യുഎഇയിലേക്കുള്ള മടങ്ങുന്ന പ്രവാസികളോട് അമിത നിരക്ക് ഈടാക്കി എയര്‍ ഇന്ത്യ

കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് സമീപകാലത്തൊന്നുമില്ലാത്ത കൂടിയ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ നാലിരട്ടിയില്‍ അധികം തുകയാണ് ബജറ്റ് എയര്‍ലൈന്‍ ഈടാക്കുന്നത്. ശനിയാഴ്ച മുതലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികള്‍ക്ക് മടങ്ങാന്‍ 15 ദിവസത്തേക്ക് അവസരമൊരുങ്ങിയത്. ദുബൈയിലേക്ക് പറക്കണമെങ്കില്‍ 29,650 രൂപ നല്‍കണം. ഷാര്‍ജയിലേക്ക് വണ്‍വേ ടിക്കറ്റിന് 24,650 രൂപയാണ് ഈടാക്കുന്നത്,
ജോലിയില്‍ പെട്ടെന്ന് പ്രവേശിക്കേണ്ടവര്‍, കേരളത്തില്‍ കുടുങ്ങിയ ബന്ധുക്കള്‍ തുടങ്ങി അത്യാവശ്യമുള്ളവരാണ് ഇപ്പോള്‍ യുഎഇയിലേക്ക് പോകാന്‍ തിടുക്കപ്പെടുന്നത്. ഇവരെയാണ് ദേശീയ വിമാനക്കമ്പനി പിഴിയുന്നത്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങള്‍ യുഎഇയിലേക്കുള്ള ഓഫ് സീസണാണ്. ആറായിരം മുതല്‍ ഏഴായിരം രൂപ വരെയായിരുന്നു കഴിഞ്ഞ വര്‍ഷം ഇക്കാലത്ത് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്.

കൊടുംകുറ്റവാളി വികാസ് ദുബേ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഉത്തര്‍ പ്രദേശില്‍ എട്ടുപോലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി വികാസ് ദുബേ കാണ്‍പുരില്‍ വെച്ച് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ ഉജ്ജയിനില്‍വെച്ച് വ്യാഴാഴ്ചയാണ് വികാസ് അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെയും കൊണ്ട് ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം കാണ്‍പുരില്‍ വെച്ച് മറിഞ്ഞു. തുടര്‍ന്ന് വികാസ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു വികാസ്.

‘സാമൂഹികവ്യാപനത്തിലേക്ക് അടുക്കുന്നു, നിര്‍ണ്ണായക ഘട്ടം’; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കേരളത്തില്‍ കൊവിഡ് 19 വൈറസ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനത്തില്‍ നിര്‍ണ്ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്. നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടം. സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയതോതില്‍ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു മത്സ്യമാര്‍ക്കറ്റില്‍ ഉണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലയിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. ഇത് തലസ്ഥാനത്ത് മാത്രമെന്ന് കരുതി മറ്റ് പ്രദേശങ്ങള്‍ ആശ്വസിക്കേണ്ടതില്ല.
കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തിനാകെ ബാധകമായതാണ് ഇതെന്നും പിണറായി പറഞ്ഞു.
അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ആള്‍ക്കൂട്ടം ഉണ്ടാകരുത്. ഇതിന് നാം നല്ല ഊന്നല്‍ നല്‍കണം. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധ ഉണ്ടായെന്ന് വരാം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നോക്കിയാല്‍ ചില പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്.
അതിന്റെ ഭാഗമായി സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയായി. ആള്‍ക്കൂട്ടത്തിനോട് എന്തെങ്കിലും വിപ്രതിപത്തി ഉണ്ടായിട്ടല്ല. ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം നാമെല്ലാവരും പ്രകടിപ്പിക്കണം. അത് നാടിന്റെ രക്ഷയ്ക്കും സമൂഹത്തില്‍ രോഗം വ്യാപിക്കാതിരിക്കാനും സ്വീകരിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും കാല്‍ലക്ഷം രോഗികള്‍ ; ആകെ മരണം 21,600

ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കാല്‍ലക്ഷത്തിലേറെ കോവിഡ് ബാധിതര്‍. ആകെ രോഗികള്‍ എട്ട് ലക്ഷത്തോടടുത്തു. വ്യാഴാഴ്ച രോഗികളുടെ എണ്ണം 25,000വും മരണം 450ഉം കടന്നു. ആകെ മരണം 21,600.
എന്നാല്‍ രാജ്യത്ത് എവിടെയും കോവിഡിന്റെ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ പ്രത്യേക ഉദ്യോഗസ്ഥന്‍(ഒഎസ്ഡി) രാജേഷ് ഭൂഷന്‍ അവകാശപ്പെട്ടു.
ഇന്ത്യയില്‍ വികസിപ്പിച്ചുവരുന്ന കോവാക്സിന്‍, സൈക്കോവ്– ഡി എന്നീ വാക്സിനുകള്‍ മൃഗങ്ങളില്‍ പരീക്ഷണഘട്ടം പൂര്‍ത്തീകരിച്ചുവെന്നും മനുഷ്യരിലെ പരീക്ഷണം വൈകാതെ ആരംഭിക്കുമെന്നും ഐസിഎംആര്‍ ശാസ്ത്രജ്ഞ നിവേദിത ഗുപ്ത അറിയിച്ചു.