ടിക്ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു
രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ചു. രാജ്യത്തിന്റെ;ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി;ഫോണ്‍ കമ്പനികളോട് ഈ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഏറ്റുമുട്ടലുണ്ടായതോടെ ആപ്ലിക്കേഷനുകള്‍ക്കുമേല്‍ നടപടി സ്വീകരിക്കുന്നത് ത്വരിതഗതിയിലായി.
രാജ്യത്ത് ഏറെ പ്രചാരമുള്ള ആപ്ലിക്കേഷനുകള്‍ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, എക്സെന്‍ഡര്‍, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
വിദ്യാഭ്യാസ ശാക്തീകരണം; കേരളമടക്കം 6 സംസ്ഥാനങ്ങള്‍ക്ക് 50 കോടി ഡോളര്‍ വായ്പ
കേരളമടക്കം രാജ്യത്തെ 6 സംസ്ഥാനങ്ങളില്‍ പൊതു വിദ്യാഭ്യാസത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനായി ലോകബാങ്ക് ഇന്ത്യക്ക് 50 കോടി ഡോളര്‍ വായ്പ അനുവദിച്ചു. സ്കൂളില്‍ നിന്നു ജോലിയിലേക്ക് എന്ന രീതിയില്‍ അധ്യയനരീതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശാക്തീകരണ പദ്ധതികള്‍ക്കാണിത്. സ്ട്രെങ്തനിങ് ടീച്ചിങ് ലേണിങ് ആന്‍ഡ് റിസല്‍റ്റ്സ് സ്റ്റേറ്റ്സ് പ്രോഗ്രാം (സ്റ്റാര്‍സ്) എന്ന പദ്ധതിക്കു കീഴിലാണ് തുക അനുവദിച്ചിരിക്കുന്നത്.
15 ലക്ഷം സ്കൂളുകളിലെ 10 ലക്ഷത്തിലേറെ അധ്യാപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയുള്ള സ്റ്റാര്‍സ് പദ്ധതിക്കു മുന്‍പ് പൊതു വിദ്യാഭ്യാസ നവീകരണത്തിനായി ഇന്ത്യയ്ക്ക് ലോകബാങ്ക് 300 കോടി ഡോളര്‍ അനുവദിച്ചിരുന്നു.
അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക് ഇന്ത്യ
മാര്‍ച്ച് 26-ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി അണ്‍ലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ഭാരത സര്‍ക്കാര്‍.
ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും എന്നതാണ് നിര്‍ണായക പ്രഖ്യാപനം. മെട്രോ സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാവില്ല. എന്നാല്‍ അഭ്യന്തര ട്രെയിന്‍ സര്‍വ്വീസുകളും വിമാന സര്‍വ്വീസുകളും കൂടുതല്‍ സജീവമാകും. അതേസമയം വന്ദേഭാരത് മിഷന് കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസര്‍വ്വീസുകള്‍.
രാഷ്ട്രീയ-സാംസ്കാരിക-സ്വകാര്യ കൂട്ടായ്മകള്‍ക്കുള്ള നിയന്ത്രണം അതേരീതിയില്‍ തുടരും. ബാറുകളും അടഞ്ഞു കിടക്കും. രാത്രി കര്‍ഫ്യു 10 മണി മുതല്‍ 5 വരെയാക്കി കുറച്ചു. 65 വയസ് കഴിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ നിയന്ത്രണം തുടരും. സിനിമതിയേറ്റര്‍, ജിം എന്നിവ അടഞ്ഞു തന്നെ കിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി അധ്യയനം തുടരണം എന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്.
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് തീരുമാന പ്രകാരം മുന്‍ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നല്കി പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്ന് യുഡിഎഫ് കണ്‍വീനല്‍ ബെന്നി ബെഹന്നാന് പത്രസമ്മേളത്തില്‍ വ്യക്തമാക്കി.
അതേസമയം പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതികരണം. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം പറഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ഇതിന്റെ ഫലം അനുഭവിക്കുമെന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നല്കി.
അതേസമയം, ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് തീരുമാനത്തെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. ഇത് നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞു.
ചൈനയില്‍ അപകടകാരിയായ പുതിയ ഇനം പന്നിപ്പനി വൈറസ് കണ്ടെത്തി
മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു വൈറസിനെക്കൂടി ചൈനയില്‍ കണ്ടെത്തി. ;പുതിയൊരിനം പന്നിപ്പനി വൈറസിനെയാണ് തിരിച്ചറിഞ്ഞതെന്ന് ചൈനീസ് ഗവേഷകര്‍ അറിയിച്ചു. മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്കി.
2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ അറിയിച്ചു. കൊവിഡ് 19 ലോകമാകെ പടര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് മറ്റൊരു വൈറസിന്റെ കൂടി സാന്നിധ്യം സ്ഥിരീകരിച്ചത്.