സൗത്ത് ഫ്ലോറിഡ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിയാണ്. രാവിലെ ഏഴരയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്.
അക്രമി കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തു. പ്രാദേശിക സമയം 7.30 ആയിരുന്നു സംഭവം.
സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ദമ്പതികള്‍ അകന്നു കഴിയുകയായിരുന്നു. നോറ (രണ്ട് വയസ്സ്) മകളാണ്.

റഫാല്‍ വിമാനങ്ങള്‍ ഇന്ന് വ്യോമസേനയുടെ ഭാഗമാകും

അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. അമ്പാലയിലെ വ്യോമ താവളത്തില്‍ നടക്കുന്ന ചടങ്ങിലാണ് റഫാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. റഫാല്‍ വിമാനങ്ങള്‍ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അമ്പാലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
7000 കിലോമീറ്റര്‍ താണ്ടിയാണ് റഫാല്‍ എത്തുന്നത്. വിമാനം സ്വന്തമാകുമ്പോള്‍ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

തെറ്റ് തിരുത്തി ആപ്പ് നിരോധനം പിന്‍വലിക്കൂ; ഇന്ത്യയോട് ചൈന

ആപ്പ് നിരോധനം പിന്‍വലിക്കണമെന്ന് ഇന്ത്യയോട് ചൈനയുടെ അഭ്യര്‍ത്ഥന. നിരോധനം മനപൂര്‍വമുള്ള ഇടപെടലായിരുന്നു എന്നും ചൈനീസ് കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ചൈനീസ് എംബസി വക്താവായ കൗണ്‍സിലര്‍ ജി റോങ് വാര്‍ത്താ കുറിപ്പിലൂടെ വിശദീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 47 ആപ്പുകള്‍ കൂടി നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ അഭ്യര്‍ത്ഥന.
സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകള്‍ക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകള്‍ വിവരം ചോര്‍ത്തുന്നതായും വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ആപ്പുകള്‍ നിരോധിച്ചത്.
ജൂണ്‍ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലെ നിരോധനം.

കേരളത്തില്‍ 1167 പേര്‍ക്ക് കോവിഡ്; 55 പേരുടെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55. വിദേശത്തുനിന്ന് 122 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 33.
നാലു മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (70), ആലപ്പുഴയിലെ സൈനുദ്ദീന്‍ 65, തിരുവനന്തപുരത്തെ സെല്‍വമണി (65) എന്നിവരാണ് മരണമടഞ്ഞത്.

സെമിത്തേരിയില്‍ ചിതയൊരുങ്ങി; പുതിയ ചരിത്രം

പള്ളിസെമിത്തേരിയിലെ കല്ലറകള്‍ക്കിടയില്‍ ഒരുക്കിയ ചിത പുതിയ ചരിത്രമായി. മാരാരിക്കുളം സെന്റ് അഗസ്ത്യന്‍സ് പള്ളി സെമിത്തേരിയിലാണ് ചരിത്രത്തില്‍ ആദ്യമായി ചിതയൊരുങ്ങിയത്. പിന്നീട് ആലപ്പുഴ കാട്ടൂര്‍ സെന്റ്മൈക്കിള്‍സ് പള്ളി സെമിത്തേരിയിലും സമാനമായ ചിതയൊരുങ്ങി. ലത്തീന്‍ സഭ ആലപ്പുഴ രൂപതയാണ് സെമിത്തേരികളിലും കോവിഡ് മൃതദേഹം ദഹിപ്പിക്കാന്‍ തീരുമാനമെടുത്തത്. ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിലാണ് ഈ തീരുമാനത്തിന് മുന്‍കൈയെടുത്തത്. പരമ്പരാഗത രീതിയിലെ മാറ്റമായതിനാല്‍ റോമില്‍ നിന്നും അനുമതിയും തേടി.
തിങ്കളാഴ്ച്ച മരിച്ച കാനാശേരിയില്‍ ത്രേസ്യാമ്മ (62) യാണ് മാരാരിക്കുളം പള്ളിയിലെ സെമിത്തേരിയിലെ ചിതയില്‍ എരിഞ്ഞടങ്ങിയത്. കാട്ടൂര്‍ സെന്റ്മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍ തെക്കേത്തൈയ്യില്‍ മറിയാമ്മ (80) യെയും ദഹിപ്പിച്ചു. ചിതാഭസ്മം സെമിത്തേരികളില്‍ സംസ്‌കരിക്കുന്ന ചടങ്ങും നടന്നു. ബന്ധുക്കള്‍ക്ക് തുടര്‍ പ്രാര്‍ഥനകളും ഇവിടെ നടത്താം.
കോവിഡ് രോഗിയായി സംശയം തോന്നുവരുടെയടക്കം മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരമാണ് സംസ്‌കരിക്കേണ്ടത്. ഇതിനായി ചുരുങ്ങിയത് 12 അടി താഴ്ചയില്‍ കൂഴിയെടുക്കേണ്ടി വരും. ആലപ്പുഴ പോലുള്ള തീരമേഖലയില്‍ മഴക്കാലത്ത് ഇത് അപ്രായോഗിമാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ലത്തീന്‍ സഭയുടെ അത്യപൂര്‍വമായ തീരുമാനം.

ഫായിസിന് പാരിതോഷികം നല്‍കി മില്‍മ; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഫായിസ്

കടലാസ് പൂവ് നിര്‍മാണം തെറ്റിയപ്പോള്‍ നിഷ്‌കളങ്കമായ വാക്കുകളിലൂടെ മലയാളികളുടെ മൊത്തം ശ്രദ്ധ പിടിച്ചുപറ്റി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ആളാണ് നാലാം ക്ലാസുകാരനായ മുഹമ്മദ് ഫായിസ്. പേപ്പര്‍ പൂവ് നിര്‍മാണത്തിനിടെ നിഷ്‌കളങ്കമായി ഫായിസ് പറഞ്ഞ -ചെലോര്‍ത് റെഡിയാവും, ചെലോര്‍ത് റെഡിയാവൂല്ല, ഇന്റത് റെഡിയായില്യ എന്നാലും ഇനിക്കൊരു കൊഴപ്പുല്ല- എന്ന വാക്കുകള്‍ മലയാളികള്‍ക്ക് അത് ഒറ്റ ദിവസം കെണ്ട് ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയുമൊക്കെ അടയാളമാവുകയായിരുന്നു.
പലയിടത്തായി ട്രോളുകള്‍ ഉള്‍പ്പെടെ പലതവണ മലയാളികള്‍ ഉപയോഗിച്ച ആ വാചകം പരസ്യത്തിനായി ഉപയോഗിച്ച മില്‍മ ഫായിസിന് പാരിതോഷികം നല്‍കി. 10000 രൂപയും ആന്‍ഡ്രോയ്ഡ് ടിവിയും മുഴുവന്‍ മില്‍മ പ്രൊഡക്ടുകളും നല്‍കിയാണ് മില്‍മ നല്‍കിയത്. ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫായിസ് നല്‍കി.

ശിവശങ്കറിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു; സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന അടുത്താഴ്ച

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചൊവ്വാഴ്ച എന്‍.ഐ.എ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ശിവശങ്കറിനെ കൊച്ചിയിലെ എന്‍.ഐ.എ ഓഫിസില്‍ ചോദ്യം ചെയ്തത്. രാവിലെ പത്തോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയ ശിവശങ്കര്‍ ചോദ്യം ചെയ്യലിനുശേഷം രാത്രി 8.40ഓടെയാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങി. കഴിഞ്ഞദിവസം അഞ്ച് മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന എന്‍ഐഎ അടുത്തയാഴ്ച തുടങ്ങും. 2019 ജൂലൈ മുതലുളള ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ശേഖരിക്കുന്നത്. കളളക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാകാത്ത ചിലര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ പല തവണ എത്തിയെന്നാണ് നിഗമനം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കം ആരെയെങ്കിലും ഇവര്‍ കണ്ടിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണോയെന്ന് ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനിക്കും.