കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം പോലീസ് സുരക്ഷയില്‍ അര്‍ധരാത്രിയില്‍ സംസ്‌കരിച്ചു

കോവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം റോഡ് ഉപരോധത്തിനും മണിക്കൂറുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ പോലീസ് സുരക്ഷയില്‍ നടത്തി. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിച്ചത്. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ (83) സംസ്‌കാരമാണ് മുട്ടമ്പലത്ത് വന്‍പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ രാത്രി വൈകി നടത്തിയത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഔസേപ്പിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ആരംഭിച്ചത്. മുട്ടമ്പലത്ത് സംസ്‌കരിക്കുന്നത് അവിടുത്തെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു. മരിച്ചയാളെ അടക്കാന്‍ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയത്. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടമാണ് നാട്ടുകാര്‍ അടച്ചത്. പൊലീസ് വന്ന് വേലി നീക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധക്കാരുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തി. കൗണ്‍സിലര്‍ അടക്കമുള്ളവരെ കളക്ടറേറ്റിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ സംസ്‌കാരം മാറ്റിവയ്ക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
തുടര്‍ന്ന് രാത്രി പതിനൊന്നു മണിയോടെ കൂടുതല്‍ പൊലീസുകാരെ എത്തിച്ചശേഷമാണ് സംസ്‌കാരം നടത്തിയത്. രാത്രി 10.57 ന് ആരംഭിച്ച സംസ്‌കാരച്ചടങ്ങ് 11.16 ന് അവസാനിച്ച ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്.

കേരളത്തില്‍ 927 പേര്‍ക്ക് കോവിഡ്; 733 സമ്പര്‍ക്കരോഗികള്‍, 67 പേരുടെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതര്‍ 14 ലക്ഷം കടന്നു. രണ്ടുദിവസത്തിനിടെ പുതുതായി ലക്ഷം രോഗികള്‍. കോവിഡ് മരണം 32,700 കടന്നു.

ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ. പ്രത്യേക സംഘമെത്തി

സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും. ഇതിനായി എന്‍.ഐ.എ.യുടെ പ്രത്യേകസംഘം കൊച്ചിയിലെത്തി. തിങ്കളാഴ്ച എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ വൈകുന്നേരം അഞ്ചിന് ഹാജരാകണമെന്നാണ് ശിവശങ്കറിനോട് നിര്‍ദേശിച്ചിട്ടുള്ളത്.
എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യംചെയ്യുക. എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തും. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കര്‍ എന്‍.ഐ.എ.യ്ക്കും കസ്റ്റംസിനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും.

പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതി ഉത്തരവ്

എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ബി ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
എന്‍എംസി, ബിആര്‍ ഷെട്ടി എന്നിവര്‍ക്കെതിരെ 2013 ല്‍ 8.4 മില്യണ്‍ ഡോളര്‍ (31 മില്യണ്‍ ദിര്‍ഹം) വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്ക് കേസ് ഫയല്‍ ചെയ്തിരുന്നു. 2013 ല്‍ തയാറാക്കുകയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പരിഷ്‌ക്കരിക്കുകയും ചെയ്ത കരാര്‍ പ്രകാരം നല്‍കിയ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ പരാതി. ബി ആര്‍ ഷെട്ടിയുടെ അബുദാബിയിലേയും ദുബായിലേയും ആസ്തികള്‍, എന്‍എംസി ഹെല്‍ത്ത്, ഫിന്‍ബ്ലര്‍, ബിആര്‍എസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളിലെ ഓഹരികളാണ് മരവിപ്പിക്കുന്നത്.
‘സാധാരണ ജീവിതച്ചെലവുകള്‍ക്കും നിയമോപദേശത്തിനും പ്രാതിനിധ്യത്തിനുമായി ന്യായമായ തുക” ക്കായി ഓരോ ആഴ്ചയും 7,000 ഡോളര്‍ വരെ ചെലവഴിക്കാന്‍ ഉത്തരവ് അനുവദിച്ചിട്ടുണ്ടെന്ന് ഡിഐഎഫ്‌സി കോടതി രേഖ വ്യക്തമാക്കുന്നു. നിലവിലുള്ള വ്യവഹാര നടപടികളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് വ്യക്തമാക്കി.
തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ മുന്‍ എക്‌സിക്യൂട്ടീവുകളുടെ ഒരു ചെറിയ സംഘം നടത്തിയ തട്ടിപ്പിന് താന്‍ ഇരയാണെന്ന് ഏപ്രിലില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഷെട്ടി പറഞ്ഞിരുന്നു. തന്റെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായും ഇടപാടുകള്‍ നടത്താതെ തന്നെ വ്യാജ ഒപ്പ് ഉപയോഗിച്ച് വായ്പകള്‍, ചെക്കുകള്‍, ബാങ്ക് ഇടപാടുകള്‍ എന്നിവയും നടന്നതായി ഷെട്ടി പറഞ്ഞിരുന്നു.

വന്ദേ ഭാരത് മിഷന്‍ അഞ്ചാംഘട്ടം ആഗസ്റ്റ് ഒന്നുമുതല്‍; 814,000 പേര്‍ ഇതുവരെ മടങ്ങിയെത്തിയെന്ന് കേന്ദ്രം

വന്ദേ ഭാരത് മിഷന്റെ അഞ്ചാംഘട്ടം ആഗസ്റ്റ് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ ഈ ഘട്ടത്തില്‍ രാജ്യത്തേക്കെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ 814,000 പേരെയാണ് രാജ്യത്തെത്തിച്ചെന്നും മന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
അഞ്ചാംഘട്ടത്തില്‍ യുഎസ്എ, കാനഡ, ഖത്തര്‍, ഒമാന്‍, യുഎഇ, സിങ്കപ്പൂര്‍, യുകെ, പാരിസ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ തിരികെയെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.