അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ്; ഐശ്വര്യ റായിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്
നടൻ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇരുവരെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരങ്ങളുടെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.
സോറിയാസിസ് മരുന്ന് കോവിഡിനെതിരെ നൽകാൻ അനുമതി
സോറിയാസിസിനെതിരെ ഉപയോഗിക്കുന്ന ഇറ്റോളിസുമാബ് ഇൻജക്ഷൻ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കു നൽകാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നൽകി. അടിയന്തര സാഹചര്യങ്ങളിൽ ഇതുപയോഗിക്കാം.
മോണോ ക്ലോണൽ ആന്റിബോഡി വിഭാഗത്തിൽപെടുന്ന ഇൻജക്ഷനാണ് ഇറ്റോളിസുമാബ്. കോവിഡ് രോഗികളിൽ ശ്വസന പ്രശ്നങ്ങൾ പ്രകടമാവുന്നവർക്കാണ് ഇതു നൽകുക.
കോവിഡിനെ നിയന്ത്രിക്കാനാകും, ധാരാവി മികച്ച മാതൃക; ലോകാരോഗ്യ സംഘടന മേധാവി
ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും നിയന്ത്രണവിധേയമാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ഇറ്റലി, സ്പെയിന്, ദക്ഷിണ കൊറിയ രാജ്യങ്ങളും ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ഇന്ത്യയിലെ ധാരാവിയും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാനാകുമെന്നതിന്റെ മികച്ച ഉദാഹരണമാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറാഴ്ചക്കുള്ളില്‍ ഈ രാജ്യങ്ങളിലെല്ലാം രോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ധിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃക സൃഷ്ടിച്ചു. ഇതേരീതിയില്‍ മറ്റു സ്ഥലങ്ങളിലും കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയും. പരിശോധന, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍, നിരീക്ഷണം, ചികിത്സ തുടങ്ങിയവയിലൂടെയാണ് ഈ രാജ്യങ്ങള്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ചത്. സമൂഹ വ്യാപനം ഒഴിവാക്കാനും ഇവര്‍ ശ്രദ്ധിച്ചു. ഇതെല്ലാം മാതൃകയാണ്. ആഗോളതലത്തില്‍ ഐക്യമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
234 പേർക്ക് സമ്പർക്കം വഴി രോഗം; ആശങ്കയിൽ കേരളം
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 234 പേർക്ക് സമ്പർക്കം വഴി രോഗബാധയുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രോഗബാധ സ്ഥിരീകരിച്ചവരിൽ 167 പേർ വിദേശത്തുനിന്നും 76 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 234 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്.
സ്വര്‍ണ്ണക്കടത്ത്: പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന പ്രധാന കണ്ണി സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍. ബെംഗളൂരുവിലെ എലഹങ്കയില്‍ നിന്ന് എൻ.ഐ.ഐ സംഘമാണ് പിടികൂടിയത്. പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും.
വിഷയത്തില്‍ എന്‍.ഐ.എയുടെ എഫ്ഐആര്‍ പുറത്തുവന്നിരുന്നു. നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ എന്നിവരാണുള്ളത്. കേസിൽ നേരത്തെ എൻ.ഐ.എ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചു.
കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എൻ.ഐ.എ പറഞ്ഞു. കേസ് ഇനി 14ാം തിയ്യതി കോടതി പരിഗണിക്കും.
ചൈനക്കെതിരായ പോരാട്ടത്തില്‍ ട്രംപ് ഇന്ത്യക്കാപ്പം നില്‍ക്കുമോ? ഉറപ്പില്ലെന്ന് യു.എസ് മുന്‍ ദേശീയ ഉപദേഷ്ടാവ്
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നപക്ഷം, ചൈനക്കെതിരായ പോരാട്ടത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്കൊപ്പം നില്ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പുപറയാനാകില്ലെന്ന് യു.എസ് മുന്‍ ദേശീയ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഒരു ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് ബോള്‍ട്ടണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 2018 ഏപ്രില്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെ ട്രംപ് ഭരണകൂടത്തിനു കീഴില്‍ ദേശീയ ഉപദേഷ്ടാവായിരുന്ന ആളാണ് ബോള്‍ട്ടണ്‍.
ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായാല്‍ ഏത് രീതിയിലായിരിക്കും ട്രംപ് ഇന്ത്യയെ പിന്തുണക്കുകയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. എന്ത് നിലപാടെടുക്കണമെന്ന് ട്രംപിനുപോലും അറിയില്ലെന്നാണ് കരുതുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ വ്യാപാരണത്തിന്റെ കണ്ണിലൂടെയായിരിക്കും ട്രംപ് അതിനെ കാണുക. നവംബര്‍ തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ട്രംപ് വീണ്ടും ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്.
ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ വഷളാകുന്ന സാഹചര്യമാണെങ്കില്‍ ട്രംപ് ഏത് പക്ഷത്ത് നില്‍ക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെയോ ശത്രുതയുടെയോ ചരിത്രത്തെക്കുറിച്ച് ട്രംപിന് അറിയാമെന്നും കരുതുന്നില്ല. ഇക്കാര്യങ്ങള്‍ ആരെങ്കിലും വിശദീകരിച്ചു നല്കിയിട്ടുണ്ടാകാം. എന്നാല്‍ ചരിത്രം മനസിലാക്കാന്‍ ട്രംപിന് കഴിയില്ലെന്നും ബോള്‍ട്ടണ്‍ അഭിപ്രായപ്പെട്ടു.