കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയില്‍ രാജ്യം
ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി ഓര്‍മ്മപ്പെടുത്തുന്ന കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്. 1999 മേയ് മുതല്‍ ജൂലൈ വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാക്സ്ഥാനു മേല്‍ വിജയം നേടിയത്. ‘ഓപ്പറേഷന് വിജയ്’ എന്ന പേരില്‍ കരസേനയും ‘ഓപ്പറേഷന് സഫേദ് സാഗര്‍’ എന്ന പേരില്‍ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവില്‍, ജൂലൈ 26നു കാര്‍ഗിലില്‍ മലനിരകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക പാറി. ഇന്ത്യന്‍ വിജയത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ ഓര്‍മയിലാണ് ജൂലായ് 26-‘കാര്‍ഗില്‍ വിജയദിവസ’മായി രാജ്യം ആചരിക്കുന്നത്.
1999 മേയിലാണ് യുദ്ധം തുടങ്ങിയത്. ജനറല്‍ പര്‍വേസ് മുഷറഫായിരുന്നു പാക് സേനാനായകന്. പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് യുദ്ധത്തിലേക്ക് നയിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 16000 മുതല്‍ 18000 വരെ അടി ഉയരത്തിലുള്ള കാര്‍ഗില്‍ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ചു.
പ്രദേശവാസികളായ ആട്ടിടയരില്‍നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ‘ഓപ്പറേഷന് വിജയ്’ ആരംഭിച്ചത്. പാക്കിസ്ഥാന് പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സേന തിരിച്ചുപിടിച്ചു.
രാജ്യത്തിനു വേണ്ടി ജീവന് ബലി നല്കിയ ധീര സൈനികര്‍ക്കു പ്രണാമമര്‍പ്പിച്ച് ഡല്‍ഹിയിലെ യുദ്ധസ്മാരകത്തില്‍ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പുഷ്പചക്രം അര്‍പ്പിക്കും.
കേരളത്തിലും കര്‍ണാടകയിലും ഐസിസ് ഭീകര സാന്നിധ്യം വര്‍ധിച്ചെന്ന് യുഎന്‍ റിപ്പോര്‍ട്ട്
കേരളത്തിലും കര്‍ണാടകയിലും ഇസ്ലാമിക ഭീകര സംഘടനയായ ഐസിസിന്റെ ശക്തമായ സാന്നിധ്യമെന്ന് യുഎന്‍ നിരീക്ഷണ സമിതി മുന്നറിയിപ്പ് നല്കി. ഇന്ത്യന്‍ ഉപഭൂഖണ്ഡ തീവ്രവാദ ഗ്രൂപ്പിലെ അല്‍-ക്വൊയ്ദയുമായി ബന്ധപ്പെട്ട ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്നുള്ള 150 മുതല്‍ 200 വരെ തീവ്രവാദികളാണ് മേഖലയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നത്. ഐസിസ്, അല്‍-ക്വൊയ്ദ, അനുബന്ധ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശോധന-ഉപരോധ നിരീക്ഷണ സംഘത്തിന്റെ 26-ാമത്തെ റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ വിവരങ്ങള്‍ ഉള്ളത്.
ഗ്രൂപ്പില്‍ ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മര്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് 150 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്തരിച്ച അസിം ഉമറിന്റെ പിന്‍ഗാമിയായ ഒസാമ മഹമൂദാണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്. മുന്‍ നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുന്നതിനായി ഈ പ്രദേശത്ത് പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുന്നതായി എക്യുഐഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐഎസ്ഐഎല്ലിന്റെ ഇന്ത്യന്‍ അനുബന്ധ സംഘടനയായ ഹിന്ദ് വിലയയില്‍ 180 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്ന് ഒരു അംഗരാജ്യ റിപ്പോര്‍ട്ട് ചെയ്തു.
കേരള- കര്‍ണാടക സംസ്ഥാനങ്ങളിലും ഗണ്യമായ എണ്ണം ഐഎസ്ഐഎല്‍ പ്രവര്‍ത്തകരുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്, ഐസിഎല്‍ അല്ലെങ്കില്‍ ദേഷ് എന്നും അറിയപ്പെടുന്നു) തീവ്രവാദ സംഘം ഇന്ത്യയില്‍ ഒരു പുതിയ ”പ്രവിശ്യ” സ്ഥാപിച്ചതായി അവകാശപ്പെട്ടു. കശ്മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം വന്ന ആദ്യ പ്രഖ്യാപനമാണിത്. ഭീകരരായ ഭീകരസംഘം അതിന്റെ അമാക് ന്യൂസ് ഏജന്‍സി വഴി പുറത്തുവിട്ട പുതിയ ബ്രാഞ്ചിന്റെ അറബി പേര് ”വിലയാ ഓഫ് ഹിന്ദ്” (ഇന്ത്യ പ്രവിശ്യ) എന്നാണ് പറഞ്ഞിരുന്നത്. അതേസമയം മുതിര്‍ന്ന ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന് ഭീകരരുടെ അവകാശവാദം നിരസിച്ചിരുന്നു. മുമ്പ്, കശ്മീരിലെ ഐസിസ് ആക്രമണം ”അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, സമീപ പ്രദേശങ്ങള്‍” എന്നിവയ്ക്കായി 2015 ല്‍ ആരംഭിച്ച ഖൊറാസാന്‍ പ്രവിശ്യാ ശാഖയുമായി ബന്ധപ്പെട്ടിരുന്നു.
സ്വര്‍ണം എത്തിയ ജൂണ്‍ 30 മുതല്‍ ജൂലായ് 5 വരെ സ്വപ്നയും അറ്റാഷെയും തമ്മിലുള്ള ഫോണ്‍ വിളി നൂറോളം തവണ
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത്.
അറ്റാഷേയുടേതെന്നു കരുതുന്ന രണ്ടുനമ്പറുകളില്‍നിന്നാണ് സ്വപ്നയ്ക്ക് തുടര്‍ച്ചയായി ഫോണ്‍വിളികളെത്തിയത്. സ്വപ്ന തിരിച്ചും വിളിച്ചിട്ടുണ്ട്. സ്വര്‍ണം എത്തിയ ജൂണ്‍ 30 മുതല്‍ ജൂലായ് അഞ്ചുവരെയുള്ള ദിവസങ്ങളില്‍ ഇരുവരും തമ്മിലുള്ള നൂറോളം തവണയാണ് ഫോണില്‍ സംസാരിച്ചത്. ജൂണില്‍ മിക്കദിവസങ്ങളിലും ഒന്നിലേറെ തവണയായിരുന്നു സംസാരം. കാര്‍ഗോയില്‍ പാഴ്സലെത്തിയ ജൂണ്‍ 30-നും അതിനുമുമ്പുള്ള ദിവസങ്ങളിലും ഒന്പതുതവണയിലധികമാണ് വിളിച്ചത്.
കസ്റ്റംസ്, പാഴ്സല്‍ തടഞ്ഞുവെച്ച ദിവസങ്ങളിലും ഇവര്‍ തമ്മില്‍ ഫോണ്‍ വിളിച്ചിട്ടുണ്ട്. ജൂലായ് മൂന്നിന് 20 തവണയാണ് ഇവര്‍ തമ്മില്‍ സംസാരിച്ചത്. അതേ ദിവസമാണ് പാഴ്സലില്‍ സ്വര്‍ണമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചത്. പാഴ്സലുകള്‍ പൊട്ടിച്ച് സ്വര്‍ണം പുറത്തെടുത്ത ജൂലായ് അഞ്ചിനും എട്ടു തവണയോളം ഇരുവരും സംസാരിച്ചു. ഇതിനു ശേഷമാണ് സ്വപ്നയുടെ ഫോണ്‍ സ്വിച്ച് ഓഫായതും ഒളിവില്‍ പോയതും.
അതേസമയം സ്വപ്നയുടെ ഒരു ഫോണിന്റെ വിവരം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇവര്‍ ഒന്നിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേരളത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ഈടാക്കാവുന്ന കൊവിഡ് ചികിത്സാ നിരക്ക് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സക്ക് ഈടാക്കേണ്ട നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു. പ്രതിദിന നിരക്ക് നിശ്ചയിച്ച് ഉത്തരവും പുറപ്പെടുവിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും , സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.
കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത്. ജനറല്‍ വാര്‍ഡ് 2300 രൂപ, , ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്.
വിവിധ കൊവിഡ് പരിശോധനകള്‍ തെരെഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ലാബുകളിലോ സ്വകാര്യ ലാബുകളിലോ ചെയ്യാവുന്നതാണ്. ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പേര്‍ട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ചികിത്സാ പ്രോട്ടോകോള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലുണ്ട്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഹിക്കുന്നതാണ്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന രോഗികളുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കേരളത്തില്‍ 1103 കൊവിഡ്; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് കഴിഞ്ഞദിവസം 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും പോസിറ്റീവായവരുടേതില് ഉള്‍പ്പെടുന്നു. കൂടാതെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന് (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 60 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്.