തെരഞ്ഞെടുക്കപ്പെട്ടാല്‍ യു.എസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തും: ജോ ബൈഡന്‍

തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍. ബീക്കണ്‍ ക്യാപിറ്റല്‍ പാര്‍ട്ണേഴ്സ് സി.ഇ.ഒയും ചെയര്‍മാനുമായ അലന്‍ ലെവന്‍താള്‍ സംഘടിപ്പിച്ച വിര്‍ച്ച്വല്‍ ധനശേഖരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.
അമേരിക്കയുടെയും ഇന്ത്യയുടെയും സുരക്ഷക്കായി മേഖലയില്‍ ഇന്ത്യ ഒരു ദ്വികക്ഷി പങ്കാളിയാകണം. സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം സുപ്രധാന ആവശ്യമാണ്. വൈസ് പ്രസിഡന്റായിരുന്ന എട്ട് വര്‍ഷത്തിനിടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചെയ്ത കാര്യങ്ങള്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം വിവരിച്ചു.

കടല്‍ക്കൊലക്കേസ്: ഇന്ത്യയില്‍ വിചാരണ സാധ്യമല്ല; ഇറ്റലി നഷ്ടപരിഹാരം നല്‍കണം

കേരളതീരത്ത് 2012-ല്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്താരാഷ്ട്ര കോടതി വിധിപ്രഖ്യാപിച്ചു. ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ സാധിക്കില്ല. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ട് ഉടമക്കും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ജീവഹാനി, ശാരീരിക ഉപദ്രവം, ധാര്‍മികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇന്ത്യയും ഇറ്റലിയും ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കണം. ഇരു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ട്രൈബ്യൂണലിന്റെ റൂളിംഗിനായി സമീപിക്കാമെന്നും പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഉത്തരവിട്ടു.
2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയിലെ നാവികര്‍ നടത്തിയ വെടിവെപ്പില്‍ അജേഷ്, വാലന്റൈന്‍ എന്നിങ്ങനെ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗിക ഭാഷ്യം. കേരള തീരത്തുനടന്ന സംഭവത്തില്‍ ഇറ്റാലിയന്‍ സായുധ നാവികരായ മാസിമിലിയാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിരോണ്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. 2012 ഫെബ്രുവരി 19ന് അറസ്റ്റ് ചെയ്തു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ലത്തോറിനെ ഇറ്റലിയിലേക്ക് പോകാന്‍ കോടതി അനുവദിച്ചു. ഇന്ത്യയില്‍ നാലുവര്‍ഷം തടവിനുശേഷം ജിറോണ്‍ മോചിതനായി. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കേസില്‍ അവസാന വാദം കേട്ടത്.

താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ ജൂലൈ ആറ് മുതല്‍ തുറക്കും

താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലൈ ആറ് മുതല്‍ തുറക്കുമെന്ന് സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍.
സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. ആന്ധ്രാപ്രദേശിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തിരുമല തിരുപ്പതി ക്ഷേത്രം കഴിഞ്ഞ മാസം തുറന്നിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് പി.പി.ഇ കിറ്റുകള്‍ നല്‍കിയതിന് ശേഷമാണ് ക്ഷേത്രം തുറന്നത്. ജീവനക്കാരും ഭക്തജനങ്ങളും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനത്തോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു.

സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനം അനുവദിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സൗദിഅറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 13,535 പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിഞ്ഞത്. സൗദിയില്‍ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടെങ്കിലും വന്ദേഭാരത് മിഷനില്‍ അനുവദിക്കപ്പെട്ട ഫ്ളൈറ്റുകള്‍ വളരെ കുറവാണ്. വന്ദേഭാരതില്‍ ആകെ 270 ഫ്ളൈറ്റുകള്‍ വന്നപ്പോള്‍ അതില്‍ 20 ഫ്ളൈറ്റുകള്‍ മാത്രമാണ് സൗദി അറേബ്യയില്‍ നിന്ന് എത്തിയത്.
സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ ശ്രമിക്കുന്നവരില്‍ അധികം പേരും ജോലി നഷ്ടപ്പെട്ടവരോ വിസയുടെ കാലാവധി കഴിഞ്ഞവരോ ഗര്‍ഭിണികളോ മറ്റു രോഗങ്ങളുള്ള വയോധികരോ ആണ്. ഇവരുടെ പ്രയാസം കണക്കിലെടുത്ത് വന്ദേഭാരത് മിഷനില്‍ സൗദിഅറേബ്യയില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
വിദേശ നാടുകളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്താന്‍ ആകെ 5,40,180 പേരാണ് രജിസ്റ്റര്‍ ചെയ്തത്. എല്ലാവരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടും 1,43,147 പേര്‍ക്ക് മാത്രമാണ് ഇതുവരെ തിരിച്ചെത്താന്‍ കഴിഞ്ഞത്. സ്വകാര്യ ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഏര്‍പ്പെടുത്താന്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ബിഹാറില്‍ മിന്നലേറ്റ് 26 മരണം

ബിഹാറില്‍ ഇടിമിന്നലേറ്റ് 26 മരണം. ഏഴ് ജില്ലകളിലായാണ് 26 പേര്‍ മരിച്ചത്. പാട്ന, ഈസ്റ്റ് ചമ്പാരന്‍, സമസ്തിപൂര്‍, ഷ്യോഹാര്‍, കടിഹാര്‍, മാധേപുര, പൂര്‍ണ്ണിയ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
പ്രകൃതിദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യപിച്ചു.
ബിഹാറില്‍ ഇടിമിന്നലേറ്റുള്ള മൂന്നാമത്തെ അപകടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 25നുണ്ടായ അപകടത്തില്‍ 92 പേര്‍ മരിച്ചിരുന്നു. 22 ജില്ലകളിലായാണ് 92 മരണം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 30 ന് 11 പേര്‍ക്കാണ് ഇടിമിന്നലേറ്റ് ജീവന്‍ നഷ്ടമായത്.