ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങള്‍ക്ക്, കൃത്യമായ കാരണം വെളിപ്പെടുത്താതെ, കുവൈറ്റ് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. വിലക്ക് വന്ന ഏഴു രാജ്യങ്ങള്‍ ഒഴിച്ചുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ യാത്രാ അനുമതി നല്‍കും.
ഇതുമായി ബന്ധപ്പെട്ട് കുവൈറ്റുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ശ്രീലങ്ക, ഇറാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്എന്നിവയാണ് വിലക്കപ്പെട്ട രാജ്യങ്ങള്‍ . പുതിയ തീരുമാന പ്രകാരം ഈ രാജ്യങ്ങളിലേക്കോ ഈ രാജ്യങ്ങളില്‍ നിന്നോ ഉള്ള കുവൈറ്റ് വിമാന സര്‍വീസുകള്‍ ആണ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.

പ്രളയ ഭീഷണി; സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

മണ്‍സൂണ്‍ മഴ ശക്തമായതോടെ സംസ്ഥാനത്ത് ഏതാണ്ട് എല്ലാ ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വരും ദിവസങ്ങളില്‍ പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി മന്ത്രി കെ കെ. ശൈലജ അറിയിച്ചു
സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അതാത് ദിവസങ്ങളില്‍ തന്നെ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് ന്യൂഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അതേസമയം, സോണിയ ഗാന്ധി പതിവ് പരിശോധനകള്‍ക്കാണ് എത്തിയതെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സോണിയ ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കൃത്രിമ രേഖയുണ്ടാക്കി ആറ് കോടിയുടെ അഴിമതി; നേവി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സിബിഐ

കൃത്രിമ രേഖയുണ്ടാക്കുകയും അതുവഴി 6.76 കോടിയുടെ തട്ടിപ്പു നടത്തുകയും ചെയ്ത നാല് നേവി ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് 16 പേര്‍ക്കെതിരെയും സിബിഐ അന്വേഷണം നടത്തും. നേവിയില്‍ ഐടി ഹാഡ്വെയറുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് വന്‍തോതില്‍ നടത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് ഐടി ഉപകരണങ്ങള്‍ വിതരണം ചെയ്തതിന്റെ പേരില്‍ 6.76 കോടി രൂപയുടെയുടെ ബില്ലുകളാണ് പ്രതികള്‍ സമര്‍പ്പിച്ചത്. സംശം തോന്നി ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
നേവി ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ അതുല്‍ കുല്‍ക്കര്‍ണ്ണി, ക്യാപ്റ്റന്‍ മന്ദര്‍ ഗോഡ്‌ബോലെ, ആര്‍പി ശര്‍മ്മ, കുല്‍ദീപ് സിങ് ബാഗേല്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ അന്വേഷണം. 2016ലായിരുന്നു കേസിനാസ്പദമായ ഏഴ് വ്യാജ ബില്ലുകള്‍ കൃത്രിമ രേഖ ഉണ്ടാക്കിയതിലൂടെ സമര്‍പ്പിക്കപ്പെട്ടത്.
തങ്ങളുടെ പ്രവൃത്തിയിലൂടെ ഈ ഉദ്യോഗസ്ഥര്‍ പൊതു ജനങ്ങളുടെ പണം ദുരുപയോഗം ചെയ്‌തെന്നും നാവിക സേനയുടെ മേലധികാരികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും സിബിഐ ആരോപിക്കുന്നു.
ഇവര്‍ ബില്ലില്‍ കാണിച്ചിരിക്കുന്ന ഉപകരണങ്ങള്‍ വെസ്റ്റേണ്‍ നേവല്‍ കാന്‍ഡിന് ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ സിബിഐയ്ക്ക് വ്യക്തമായി. മാത്രമല്ല, ഈ ബില്ലുകളുമായി ബന്ധപ്പെട്ട യാതൊരുവിധ നടപടിക്രമങ്ങലും പാലിച്ചിട്ടില്ലെന്നും ധന വിനിയോഗത്തിന് അനുമതിയില്ലെന്നും അന്വേഷണത്തില്‍ ഉറപ്പാകുകയും ചെയ്തു

കേരളത്തില്‍ 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗവിമുക്തി 794 പേര്‍ക്ക്

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 794 പേര്‍ക്ക് രോഗവിമുക്തി ഉണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാല്‍ ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൃശ്ശൂര്‍ – 83, തിരുവനന്തപുരം – 70, പത്തനംതിട്ട – 59, ആലപ്പുഴ – 55, കോഴിക്കോട് – 42, കണ്ണൂര്‍ – 39, എറണാകുളം- 34, മലപ്പുറം 32, കോട്ടയം – 29, കാസര്‍കോട് – 28, കൊല്ലം – 22, ഇടുക്കി – ആറ്, പാലക്കാ -ട് നാല്, വയനാട് മൂന്ന്. എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങിനെയാണ്; തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4
വിദേശത്ത് നിന്ന് കേരളത്തിലേക്ക് വന്ന 31 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 40 പേര്‍ക്കും 37 ആരോഗ്യപ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇവരില്‍ 29 പേരുടെ ഉറവിടം വ്യക്തമല്ല. അതേസമയം കോവിഡില്‍ സംസ്ഥാനത്ത് 2 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്.

മലയാള നടന്‍ അനില്‍മുരളി അന്തരിച്ചു

മലയാള ചലച്ചിത്ര നടന്‍ അനില്‍ മുരളി അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നാണ് അന്ത്യം.
സീരിയല്‍ രംഗത്ത് നിന്ന് എത്തിയ അനില്‍ എത്തിയ ഇരുനൂറോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം കന്യാകുമാരിയിലെ കവിയെന്ന ചിത്രമാണ്.

അമേരിക്കയേക്കാള്‍ സുരക്ഷിതം കേരളം’; വിസ കാലാവധി നീട്ടി നല്‍കണമെന്ന അമേരിക്കന്‍ പൗരന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു

കോവിഡ് കാലത്ത് അമേരിക്കയെക്കാള്‍ സുരക്ഷിതം കേരളമാണന്ന് ചൂണ്ടിക്കാട്ടി വിസ കാലാവധി നീട്ടി നല്‍കണമെന്ന അമേരിക്കന്‍ പൗരന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണന്ന് ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവില്‍ വ്യക്തമാക്കി.
ജൂണ്‍ 24 ലെ കണക്കുവച്ച് അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേറെയാണന്നും കേരളത്തില്‍ മരണം 20 മാത്രമാണന്നും അതിനാല്‍ 74 വയസ്സുള്ള തനിക്ക് കേരളമാണ് കൂടുതല്‍ സുരക്ഷിതമെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.
അമേരിക്കന്‍ പൗരനായ ജോണി പോള്‍ പിയേഴ്‌സ് ആണ് വിസ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഫെബ്രുവരി 26നാണ് വിസിറ്റിംഗ് വിസയില്‍ കേരളത്തില്‍ എത്തിയത്. ഓഗസ്റ്റ് 26ന് വിസ കാലാവധി അവസാനിക്കും.