SHARE

ന്യൂഡൽഹി: ഇന്ത്യയിലെ നിയമസംവിധാനം പണമുള്ളവർക്കു പ്രയോജനപ്രദമാണെങ്കിലും രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറമാണെന്ന് ലോ കമ്മിഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ബി.എസ്. ചൗഹാൻ. തടവുകാരുടെ അവകാശങ്ങളെക്കുറിച്ചു നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസംവിധാനം വേണ്ടവിധത്തിൽ ഉപയോഗിക്കാനുള്ള ചെലവ് വളരെ വലുതാണ്. സങ്കീർണതകളും ഏറെയാണ്. നമ്മുടെ ജാമ്യ നിബന്ധനകളും സങ്കീർണത നിറഞ്ഞതാണ്. ഇതു പാവപ്പെട്ടവരെ ജയിലഴികൾക്കുള്ളിൽ കിടത്തും. വിചാരണ മുഴുവൻ അനുഭവിക്കേണ്ടിവരും. എന്നാൽ സമ്പന്നർക്ക് ജാമ്യം ലഭിക്കാൻ എളുപ്പമാണെന്നും ചൗഹാൻ പറഞ്ഞു.

സമ്പന്നർക്കും പാവപ്പെട്ടവർക്കും നിയമസംവിധാനത്തിൽ ഇടംകൊടുക്കുന്നതിൽ ‘വലിയ അഭിഭാഷകർ’ കാട്ടുന്ന വേർതിരിവിനെയും ചൗഹാൻ കുറ്റപ്പെടുത്തി. ടാക്സികൾപോലെ മണിക്കൂറുകൾക്കും ദിവസങ്ങൾക്കുമാണ് അവർ പണം ഈടാക്കുന്നത്.

പ്രാദേശിക ഭാഷകൾക്കു പകരം കോടതികൾ ഇംഗ്ലിഷ് ഉപയോഗിക്കുന്നതിനെയും നിയമ കമ്മിഷൻ എതിർത്തു. പ്രാദേശിക ഭാഷകളായാലേ പാവപ്പെട്ടവർക്കു മനസ്സിലാകൂ. കക്ഷികൾക്ക് മനസ്സിലാകാതെയുള്ള വാദപ്രതിവാദം പ്രസക്തമാണോയെന്നും അദ്ദേഹം ചോദിച്ചു.

ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഡൽഹി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, മനുഷ്യാവകാശ സംഘടനയായ കോമൺവെൽത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്നിവ തിഹാർ ജയിലുമായി ചേർന്നാണ് സെമിനാർ നടത്തിയത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡൽഹി ജയിൽ ഡിജിപിയും ചടങ്ങിൽ പങ്കെടുത്തു.

SHARE

NO COMMENTS

LEAVE A REPLY