണ്ടാക്കി. ഇക്കാര്യം യു.എ.ഇ കോണ്‍സുലേറ്റോ അറ്റാഷെയോ അറിഞ്ഞിരുന്നില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍.ഐ.എ. സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി.