ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 7 മുതൽ 13 വരെ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും സാധാരണയിൽ കവിഞ്ഞ മഴയും തെക്കൻ കേരളത്തിൽ സാധാരണ മഴയയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കാലവർഷം ശക്തമാകും.
ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്.
നാളെ 11 ജില്ലകളിലും, തിങ്കൾ ചൊവ്വ ദിസസങ്ങളിൽ മുഴുവൻ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

കേരളത്തില്‍ സ്വർണ്ണവില ആദ്യമായി 40,000 രൂപയിലെത്തി

കേരളത്തിൽ സ്വർണവില കുതിച്ചുയർന്ന് പുതിയ ഉയരത്തിൽ. പവൻവില ആദ്യമായി വെള്ളിയാഴ്ച 40,000 രൂപയിലെത്തി. വ്യാഴാഴ്ചത്തെ 39,720 രൂപയിൽനിന്ന് 280 രൂപയുടെ വർധന. ഗ്രാമിന് 35 രൂപ ഉയർന്ന് 5000 രൂപയുമായി.
ഒരുവർഷംകൊണ്ട് 14,080 രൂപയുടെ വർധനയാണ് പവൻ വിലയിലുണ്ടായത്. ജൂലൈയിൽ മാത്രം 4200 രൂപ കൂടി. ഈ വർഷം ഇതുവരെ 10,920 രൂപ കൂടി.
പണിക്കൂലി, ജി.എസ്.ടി. തുടങ്ങിയ ചാർജുകൾ ഉൾപ്പെടെ ഒരു പവൻ ആഭരണം വാങ്ങാൻ ഇപ്പോൾ ചുരുങ്ങിയത് 45,000 രൂപ വേണ്ടിവരും.
കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന വെല്ലുവിളിയാണ് സ്വർണവിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഡോളറുമായുള്ള വിനിമയനിരക്കിൽ രൂപ ദുർബലമായി തുടരുന്നതും വിലവർധനയുടെ തോത് ഉയർത്തി. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുത്താൽ കേരളത്തിൽ പവൻവില 50,000 രൂപയിലെത്താനുള്ള സാധ്യത വിദൂരമല്ല.

ഇന്ത്യയിൽ രോ​ഗികള്‍ 17 ലക്ഷത്തിലേക്ക്‌; ഒറ്റ ദിവസം 55,000 രോഗികൾ

കോവിഡ്‌ വ്യാപനം തീവ്രമായതോടെ  ഇന്ത്യയിൽ ഒറ്റദിവസത്തെ രോ​ഗികളുടെ എണ്ണം  55,000 കടന്നു. 24 മണിക്കൂറിൽ (വ്യാഴം) 55,079 രോ​ഗികള്‍, 779 മരണം.
രണ്ടു ദിവസത്തില്‍ 1,07,558 രോ​ഗികള്‍, 1558 മരണം.
ആകെ രോ​ഗികൾ 17 ലക്ഷത്തോട് അടുത്തപ്പോള്‍  മരണം 37,000 ത്തിലേക്ക്‌.
ലോകത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ മൂന്നാമതും മരണത്തിൽ അഞ്ചാമതുമാണ്‌ ഇന്ത്യ.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഓഗസ്റ്റ് 31വരെ നീട്ടി

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഓഗസ്റ്റ് 31വരെ നീട്ടി സിവിൽ ഏവിയേഷൻ ഡയറക്ട്രേറ്റ് ഉത്തരവിറക്കി. അന്താരാഷ്ട്ര യാത്രകള്‍ വരുന്ന ഓഗസ്റ്റ് 31 രാത്രി 11.59 പിഎം വരെ നിര്‍ത്തലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ അനുവാദം ലഭിച്ച കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 22നാണ് ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയത്.
എന്നാല്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് ബബിള്‍സ് സര്‍വീസുകള്‍ രാജ്യം അനുവദിക്കും. ആദ്യഘട്ടത്തില്‍ ഇതില്‍ യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ് രാജ്യങ്ങളാണ് ഉള്‍പ്പെടുക. പിന്നീട് യുകെ, കാനഡ എന്നീ  രാജ്യങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഈ സംരംഭത്തില്‍ പങ്കാളികളായേക്കും. 

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കൊവിഡ്; 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുൻ ദിവസത്തെ 425 പേരുടേയും ഇന്നലത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ മുൻ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ.)
എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവര്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

പൊലീസ് നോക്കി നില്‍ക്കെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരത

ഡല്‍ഹിയില്‍ യുവാവിന് ഗോരക്ഷാപ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. പൊലീസും ആൾക്കൂട്ടവും നോക്കി നില്‍ക്കെയാണ് മാംസം കയറ്റിവന്ന വാഹനം തടഞ്ഞ് ക്രൂരമായി മര്‍ദിക്കുകയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്.
രാജ്യതലസ്ഥാനത്തിന് സമീപം ഗുരുഗ്രാമില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പിക്കപ്പ് വാന്‍ ഡ്രൈവറായ ലുഖ്മാന്‍ എന്ന യുവാവിനെയാണ് തല്ലിചതച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനികളുടെ ടവറുകള്‍ക്ക് സമീപത്ത് വെച്ചാണ് സംഭവം. പശുവിന്റെ മാംസം കടത്തി എന്നാരോപിച്ചായിരുന്നു ലുഖ്മാനെ മര്‍ദിച്ചത്.
മര്‍ദിച്ചവശനാക്കിയ ശേഷം ലുഖ്മാനെ പിക്കപ്പ് വാനില്‍ കെട്ടിയിട്ട് ബാഡ്ഷാപുര്‍ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മര്‍ദിച്ചു. ലുഖ്മാനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയില്‍ അക്രമികളുടെ മുഖമടക്കം വ്യക്തമാണെങ്കിലും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.