SHARE

ബംഗളൂരു: ബംഗളൂരുവില്‍ മലയാളിവിദ്യാര്‍ഥിയെ കൂട്ടുകാരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കെങ്കേരി അജിനഹള്ളിയില്‍ താമസിക്കുന്ന ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍കുമാറിന്റെ മകനും ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ ശരത്താ(19)ണ് കൊല്ലപ്പെട്ടത്. ശരത്തിന്റെ സഹോദരിയുടെ സഹപാഠിയും അകന്നബന്ധുവുമായ വിശാലടക്കം നാലുപേരെ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്. വിശാല്‍ ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു.

ഈമാസം 12ന് വൈകിട്ട് പുതിയ ബുള്ളറ്റ് സുഹൃത്തുക്കളെ കാണിക്കാന്‍ പോയ ശരത് പിന്നീട് തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തിരിച്ചുവരുമെന്ന സന്ദേശമാണ് ലഭിച്ചത്. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും തുക നല്‍കി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശരത്തിന്റെ മൊബൈലില്‍നിന്ന് സഹോദരിക്ക് വാട്സാപ് വഴി മലയാളത്തിലും കന്നഡത്തിലുമായി വീഡിയോ സന്ദേശം ലഭിച്ചു. പണം നല്‍കിയില്ലെങ്കില്‍ സഹോദരിയെ അപായപ്പെടുത്തുമെന്നും വിവരം പൊലീസില്‍ അറിയിക്കരുതെന്നും അതില്‍ ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ വിവരം അന്നുതന്നെ പൊലീസിനെ അറിയിച്ചു.

കാറില്‍ വച്ചുതന്നെ ശരത്തിനെ കൊലപ്പെടുത്തിയതായി വിശാല്‍ പൊലീസിനോട് സമ്മതിച്ചു. കൊല നടത്തിയശേഷം കൈകാലുകള്‍ കെട്ടി ബംഗളൂരുവില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ രാമൊഹള്ളി തടാകത്തില്‍ ഉപേക്ഷിച്ചു. രണ്ടുദിവസത്തിനുശേഷം പൊന്തിവന്ന മൃതദേഹം ഇവര്‍ തടാകത്തിന് സമീപം കുഴിച്ചിട്ടു.

മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിശാല്‍ അടക്കം നാലുപേര്‍ പിടിയിലായത്. ശരത്തിന്റെ കൈയില്‍ നിന്നും വിശാല്‍ നാലുലക്ഷം രൂപ കടംവാങ്ങിയിരുന്നു. വിശാലിനുപുറമെ വിനയപ്രസാദ്, കിരണ്‍, വിനോദ്കുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

SHARE

NO COMMENTS

LEAVE A REPLY