ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് രാജ്യങ്ങളും എറ്റവും അടുത്ത ബന്ധം പുലര്‍ത്തേണ്ടതും പരസ്പരം സഹായിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക-ഇന്ത്യ സൗഹൃദം കഴിഞ്ഞ കാലങ്ങളില്‍ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ലോകത്തെ വേഗത്തില്‍ തിരിച്ചുവരാന്‍ സഹായിക്കുന്നതില്‍ ഈ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കുന്ന സമയമാണിത്. ഇനിയുള്ള കാലം ഇരു രാജ്യങ്ങളും പരസ്പര സഹായം വര്‍ധിപ്പിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണ്.
നിക്ഷേപം സുഗമമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധം, ബഹിരാകാശ ഗവേഷണം എന്നീ വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും വിവരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം.
യുഎസ് സെക്രട്ടറി മൈക് പോംപിയോ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, ഇന്ത്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.
കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കേണ്ടി വരും: മുഖ്യമന്ത്രി
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ 1000 കടന്നു. 1038 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032 ആയി. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 87 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേരും ഇന്നത്തെ കൊവിഡ് കണക്കില്‍ പെടുന്നു. 272 പേരാണ് ഇന്ന് രോഗമുക്തരായത്.
24 മണിക്കൂറിനിടെ 20847 സാമ്പിളുകള്‍ പരിശോധിച്ചു. 1,59,777 പേര് നിരീക്ഷണത്തിലുണ്ട്. 9031 പേരാണ് ആശുപത്രിയില്‍ ഉള്ളത്. ഇന്ന് 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8818 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്.
സ്വര്‍ണക്കടത്ത്: ഭീകരബന്ധത്തിനും നിക്ഷേപത്തിനും കൂടുതല്‍ തെളിവുകള്‍
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളുടെ ഭീകരബന്ധത്തിനും നിക്ഷേപങ്ങള്‍ക്കും കൂടുതല്‍ തെളിവുകള്‍ എന്‍.ഐ.എ.യ്ക്കു ലഭിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ. കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
വിദേശത്തുനിന്ന് ഭീമമായ തോതില്‍ സ്വര്‍ണം കടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണക്കടത്തിലൂടെ കിട്ടിയ പണം വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഭീകരപ്രവര്‍ത്തനത്തിലേക്ക് എത്തിയത്. തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ചിലരും ഇക്കൂട്ടത്തിലുണ്ടെന്നാണു സൂചന.
വിദേശത്തുനിന്ന് കടത്തിയ സ്വര്‍ണം എത്തിച്ചേര്‍ന്ന കേന്ദ്രങ്ങള്‍ കണ്ടെത്താനാണ് എന്‍.ഐ.എ. ഇപ്പോള്‍ ശ്രമിക്കുന്നത്. മലപ്പുറം സ്വദേശി റമീസും മൂവാറ്റുപുഴ സ്വദേശി ജലാലുമാണ് ഇവരിലേക്കുള്ള വഴികളെന്നാണ് എന്‍.ഐ.എ. കരുതുന്നത്.
12 ലക്ഷം രോഗികള്‍, 30,000 മരണം ; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ കുതിച്ചുകയറ്റം
രാജ്യത്ത് കോവിഡ് ബാധിതര്‍ 12 ലക്ഷം കടന്നു. മരണം മുപ്പതിനായിരത്തോടടുത്തു. രോഗികള്‍ പത്തുലക്ഷത്തില്‍നിന്ന് 12 ലക്ഷമായത് ആറുദിവസത്തിനുള്ളില്‍. ഒറ്റദിവസത്തെ മരണം 700 കടന്നു. ഓരോ മൂന്നുദിവസവും ഒരു ലക്ഷം രോഗികള്‍.
ആഗസ്ത് ആദ്യവാരത്തോടെ രോഗികള്‍ 20 ലക്ഷം കടന്നേക്കാം. ജൂലൈ ഒന്നുമുതല്‍ 21 വരെയുള്ള മൂന്നാഴ്ച ആറുലക്ഷത്തിലേറെ രോഗികള്‍. ജൂണ്‍ 30ന് രോഗികള്‍ 5.86 ലക്ഷം, 21 ദിവസംകൊണ്ട് ഇരട്ടിയിലേറെയായി. മൂന്നാഴ്ചയില്‍ 11361 മരണം.
ഒറ്റദിവസത്തെ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, ബംഗാള്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച ഏറ്റവും വലിയ കുതിപ്പുണ്ടായി. മഹാരാഷ്ട്രയില്‍ ആദ്യമായി ഒറ്റദിവസം രോഗികള്‍ പതിനായിരം കടന്നു. ആന്ധ്ര ആറായിരവും തമിഴ്നാട് അയ്യായിരവും കടന്നു.
ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനം; തുടരന്വേഷണത്തിന് കോടതിയുടെ അനുമതി
സ്കൂള്‍ വിദ്യാര്ഥികയെ അധ്യാപകന് പീഡിപ്പിച്ച പാലത്തായി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തലശേരി ജില്ലാകോടതിയാണ് ഇന്ന് ഉത്തരവിട്ടത്. പ്രോസിക്യൂഷന് കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടക്കം അടിസ്ഥാനത്തിലാണ് വിധി.
കേസിലെ കുറ്റപത്രത്തില്‍ നിരവധി അപാകതകള്‍ ഉണ്ടെന്നും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ അടക്കം അടിയന്തരമായി തന്നെ തുടരന്വേഷണം വേണമെന്നും ആയിരുന്നു കോടതിയില്‍ പ്രോസിക്യൂഷന് വാദിച്ചത്. കണ്ണൂര്‍ ജില്ലയിലെ പാലത്തായിയില്‍ 9 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് വീട്ടിലെത്തിച്ചു പീഢിപ്പിച്ചു എന്നതാണ് കേസ്. അതേസമയം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പരസ്യ പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ കൂടിയോ മറ്റ് പ്ലാറ്റ്ഫോമുകള് വഴിയോ നടത്തുന്നത് അടക്കം തടയണമെന്നും കോടതിയില്‍ പ്രതി ഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
വയനാട് മണ്ഡലത്തിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക്; 350 സ്മാര്‍ട്ട് ടിവികള്‍ കൂടി എത്തിച്ച് രാഹുല്‍ ഗാന്ധി
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത വയാനാട് മണ്ഡലത്തിലെ ആദിവാസികളായ പാവപെട്ട വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ടിവികള്‍ വീണ്ടും എത്തിച്ചുനല്‍കി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി.
മണ്ഡലത്തിലെ പഠന കേന്ദ്രങ്ങള്‍ക്കാണ് 350 ടിവികള്‍ രാഹുല്‍ എത്തിച്ചത്. ആദിവാസി ഊരുകളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സിന് വേണ്ടി ഡിവൈഎഫ്ഐ അടക്കം ടിവികള്‍ വിതരണം ചെയ്തിരുന്നു എങ്കിലും. പലയിടത്തും തികയാത്ത അവസ്ഥയാണ് ഉണ്ടായത്. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കുട്ടികളുടെ പഠനം ലക്ഷ്യമിട്ട് ഇത്രയധികം സ്മാര്‍ട്ട് ടിവികള്‍ എത്തിച്ചത്. പഠിച്ചുയരാന്‍ എന്നും കൂടെയുണ്ടെന്ന ആഹ്വാനത്തുടെയാണ് ടിവികള്‍ വിതരണം ചെയ്യുന്നത്.