ആപ്പുകള്‍ നിരോധിച്ചതില്‍ വിമര്‍ശനവുമായി ചൈന
ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യ ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന. സാമ്പത്തിക, വ്യാപാര സഹകരണത്തില്‍ ഇരുപക്ഷത്തുമുളള നേട്ടം മനസിലാക്കി വിവേചനപരമായ നടപടികള്‍ ഇന്ത്യ ഉപേക്ഷിക്കണം. നീതിപൂര്‍വമായ ബിസിനസ് അന്തരീക്ഷം ഇന്ത്യ ഒരുക്കണമെന്നും ഇന്ത്യയിലെ ചൈനീസ് നയതന്ത്ര കാര്യാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
നിരോധനത്തിനു പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക് ആപ് നീക്കം ചെയ്തു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയുള്‍പ്പെടെ ഒരു വിദേശ സര്‍ക്കാരിനും നല്‍കിയിട്ടില്ലെന്നു ടിക് ടോക് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തിയിലെ വീഴ്ചകളില്‍ നിന്നു മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് ആപ്പ് നിരോധനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
എസ്.എന്‍ കോളേജ് ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു
എസ്.എന്‍ കോളജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. 1997-98 കാലഘട്ടത്തില്‍ എസ്.എന്‍ കോളജ് ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ചെടുത്ത തുകയില്‍ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്. പതിനാറു വര്‍ഷത്തിനുശേഷം, ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആണ് ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങന്നത്.
കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം രണ്ടര മണിക്കൂലധികം നീണ്ട ചോദ്യംചെയലില്‍ വെള്ളാപ്പള്ളി നടേശനോട് ഫണ്ട് തട്ടിപ്പ് കേസിലെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
ആഘോഷകമ്മിറ്റിയുടെ കണ്‍വീറനറായിരുന്നു വെള്ളാപ്പള്ളി നടേശന്. ഫണ്ട് പിരിവ് പൂര്‍ത്തിയായി രണ്ട് വര്‍ഷത്തിന് ശേഷമാണ് പൊരുത്തക്കേടുകള്‍ എസ്എന്‍ ട്രസ്റ്റ് ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ആരും പരസ്യമായി ചോദ്യംചെയ്തില്ല. തുടര്‍ന്ന് ട്രസ്റ്റ് അംഗമായ പി സുരേന്ദ്രബാബുവാണ് 2004 ല്‍ ഹര്‍ജിയുമായി കൊല്ലം സിജെഎം കോടതിയെ സമീപിക്കുന്നത്.
ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എസ്പി ഷാജി സുഗണന്‍ എഡിജിപി ടോമിന് തച്ചങ്കരിക്ക് കൈമാറും. തുടര്‍ന്ന് റിപ്പോര്‍ട്ട് പഠിച്ച ശേഷം തച്ചങ്കരിയാകും ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. കേസ് അടുത്താഴ്ച വീണ്ടും കോടതി പരിഗണിക്കും.
ഇന്ത്യയില്‍ അരനൂറ്റാണ്ടിനിടെ ‘ഇല്ലാതായത് ‘ 4.58 കോടി പെണ്‍കുഞ്ഞുങ്ങള്‍
ആണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച് പെണ്കുഞ്ഞുങ്ങളോടുളള വിവേചനം ഉള്‍പ്പെടെ കാരണങ്ങളാല്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലോകത്തുനിന്ന് ഇല്ലാതായത് 14.26 കോടി സ്ത്രീകളെന്നും ഇവരില്‍ 4.58 കോടിയും ഇന്ത്യയിലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ലോകജനസംഖ്യ സ്ഥിതി റിപ്പോര്‍ട്ട്.
50 വര്‍ഷത്തിനിടെ ഇത്തരം സംഭവങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായെന്നും യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1970ല്‍ 6.1 കോടിയായിരുന്നെങ്കില്‍ 2020 ആയപ്പോഴേക്ക് 14.26 കോടിയായി 2013-17ല്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും 4.6 ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ വീതം ഇല്ലാതാക്കപ്പെട്ടു. ജനിക്കുന്നതിനു മുമ്പുള്ള ലിംഗനിര്ണയമാണു ഭൂരിപക്ഷം സംഭവങ്ങള്‍ക്കും പിന്നിലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആണ്-പെണ് അനുപാതത്തിലെ അന്തരം മൂലം, 2050 ആകുമ്പോഴേക്കും വധുക്കളെ കിട്ടാനില്ലാത്ത അവസ്ഥ രൂക്ഷമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 50 വയസ്സായിട്ടും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ അനുപാതം 10 ശതമാനമായി വര്‍ധിക്കും.
സൗദിയില്‍ മാസ്ക് ധരിക്കാത്ത മലയാളിക്ക് എട്ടുമണിക്കൂര്‍ ജയിലും 2500 റിയാല്‍ പിഴയും
ചായവാങ്ങാന്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് എട്ടുമണിക്കുര്‍ തടവും 2500 റിയാല്‍ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമില്‍നിന്ന് റിയാദില്‍ എത്തിയ എറണാകുളം സ്വദേശിക്കാണ് ഈ അനുഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് ഇദ്ദേഹം ദമ്മാമില്‍നിന്ന് റിയാദിലേക്ക് കാറോടിച്ച് പോയത്.
റിയാദിലെ ഉലയായില്‍ ചായയും സാന്റ്വിച്ചും വാങ്ങുന്നതിനിടയില്‍ പൊലീസിെന്റ സ്പെഷല്‍ സ്ക്വാഡ് മാസ്ക് ധരിക്കാത്തതന്റെ പേരില്‍ പിടികൂടി. തുടര്‍ന്ന് എട്ട് മണിക്കൂറിലധികം കസ്റ്റഡിയില്‍ സൂക്ഷിക്കുകയും മാസ്ക് ധരിക്കാത്തതിന് 1000 റിയാലും കാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ചെലവായി 1500 റിയാലും ചേര്‍ത്ത് 2500 റിയാല്‍ പിഴ ചുമത്തുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസ്തന്നെ സ്പോണ്‍സറെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചശേഷം താക്കീത് നല്കി ഇദ്ദേഹത്തെ വിട്ടയച്ചു.
കോവിഡ് : ഇന്ത്യയില്‍ മരണം 17000 ; ജൂണ്‍ മാസം രോഗികള്‍ 4 ലക്ഷം
ജൂണ്‍ മാസം ഇന്ത്യയില്‍ നാലു ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. പന്ത്രണ്ടായിരത്തോളം പേര് മരിച്ചു. ജൂണില്‍ മാത്രം രോഗികളും മരണവും ഇരട്ടിയിലേറെ വര്‍ധിച്ചു. ഈ തോത് തുടര്‍ന്നാല്‍ ജൂലൈ അവസാനത്തോടെ രോഗികള്‍ പത്തുലക്ഷം കടക്കും. മരണം മുപ്പതിനായിരത്തില്‍ എത്തും.
ജൂണ്‍ ഒന്നിനാണ് അടച്ചിടല്‍ അവസാനിപ്പിച്ച് മോഡി സര്‍ക്കാര്‍ അണ്‍ലോക് ഒന്നിന് തുടക്കമിട്ടത്. ഇക്കാലയളവില്‍ പ്രതിദിന രോഗികള്‍ 20,000 കടക്കുന്ന സാഹചര്യമെത്തി. പ്രതിദിന മരണം നാനൂറിലേറെയായി. ഓരോ ആറു ദിവസം കൂടുമ്പോഴും ലക്ഷം രോഗികള്‍ വീതമാണ് വര്‍ധിക്കുന്നത്.
രാജ്യത്ത് കോവിഡ് മരണം 17000 കടന്നു. രോഗികളുടെ എണ്ണം 5.86 ലക്ഷമായി. 2,15,125 പേരാണ് ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 18,522 പുതിയ കേസും 418 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.