SHARE

ജയ്പുര്‍: ആശ്രമത്തില്‍ വെച്ച് 21കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രാജസ്ഥാന്‍കാരനായ ഫലാഹാരി ബാബ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജയിലിലടച്ചു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഈ ആഴ്ച്ച ആദ്യം ബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ വൈദ്യപരിശോധനയില്‍ ബാബയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഫലവര്‍ഗ്ഗങ്ങള്‍ മാത്രം കഴിച്ച് ജീവിക്കുന്നയാളാണ് എന്ന അവകാശവാദത്തെ തുടര്‍ന്നാണ് കൗശലേന്ദ്ര പ്രപ്പനാചാര്യ ഫലഹാരി മഹാരാജ്, ഫലാഹാരി ബാബ എന്ന് അറിയപ്പെടാന്‍ കാരണം.

രക്ഷാബന്ധന്‍ ദിനമായ ആഗസ്ത് ഏഴിന് ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ രാത്രി പീഡിപ്പിച്ചെന്നാണ് പരാതി. ഛത്തീസ്ഗഡ് സ്വദേശിയായ യുവതി ജയ്പൂരില്‍ നിയമവിദ്യാര്‍ഥിനിയാണ്. ഫലാഹാരിയുടെ ശുപാര്‍ശയില്‍ യുവതിക്ക് ഡല്‍ഹിയില്‍ മുതിര്‍ന്ന അഭിഭാഷകന്റെ സ്ഥാപനത്തില്‍ പരിശീലനത്തിന്അവസരം ലഭിച്ചു. അതിനുകിട്ടിയ ആദ്യപ്രതിഫലമായ മൂവായിരം രൂപ ആശ്രമത്തിന് നല്‍കാനാണ് യുവതി എത്തിയത്. എന്നാല്‍, ഗ്രഹണദിവസമായ അന്ന് ആര്‍ക്കും ദര്‍ശനം നല്‍കില്ലെന്നറിയിച്ച ‘ബാബ’ യുവതിയെ അന്നവിടെ താമസിക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് രാത്രി യുവതിയെ ഇയാള്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ഗുര്‍മീത് റാം റഹീം സിങ്ങിനെ ബലാത്സംഗക്കുറ്റത്തിന് കോടതി 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതോടെയാണ് യുവതി സംഭവം പുറത്തുപറയാന്‍ തയ്യാറായതെന്നും ബിലാസ്പുര്‍ പൊലീസ് ഓഫീസര്‍ അര്‍ച്ചന ഝാ അറിയിച്ചു.

SHARE

NO COMMENTS

LEAVE A REPLY