കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി; പൂന്തുറ സ്വദേശിയായ 63 കാരന്‍ മരിച്ചു

അതിതീവ്രമേഖലായ തിരുവനന്തപുരം പൂന്തുറയിൽ ആദ്യ കൊവിഡ് മരണം. മാണിക്യവിളാകം സ്വദേശിയായെ സെയ്ഫുദ്ദീനാണ് മരിച്ചത്. 63 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം. പ്രമേഹ, വൃക്കരോഗബാധിതനായിരുന്നു. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസന്റീവിന്റെ അച്ഛനാണ് സെയ്ഫുദീന്‍. ഇയാളുടെ മറ്റൊരു മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങലുടെ എണ്ണം 28 ആയി.

ചൈനയ്‌ക്കെതിരെ ഇന്ത്യയുടേത് ധീര നിലപാട്; യുഎസ് സെനറ്റര്‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൈനയോടു വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് അഭിമാനകരമെന്ന് അമേരിക്കയിലെ പ്രമുഖ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി. ചൈനയെ ഭയരഹിതമായി കൈകാര്യം ചെയ്യാൻ മറ്റു രാജ്യങ്ങള്‍ക്ക് ഇതു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷം ഈ തീക്കളി അവസാനിപ്പിക്കണം: ആരോഗ്യമന്ത്രി കെ കെ ശൈലജ

കേരളത്തിലെ പ്രതിപക്ഷം കൊവിഡ് കാലത്തുള്ള തീക്കളി അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. രണ്ട് തെറ്റുകളാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ സ്വര്‍ണക്കടത്ത് ആരോപിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണങ്ങള്‍ നടത്തുന്നു. രണ്ട് കോവിഡ് വ്യാപനം വിളിച്ചു വരുത്തുന്നു.

ഇപ്പോള്‍ ഈ കൊവിഡ് കാലത്ത് ലോകരാഷ്ട്രങ്ങളാകെ കടുത്ത തകര്‍ച്ചയിലാണ്. സമ്പന്ന രാജ്യമായ അമേരിക്കയില്‍ ചികിത്സിക്കാന്‍ പോലും പണമില്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ ഇന്‍ഷുറന്‍സിന് അപേക്ഷിച്ചു കാത്തു നില്‍ക്കുമ്പോഴും കേരളത്തിലെ ഗവ. ആശുപത്രികളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കി മാതൃക കാണിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് ചികിത്സയ്ക്ക് മാത്രം എത്ര കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചത് എന്നത് നമുക്ക് പിന്നീട് വിലയിരുത്താം. ഇപ്പോള്‍ അതിന്റെ സമയമില്ല. ജീവന്‍ രക്ഷിക്കുകയാണ് അടിയന്തര ലക്ഷ്യം. മുഖ്യമന്ത്രിക്കുനേരെ ആക്രോശിക്കുന്നവര്‍ നാടിന്റെ രക്ഷാകവചം തകര്‍ക്കുകയാണെന്ന് ഓര്‍ക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.

വന്ദേഭാരത് മിഷന്‍; പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 79 വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 38 എണ്ണവും കേരളത്തിലേക്കാണ്. ജൂലൈ 15 മുതല്‍ 31 വരെയുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ നിന്ന് 11 വിമാനങ്ങളും ദുബായില്‍ നിന്ന് 27 വിമാനങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ജൂലൈ 16 മുതല്‍ 31 വരെ നീളുന്ന ഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് മൊത്തം 20 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ 7 സര്‍വീസുകളാണ് കേരളത്തിലേക്ക് ഉള്ളത്.